Cyclone | ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; മെയ് 8 ഓടെ തീവ്ര ന്യൂനമര്‍ദമാകും; കേരളത്തില്‍ മഴ ശക്തമാകും
May 3, 2023, 15:53 IST
തിരുവനന്തപുരം: (www.kvartha.com) ബംഗാള്‍ ഉള്‍കടലില്‍ അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ചക്രവാതചുഴി ഞായറാഴ്ച ന്യൂനമര്‍ദമായും തിങ്കളാഴ്ച(മേയ് 8)യോടെ ഇത് തീവ്ര ന്യൂനമര്‍ദമായും ശക്തി പ്രാപിച്ചേക്കും. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതോടെ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മിലിമീറ്റര്‍ മുതല്‍ 115.5 മിലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
Keywords: News, Kerala-New, Kerala, Alerts, Weather-News, Weather, Thiruvananthapuram, Tamilnadu, Cyclonic circulation likely over Bay of Bengal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.