Cloud Burst | വടക്കന്‍ കേരളത്തില്‍ 2019ലെ അതേ സാഹചര്യം; ചെറുമേഘവിസ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍


ചൂരല്‍ മലയില്‍ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായി കനത്ത മൂടല്‍മഞ്ഞ്.
ഇനിയും ഉരുള്‍പൊട്ടലുണ്ടാകാനുള്ള ഭീഷണി.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ നടുക്കിയ വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന് (Landslide) പിന്നാലെ വടക്കന്‍ കേരളത്തില്‍ ചെറുമേഘവിസ്‌ഫോടനത്തിന് (Mini Cloud Burst) സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ (Meteorologists). 2019ല്‍ കവളപ്പാറയിലും പുത്തുമലയിലും (Kavalappara and Puthumala) ഉരുള്‍പൊട്ടലുണ്ടായതിന് സമാനമായ സാഹചര്യമാണ് വടക്കന്‍ കേരളത്തില്‍ ഇപ്പോള്‍ ഉള്ളതെന്നും ഇതാണ് മേപ്പാടിയിലെ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമായതെന്നും കൊച്ചി സര്‍വകലാശാല കാലാവസ്ഥാ ശാസ്ത്രവിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. എസ്. അഭിലാഷ് പറഞ്ഞു.
കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങള്‍ക്ക് സമാനമായ സാഹചര്യമാണ് ചൂരല്‍മല ഉരുള്‍പൊട്ടലിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. കവളപ്പാറ, പുത്തുമല മേഖലകള്‍ക്ക് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് മുണ്ടക്കൈയും ചൂരല്‍മലയും. പൊതുവേ മണ്ണിടിച്ചില്‍ സാധ്യതയുള്ള അതീവ പരിസ്ഥിതി ലോല മേഖലയാണിത്. അതിനൊപ്പം കനത്തമഴ (Heavy Rainfall) കൂടിയായതാണ് ഉരുള്‍ പൊട്ടലിന് കാരണം.
2019ല്‍ കവളപ്പാറ ദുരന്തത്തിന് പിന്നാലെ നടത്തിയ പഠനത്തില്‍ തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ മേഘങ്ങളുടെ കട്ടി കൂടുന്നതാണ് കനത്തമഴയ്ക്കും തുടര്‍ന്ന് ഉരുള്‍പൊട്ടലിനും പ്രധാന കാരണങ്ങളില്‍ ഒന്നെന്ന് പഠനങ്ങളില്‍ കണ്ടെത്താനായിരുന്നു. 2019ലെ ദുരന്തത്തിന്റെ കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നു. അന്ന് ചക്രവാതച്ചുഴിയും (Cyclone) രൂപപ്പെട്ടിരുന്നു. ഇതിന് തുല്യമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.
രണ്ട് മൂന്നു മണിക്കൂര്‍ കൊണ്ട് വ്യാപകമായി 15 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴ കിട്ടുന്നതുകൊണ്ടാണ് ഇതിനെ മീസോസ് സ്‌കെയില്‍ (Mesoscale Convective System) മിനി ക്ലൗഡ് ബേസ്റ്റ് എന്ന് പറയുന്നത്. ഇതാണ് വടക്കന്‍ കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കൂടാതെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് മേഖലകളില്‍ ഒരാഴ്ച ശരാശരി ലഭിക്കേണ്ട മഴയേക്കാള്‍ 50 മുതല്‍ 70% വരെ മഴയാണ് അധികം ലഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഗുജറാത് തീരം മുതല്‍ വടക്കന്‍ കേരളം വരെ സജീവമായി നിലനിന്നിരുന്ന ന്യൂനമര്‍ദപാത്തി (Depression) കാരണമാണ് കൊങ്കണ്‍ മേഖലയുള്‍പെടെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിച്ചത്.
അതേസമയം, വയനാട്ടില്‍ പൊടുന്നനെയുണ്ടായ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വൈകിട്ട് നാലര വരെ 96 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ടുകള്‍. മേപ്പാടി ഹെല്‍ത് സെന്ററില്‍ 62 മൃതദേഹങ്ങള്‍ ഉണ്ട്. ഇവരില്‍ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയില്‍ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 41 മൃതദേഹങ്ങളാണ് ഉള്ളത്. ബത്തേരി താലൂക് ആശുപത്രിയിലാണ് ഒരാളുടെ മൃതദേഹമുള്ളത്. 98 പേരെ കാണാനില്ലെന്നും വിവരമുണ്ട്. 20 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ടം പൂര്‍ത്തിയായി.
മേപ്പാടി താലൂക് ആശുപത്രിയില്‍ 16 ശരീരഭാഗങ്ങളും എത്തിച്ചിട്ടുണ്ട്. ഇത് മരിച്ചുപോയവരുടേത് ആകാമെന്നാണ് കരുതുന്നത്. ഇതുവരെ 122 പേരെ ദുരന്ത മുഖത്ത് നിന്ന് പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റ് ചികിത്സ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരും നിരവധിയാണ്.
ചൂരല്‍ മലയില്‍ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായി കനത്ത മൂടല്‍മഞ്ഞ് ദുരന്ത മുഖത്ത് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുള്‍പൊട്ടലുണ്ടാകാനുള്ള ഭീഷണി നിലനില്‍ക്കുന്ന സ്ഥലത്ത് മഴയും തോര്‍ന്നിട്ടില്ല.