Kuwait Fire | കുവൈത് സിറ്റിയിലെ തീപ്പിടിത്തം: 24 മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ച് നോര്‍ക; 14 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; നാട്ടിലെത്തിക്കാന്‍ 2 ദിവസമെടുക്കും

 
24 Keralites died in Kuwait fire tragedy, Kuwait, News, Kuwait fire tragedy, Dead Body, Identified, DNA Test, Norca,  World News


മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും

ആകെ 49 പേരാണ് മരിച്ചത്


കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍

കുവൈത്ത് സിറ്റി: (KVARTHA) കഴിഞ്ഞദിവസം തെക്കന്‍ കുവൈതിലെ മംഗഫിലില്‍ കംപനി ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ച് നോര്‍ക സിഇഒ അജിത് കോളശേരി. കുവൈതിലെ നോര്‍ക ഡെസ്‌കില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ 14 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 

മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കല്‍ നൂഹ് (40), മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എംപി ബാഹുലേയന്‍ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. 

പത്തനംതിട്ട -4, കൊല്ലം - 3, കാസര്‍കോട്, മലപ്പുറം, കോട്ടയം 2 വീതം, കണ്ണൂര്‍ -1 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്. കാസര്‍കോട് തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബു(29), പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് എസ് നായര്‍, കൊല്ലം സ്വദേശി ശമീര്‍ ഉമറുദ്ദീന്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി പിവി മുരളീധരന്‍ (54) , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48), പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മന്‍, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. 

മെകാനികല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ശ്രീഹരി കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ജോലിക്കായി കുവൈതിലെത്തിയത്. മുന്‍ പെരിന്തല്‍മണ്ണ ബ്ലോക് പഞ്ചായത് മെമ്പറായിരുന്ന മരക്കാടത്ത് പറമ്പില്‍ വേലായുധന്റെ മകനാണ് ബാഹുലേയന്‍. അഞ്ച് വര്‍ഷത്തോളമായി കുവൈതിലാണ്. കുവൈതിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച മലയാളികള്‍. 

മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. ബുധനാഴ്ച പുലര്‍ചെ നാലരയോടെയുണ്ടായ ദുരന്തത്തില്‍ ആകെ 49 പേരാണ് മരിച്ചത്. 

കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടാന്‍ ശ്രമിച്ചവരും വിഷവാതകം ശ്വസിച്ചവരുമാണ് മരിച്ചവരില്‍ ഭൂരിഭാഗം പേരും. ചികിത്സയിയിലുള്ളവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് കെട്ടിട, കംപനി ഉടമകള്‍, ഈജിപ്ഷ്യന്‍ സ്വദേശിയായ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia