Weather | കാലാവസ്ഥ വില്ലനാകുന്നു; ഓരോ കൊല്ലവും 2.5 ലക്ഷം മരണം സംഭവിക്കുമെന്ന് ലോകാരോഗ്യസംഘടന; സമഗ്ര ആരോഗ്യ സമ്പ്രദായത്തിന് പ്രാധാന്യം കൂടുന്നു

 
Weather


കാലാവസ്ഥയെ ചെറുക്കുന്നതിന് എല്ലാ രാജ്യങ്ങളും ആരോഗ്യ സമ്പ്രദായം സൃഷ്ടിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു

അർണവ് അനിത 

(KVARTHA) കാലാവസ്ഥാ വ്യതിയാനം ലോകത്തെയാകെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ സാമൂഹ്യ-സാമ്പത്തിക-ആരോഗ്യ മേഖലകളെയെല്ലാം ഇത് ദുര്‍ബലമാക്കുന്നു. ഉഷ്ണതരംഗം ഉത്തരേന്ത്യയെ ആകെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. റിക്ഷാ തൊഴിലാളികള്‍, കര്‍ഷകര്‍, മറ്റ് തൊഴിലാളികള്‍, ഫാക്ടറികളിലും മറ്റും പണിയെടുക്കുന്നവര്‍ അങ്ങനെ സാധാരണ ജനങ്ങളെയാകെ സാമ്പത്തികമായും ശാരീരികമായും ഇത് പിടിച്ചുലയ്ക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിംഗ് ദിവസം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 30ലധികം പേരാണ് യുപിയില്‍ മാത്രം ഉണ്ഷതരംഗത്തില്‍ കൊല്ലപ്പെട്ടത്. 

ചൂട് തിളച്ചുമറിയുന്നതിന് അനുസരിച്ച് മനുഷ്യരുടെ ശാരീരിക പ്രശ്‌നങ്ങളില്‍ വ്യതിയാനം സംഭവിക്കും. ആമസോണിന്റെ ഗോഡൗണില്‍ ഉച്ചസമയത്ത് ജോലി എടുക്കാനാവില്ലെന്ന് കാട്ടി തൊഴിലാളികള്‍ മാനേജ്‌മെന്റിന് കഴിഞ്ഞയാഴ്ച കത്തയച്ചിരുന്നു. അത്രയ്ക്ക് അസഹനീയമായി ചൂട് മാറിയിരിക്കുന്നു. രാജ്യത്ത് ഉഷ്ണതരംഗത്തില്‍ മരണപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുകള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല.  പല സംസ്ഥാനങ്ങളും ഇതിനുള്ള കര്‍മപദ്ധതികള്‍ പോലും തയ്യാറാക്കിയിട്ടില്ല.

കാലാവസ്ഥ മാറ്റം കാരണമുണ്ടാകുന്ന കൊതുക് ജന്യ രോഗങ്ങള്‍ നിമിത്തം 2023ല്‍ ഏഴ് ലക്ഷത്തിലധികം പേര്‍ മരിച്ചെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിരോധ നടപടികള്‍ അടിയന്തരമായി സ്വീകരിച്ചില്ലെങ്കില്‍ മരണസംഖ്യ ഇനിയും കൂടുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിക്കാവുന്ന പ്രദേശങ്ങളില്‍ 3.6 ബില്ല്യണ്‍ ജനങ്ങള്‍ താമസിക്കുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 2030നും 2050നും ഇടയില്‍ കാലാവസ്ഥ വ്യതിയാനം കാരണം ഉണ്ടാകുന്ന പോഷകാഹാരക്കുറവ്, മലേറിയ, വയറിളക്കം, ചൂട് സൃഷ്ടിക്കുന്ന ക്ഷീണം എന്നിവ നിമിത്തം ഓരോ വര്‍ഷവും 2,50,000 പേര്‍ കൂടുതലായി മരിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ 2023ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥയെ ചെറുക്കുന്നതിന് എല്ലാ രാജ്യങ്ങളും ആരോഗ്യ സമ്പ്രദായം സൃഷ്ടിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു. ഇതനുസരിച്ച് ആരോഗ്യ സംരക്ഷണത്തിനായി കാലാവസ്ഥ കര്‍മപദ്ധതിയുടെ കരട് തയ്യാറാക്കാന്‍ പല സംസ്ഥാനങ്ങളും ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 'കോവിഡിന് ശേഷം നാമെല്ലാം ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ ബോധവാന്മാരായി, കൂടുതല്‍ പേരില്‍ ഇനിയും അവബോധം സൃഷ്ടിക്കേണ്ടതുണ്ട്' ബോംബെ ഐഐടിയിലെ എര്‍ത് സിസ്റ്റം സയന്റിസ്റ്റ് രഘു മുര്‍ത്തുഗുഡെ പറയുന്നു. 

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിവരങ്ങളുടെ കുറവുണ്ട്. അതേസമയം കേരളം പോലുള്ള ചുരുക്കും ചില സംസ്ഥാനങ്ങള്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് ഉഷ്ണതരംഗത്തെ നേരിടാനായി കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്, അത് ഫലവത്തായി പ്രവര്‍ത്തിക്കുന്നുമുണ്ട്- രഘു പറയുന്നു.

'ആരോഗ്യ കേന്ദ്രീകൃതമായ ഒരു കാലാവസ്ഥാ കര്‍മപദ്ധതി വര്‍ത്തമാനകാലത്ത് അത്യന്താപേക്ഷിതമാണ്, ജനങ്ങളെ സംരക്ഷിക്കുന്നതിനും ആരോഗ്യപരമായി ഉണ്ടാകാവുന്ന പ്രതികൂല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും തുല്യത പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിരോധശേഷി വളര്‍ത്തുന്നതിനും ഒപ്പം നമ്മുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് കാലാവസ്ഥാ സംബന്ധമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സംവിധാനങ്ങള്‍ ഭാവിയില്‍ നിര്‍മ്മിക്കപ്പെടുമെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്' ഭാരതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി റിസര്‍ച്ച് ഡയറക്ടര്‍ അഞ്ജലി പ്രകാശ് നിര്‍ദേശിക്കുന്നു.

ഗവണ്‍മെന്റിന്റെ നാഷണല്‍ വണ്‍ ഹെല്‍ത്ത് മിഷന്‍, നന്നായി നടപ്പിലാക്കിയാല്‍, എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യപ്രശ്‌നങ്ങള്‍, കാലാവസ്ഥ അവയെ എങ്ങനെ ബാധിക്കുന്നു, നമ്മുടെ ആരോഗ്യത്തിലും അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ സൂക്ഷ്മമായി പരിശോധിച്ചാല്‍ വലിയ സഹായമാകുമെന്ന് സയന്റിസ്റ്റ് രഘു ചൂണ്ടിക്കാട്ടുന്നു. അനുയോജ്യമായ ആരോഗ്യ-കാലാവസ്ഥാ പ്രവര്‍ത്തന പദ്ധതിക്ക് വേണ്ടിയുള്ള നടപടികള്‍ മുന്നോട്ട് വയ്ക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധി പ്രധാന മേഖലകള്‍ സര്‍ക്കാര്‍ തലത്തിലുണ്ട്. സമഗ്രമായ ആരോഗ്യ-കേന്ദ്രീകൃത കാലാവസ്ഥാ പ്രവര്‍ത്തന പദ്ധതി നമ്മള്‍ പ്രാവര്‍ത്തികമാക്കണം. അതില്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇനി പറയുന്നത്: 

വായുഗുണനിലവാരം ഉറപ്പാക്കണം, വ്യവസായിക- ഗതാഗത മലിനീകരണം കുറയ്ക്കണം, പ്രതികൂല കാലാവസ്ഥ മൂലം ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ശുദ്ധജലവും ശുചിത്വ സൗകര്യങ്ങളും ഉറപ്പാക്കണം,  കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് നിര്‍ണായക മേഖലകളില്‍ മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങളും ദുരന്ത നിവാരണ സംവിധാനങ്ങളും ശക്തിപ്പെടുത്തണം,  ഡെങ്കിപ്പനിയും മലേറിയയും പോലെ കൊതുകുകള്‍ പരത്തുന്ന രോഗങ്ങളെ നിയന്ത്രിക്കണം, പ്രളയബാധിത മേഖലകളില്‍ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ സജീവമാക്കണം.

സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍, കാലാവസ്ഥ സംബന്ധിച്ച ആശങ്കകള്‍, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഗ്രാമീണ, നഗര പ്രദേശങ്ങളിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് അനുയോജ്യമായ സാഹയങ്ങള്‍ ഉറപ്പാക്കണം.  ഇവ തീര്‍ച്ചയായും പരിഹരിക്കപ്പെടേണ്ട പ്രധാന പ്രശ്നങ്ങളാണെങ്കിലും, ഓരോ സംസ്ഥാനവും അവരെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കുന്നതിന് വ്യക്തിഗത കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും രഘു മുര്‍ത്തുഗുഡെ ചൂണ്ടിക്കാട്ടുന്നു.

'ഉദാഹരണത്തിന്, പൂനെയില്‍, ഡെങ്കി മരണനിരക്ക് സൂക്ഷ്മമായി നിരീക്ഷിച്ചു, ഈര്‍പ്പം, മഴ, താപനില മുതലായവയുമായി ഇതിന്  ബന്ധമുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി. അതുപോലെ, ഗുജറാത്തിലെ സൂറത്തിലും അഹമ്മദാബാദിലും ടൈഫോയ്ഡ് കേസുകള്‍ നിരീക്ഷിച്ചപ്പോള്‍, അഹമ്മദാബാദിലാണ് കൂടുതല്‍ കേസുകളുണ്ടെന്ന് മനസ്സിലാക്കിയത്. സൂറത്തിനെ അപേക്ഷിച്ച് കൂടുതല്‍ വിഭവങ്ങളും മഴയുടെ കുറവും ചേരികളുടെ എണ്ണവും അഹമ്മദാബാദില്‍ കുറവാണ്. പക്ഷെ, ശുചിത്വം, ശുദ്ധമായ കുടിവെള്ളം എന്നിവയ്ക്കായി സൂറത്ത് കൂടുതല്‍ പണം ചെലവഴിക്കുന്നത് കൊണ്ടാണ് അവിടെ കേസുകളുടെ എണ്ണം കുറഞ്ഞത്. ഉത്തരേന്ത്യയില്‍, വായു മലിനീകരണം ഉണ്ടാകുമ്പോള്‍ കുട്ടികളില്‍ ആസ്ത്മ കേസുകള്‍ വര്‍ദ്ധിക്കുന്നു. ഇതും നിരീക്ഷിക്കേണ്ടതുണ്ട്. ' രഘു പറഞ്ഞു.

പ്രാദേശിക കാലാവസ്ഥ, താപനില, മഴ, ഈര്‍പ്പം, കാറ്റ്, കൊതുക് വളര്‍ച്ച തുടങ്ങിയവ നിരീക്ഷിച്ച് വേണം സമഗ്രമായ ആരോഗ്യ കേന്ദ്രീകൃത കാലാവസ്ഥാ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  സൂക്ഷ്മാണുക്കളുടെയും വൈറസുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമായ പ്രാദേശിക പാരിസ്ഥിതിക ഘടകങ്ങളും ജന്തുജന്യ രോഗങ്ങളും നിരീക്ഷിക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി, ഈ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയില്‍ ഒരു പകര്‍ച്ചവ്യാധി പ്രവചന കേന്ദ്രം സ്ഥാപിക്കണമെന്നും ഇദ്ദേഹം ശുപാര്‍ശ ചെയ്തിട്ടുണ്ട്.  സമുഹത്തിലെ ഏറ്റവും ദുര്‍ബലരായവര്‍ക്ക് എങ്ങനെ സഹായമെത്തിക്കാം എന്നതിനാണ് പ്രധാന്യം നല്‍കേണ്ടതെന്ന് അഞ്ജലി പ്രകാശ് ചുണ്ടിക്കാണിക്കുന്നു.

കാലാവസ്ഥ പ്രതികൂലഘടകമായി മാറുമ്പോഴും കേന്ദ്രസര്‍ക്കാരും പല സംസ്ഥാന സര്‍ക്കാരുകളും അത് ഗൗരവമായി എടുക്കുന്നില്ല. യുപി സര്‍ക്കാര്‍ തീര്‍ത്ഥാടന പാത നിര്‍മിക്കുന്നതിനായി ഏകദേശം 30,000ലധികം മരങ്ങളും ചെടികളും മുറിച്ചുമാറ്റാന്‍ തീരുമാനിച്ചതിനെതിരെ ദേശീയ ഹരിതട്രൈബ്യൂണല്‍ കേസെടുത്തത് കഴിഞ്ഞയാഴ്ചയാണ്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് അമേരിക്കയിലെ രണ്ട് സര്‍വകലാശാലകള്‍ 180 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയ്ക്ക് 176ാം റാങ്കാണ് ലഭിച്ചത്. കഴിഞ്ഞ തവണയിത് 180 ആയിരുന്നു. തുടര്‍ച്ചയായി ഏഴാം തവണ ഇന്ത്യ വളരെ മോശം പ്രകടനമാണ് നടത്തുന്നതെന്നും പഠനം പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia