കാസര്‍കോട്: ബിജെപിക്കും ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട അഡ്വ.എം.നാരായണ ഭട്ടിനും നിര്‍ണ്ണായകമായ കാറഡുക്ക പഞ്ചായത്തിലെ 7-ാം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ചു. കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. രാവിലെ 10 മണിക്ക് മുമ്പ് തന്നെ 40 ശതമാനം പോളിംഗ് നടന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും കാറഡുക്ക പഞ്ചയാത്ത് ഉപതെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്.
സുരേന്ദ്രനെ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന്റെ പേരിലാണ് അഡ്വ.എം.നാരായണ ഭട്ടിന്റെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടത്. നാരായണ ഭട്ടിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ഭാര്യ ജയലക്ഷ്മി ഭട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും മെമ്പര്‍സ്ഥാനവും രാജിവെച്ചത്. ഇതേ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപിയിലെ ചന്ദ്രാവതി, കോണ്‍ഗ്രസിലെ ജയലക്ഷ്മി, സിപിഎം സ്വതന്ത്ര പുഷ്പ എന്നിവരാണ് മത്സര രംഗത്തുള്ളത്. നാരായണ ഭട്ടിന്റെ തട്ടകത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ അത് പാര്‍ട്ടിക്ക് വന്‍തിരിച്ചടിയായി മാറും.
അതേ സമയം ബിജെപി ഇവിടെ വിജയിച്ചാല്‍ നാരായണഭട്ടിന്റെയും ജയലക്ഷ്മി ഭട്ടിന്റെയും രാഷ്ട്രീയ ഭാവിയെ തന്നെ അത് ബാധിക്കും. ബിജെപി സംസ്ഥാന നേതൃത്വം പോലും കാറഡുക്ക പഞ്ചായത്തിലെ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ഉറ്റുനോക്കുകയാണ്. ആദൂര്‍ സി.ഐ സതീഷിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. കുണ്ടാര്‍ എ.യു.പി.സ്കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 1114 വോട്ടര്‍മാരാണുള്ളത്. ബിജെപിയുടെ കുത്തക വാര്‍ഡായ ഇവിടെ കഴിഞ്ഞ തവണ ജയലക്ഷ്മി ഭട്ട് 241 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
Keywords: BJP,Kardukka-panchayath,By-election,Kasaragod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.