Quarry Collapsed | മിസോറാമില്‍ ദുരന്തം വിതച്ച് റേമല്‍ ചുഴലിക്കാറ്റ്; ക്വാറി തകര്‍ന്ന് 10 പേര്‍ക്ക് ദാരുണാന്ത്യം

 
Mizoram: 10 Died In Aizawl Stone Quarry Collapse Amid Heavy Rain Triggered By Cyclone Remal, Mizoram News, 10 Died, Aizawl, Stone Quarry
Mizoram: 10 Died In Aizawl Stone Quarry Collapse Amid Heavy Rain Triggered By Cyclone Remal, Mizoram News, 10 Died, Aizawl, Stone Quarry


ഹന്തറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍.

ധാരാളം വീടുകളും തകര്‍ന്നു.

അറബിക്കടലില്‍ ശക്തമായ ഭൂചലനം. 

ന്യൂഡെല്‍ഹി: (KVARTHA) മിസോറാമിലെ ഐസ്വാളില്‍ കനത്ത മഴയെ തുടര്‍ന്ന് കരിങ്കല്‍ ക്വാറി തകര്‍ന്ന് 10 തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേരെ കാണാതായി. ചൊവ്വാഴ്ച (28.05.2024) രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. പലരും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി പൊലീസ് അറിയിച്ചു. കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

പ്രദേശത്ത് വ്യാപകമായി പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതായി പൊലീസ് അറിയിച്ചു. സമീപത്തെ ധാരാളം വീടുകളും ചുഴലിക്കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. റേമല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മിസോറാമില്‍ കനത്ത മഴ തുടരുകയാണ്. മിസോറാമില്‍ പലയിടത്തും മണ്ണിടിച്ചിലും സംഭവിച്ചിട്ടുണ്ട്. ഹന്തറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലും രൂക്ഷമായതായാണ് വിവരം. വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ട്. ഇത് കാരണം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിന്റെ തീരത്ത് കരതൊട്ട റേമല്‍ വീശിയത് മണിക്കൂറില്‍ 110 മുതല്‍ 120 കിലോ മീറ്റര്‍ വേഗതയിലാണ്. ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങളാണ് പശ്ചിമ ബംഗാളില്‍ ഉണ്ടാക്കിയത്. രണ്ട് പേര്‍ മരിച്ചെന്നാണ് റിപോര്‍ട്. തീരപ്രദേശങ്ങളിലെ രണ്ട് ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പിച്ചു. സൗത് 24 പര്‍ഗാനാസ് ജില്ലയിലും സാഗര്‍ അയലന്‍ഡിലും കാറ്റ് വ്യാപക നാശ നഷ്ടമുണ്ടാക്കി. 

കൊല്‍കത്തയടക്കം പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി തൂണുകളും നിലം പൊത്തി. ധാരളം വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. ബംഗ്ലാദേശില്‍ ചുഴലിക്കാറ്റ് നാല് പേരുടെ ജീവനെടുത്തു. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതോടെ 21 മണിക്കൂറായി അടച്ചിട്ടിരുന്ന കൊല്‍കത്ത വിമാനത്താവളം തുറന്നു. ബംഗാള്‍ ഗവര്‍ണ്ണര്‍ സി വി ആനന്ദബോസ് ചുഴലിക്കാറ്റ് കൊല്‍കത്തയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ത്രിപുരയില്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ അടച്ചു. ചുഴലിക്കാറ്റിന്റെ പ്രകമ്പനത്തില്‍ തെലങ്കാനയിലുണ്ടായ മഴയിലും ഇടി മിന്നലിലും 13 പേര്‍ മരിച്ചതായും റിപോര്‍ടുകളുമുണ്ട്.

അതേസമയം, അറബിക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം. ഇന്‍ഡ്യന്‍ സമയം രാത്രി 8:56ഓടെയാണ് ഭൂചലനം ഉണ്ടായത്. ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഭൂകമ്പ നിരീക്ഷണ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia