ചുമ്മാ പുറത്തിറങ്ങല്ലേ.... പോലീസും പട്ടാളവുമല്ല, പ്രേതങ്ങൾ തന്നെ പിടികൂടും, കൊറോണയെ തടയാൻ ലോക്ക് ഡൗണില്ലാത്ത ഇന്തോനേഷ്യയില്‍ വേറിട്ട രീതി

 


ജക്കാർത്ത: (www.kvartha.com 13.04.2020) കൊറോണക്കാലത്ത് രാത്രിസമയങ്ങളിൽ പുറത്തിറങ്ങിയാൽ പോലീസും പട്ടാളമൊന്നുമല്ല പിടിക്കുക, മറിച്ച് പ്രേതങ്ങൾ തന്നെയായിരിക്കും. നിയന്ത്രണങ്ങൾ പാലിക്കാത്തവരെ പ്രേതങ്ങൾ കൂട്ടമായെത്തി ഓടിക്കും. ഇതോടെ പേടിപ്പനി പിടിക്കുന്നവർ 14 ദിവസമല്ല, ജീവിതകാലം മുഴുവനും രാത്രിസമയങ്ങളിൽ വീട്ടിൽ നിന്നിറങ്ങില്ല. ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ കേപു ഗ്രാമത്തിൽ നടപ്പാക്കിയ  "പ്രേതനാടകം" വൻവിജയമായതോടെ മറ്റിടങ്ങളിലും പരീക്ഷിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

കോവിഡ്​ ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടും ലോക്​ഡൗണ്‍ പ്രഖ്യാപിക്കാത്ത ഇന്തോനേഷ്യയില്‍ ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ ഒരു ഗ്രാമം വേറിട്ട വഴിയാണ്​ പരീക്ഷിക്കുന്നത്​. ഇടക്കിടെ ഒറ്റക്കും കൂട്ടായും ചെറുപ്പക്കാർ അടക്കമുള്ളവർ പുറത്തിറങ്ങി അലയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അലഞ്ഞുതിരിയുന്ന പ്രേതങ്ങളെ തന്നെ രംഗത്തിറക്കിയാണ്​  യുവാക്കളുടെ കൂട്ടായ്​മയും പൊലീസും ചേര്‍ന്ന്​ പ്രതിരോധം തീര്‍ക്കുന്നത്​.


ചുമ്മാ പുറത്തിറങ്ങല്ലേ.... പോലീസും പട്ടാളവുമല്ല, പ്രേതങ്ങൾ തന്നെ പിടികൂടും, കൊറോണയെ തടയാൻ ലോക്ക് ഡൗണില്ലാത്ത ഇന്തോനേഷ്യയില്‍ വേറിട്ട രീതി

ജാവ ദ്വീപിലെ കേപു ഗ്രാമത്തിലാണ് പ്രേത വേഷം ധരിച്ച ആള്‍ക്കാര്‍ തെരുവിലെ രാത്രി പരിശോധനക്ക്​ ഇറങ്ങിയിരിക്കുന്നത്. ഇന്തോനേഷ്യൻ നാടോടി കഥകളിലെ 'പോകോങ്​' പ്രേതങ്ങളാണ്​ തെരുവില്‍ രാത്രി കാവല്‍ ഏറ്റെടുത്തിരിക്കുന്നത്​. വെറുതെ തെരുവില്‍ അലയാന്‍ ഇറങ്ങിയാല്‍ ഏത്​ നിമിഷവും ഇത്തരമൊരു പ്രേതം മുന്നിലേക്ക്​ ചാടി വീഴാം. ആദ്യഘട്ടത്തില്‍ ​'പോകോങ്​' പ്രേതങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെ അവയെ കാണാന്‍ ആളുകള്‍ ഇറങ്ങുന്ന അവസ്​ഥയായിരുന്നു. പ്രേതപരിപാടിയുടെ സംഘാടകര്‍ അപ്പോള്‍ രീതിയൊന്ന്​ മാറ്റി. അപ്രതീക്ഷിതമായി മുന്നിലേക്ക്​ ചാടിവീഴുന്ന പ്രേതങ്ങള്‍ പിന്നീട് ആളുകളെ ശരിക്കും പേടിപ്പിക്കാന്‍ തുടങ്ങി. ഇതോടെ ആൾക്കാർ ജീവനും കയ്യില്പിടിച്ച് ഓടുന്ന അവസ്ഥയിലേക്ക് മാറി.

പ്രേതപരിപാടി ശരിക്കും ഏശിയെന്നും നേരം ഇരുട്ടിയാല്‍ ആളുകള്‍ പുറത്തിറങ്ങുന്നത്​ വളരെയധികം കുറഞ്ഞുവെന്നും അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട ചെയ്തു. ഇന്ത്യോനേഷ്യയില്‍ 4241 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 373 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. മരണ നിരക്ക് കൂടിയിട്ടും രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഇന്ത്യോനേഷ്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം സാമൂഹിക അകലം പാലിക്കാനും സ്വയം നിയന്ത്രണം പാലിക്കാനും നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്.

കൊറോണയുടെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച്‌​ ജനങ്ങള്‍ ബോധവാന്‍മാരല്ലെന്ന്​ കേപു ഗ്രാമ തലവന്‍ പ്രിയാദി പറയുന്നു. ജനങ്ങള്‍ക്ക്​ സാധാരണ ജീവിതം തുടരാനാണ്​ ആഗ്രഹം.​ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ അവര്‍ തയാറാകുന്നില്ലെന്നും പ്രേതങ്ങളെ കാവലിനിറക്കിയ കേപു ഗ്രാമത്തലവന്‍ പറയുന്നു.

Summary: Coronavirus: In Indonesia, 'ghosts' volunteers to keep people indoors
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia