മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്; 140 ആയാല്‍ ജാഗ്രതാ നിര്‍ദേശം
Jul 26, 2021, 09:02 IST
തൊടുപുഴ: (www.kvartha.com 26.07.2021) മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 142 അടിയിലെത്തിയാല്‍ അണക്കെട്ടിന്റെ ഷടെറുകള്‍ തുറക്കേണ്ടതിനാല്‍ അടിയന്തര മുന്‍കരുതല്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രതാ നിര്‍ദേശം നല്‍കും. 141ല്‍ എത്തിയാല്‍ രണ്ടാംഘട്ട മുന്നറിയിപ്പും പുറപ്പെടുവിക്കും. 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രതാ നിര്‍ദേശം നല്‍കി ഷടെറുകള്‍ തുറക്കും. ശക്തമായ മഴക്ക് സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച ജില്ലയില്‍ മഞ്ഞ അലേര്‍ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അണക്കെട്ടിന്റെ സ്പില്‍വേ ഷടെറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാര്‍പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്താനും ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.
ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ബന്ധപ്പെട്ട എല്ലാ വിലേജ് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കാനും നിര്‍ദേശിച്ചു. തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാല്‍ നിലവില്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നില്ല. ജലനിരപ്പ് കുറയ്ക്കാന്‍ കൂടുതല്‍ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്ത് നല്‍കി.
അതേസമയം ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 2368.90 അടിയാണ് ഞായറാഴ്ചത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 2333.76 അടിയായിരുന്നു. സംഭരണശേഷിയുടെ 62.93 ശതമാനം ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.