Landslide | മഴ: മൂന്നാറില്‍ മണ്ണിടിഞ്ഞ് വീണ് വാഹനയാത്ര തടസപ്പെട്ടു, ആളപായമില്ല; ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു; പാംബ്ല, കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം
Jul 6, 2022, 12:34 IST
ഇടുക്കി: (www.kvartha.com) സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് വാഹനയാത്ര തടസപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
മൂന്നാറില്‍ ദേവികുളത്ത് ചൊവ്വാഴ്ച രാത്രി ഇടവിട്ട് പെയ്ത കനത്ത മഴയിലാണ് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടത്. ആളപായമോ മറ്റ് ദുരന്തമോ റിപോര്‍ട് ചെയ്തിട്ടില്ല.
ജില്ലയിലെ പാംബ്ല, കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നിട്ടുണ്ട്. ഇരുഡാമുകളില്‍ നിന്നും ചെറിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വരെ മീന്‍പിടുത്ത തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ തെക്ക് - പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നതും മധ്യപ്രദേശിന് മുകളിലായി തുടരുന്ന ന്യൂനമര്‍ദവുമാണ് കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.