Relief | ദുരന്തങ്ങൾ വരുമ്പോൾ ഫ്ലിപ്കാർട്ടും ആമസോണുമില്ല, ചെറുകിട വ്യാപാരികളേയുള്ളൂ? ഈ കാര്യങ്ങളും വിമർശകർ മനസിലാക്കണം 

 
the role of small traders vs online platforms in disaster
the role of small traders vs online platforms in disaster

Image generated by Gemini AI

സമ്പാദിക്കുന്നതിനൊപ്പം സമൂഹത്തിന് തിരിച്ചു നൽകുക എന്നത് ഒരു കടമയാണ്

സോണി കല്ലറയ്ക്കൽ

(KVARTHA) 'ആപത്തുകൾ വരുമ്പോൾ വസ്ത്രവും ഭക്ഷണവും കൊടുക്കാൻ നാട്ടിലെ ചെറുകിട വ്യാപാരികളെ ഉള്ളൂ, ഫ്ലിപ്കാർട്ട് ഇല്ല, ആമസോൺ ഇല്ല, നമുക്ക് മറക്കാതിരിക്കാം, നൊമ്പരമായി വയനാട്, സഹായ ഹസ്തങ്ങൾ ഒഴുകുന്നു. ചെറുകിട കച്ചവടക്കാരും വ്യാപാരികളും ആവുന്നത് എല്ലാം ചെയ്യുന്നു. ഓർക്കുക ഒരു  ഓൺലൈൻ കച്ചവടക്കാരും തിരിഞ്ഞു നോക്കുന്നില്ല. ഇനി എങ്കിലും അഹങ്കാരം കൊണ്ട് ഫോണിൽ കുത്തി ഇവർക്ക് പണം  കൊടുക്കുന്നവർ ഒന്ന് ചിന്തിക്കുക. നമുക്ക് നമ്മുടെ നാട്ടുകാരും കൂടെ പിറപ്പുകളും മാത്രമേ കാണൂ. നിങ്ങൾ മുടക്കുന്ന ഓരോ രൂപയുടെയും മൂല്യം വിദേശ കുത്തക കമ്പനിക്കാർക്കേ ഗുണം ചെയ്യൂ. ഇനിയെങ്കിലും നമ്മൾ ഉണർന്നു പ്രവർത്തിച്ചില്ല എങ്കിൽ നമ്മുടെ നാട് വൈകാതെ സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകത്തും, ഉറപ്പ്.  പിന്നെ നിലവിളിച്ചിട്ട് കാര്യം ഇല്ലാ ഓർമപ്പെടുത്തൽ മാത്രം'. വയനാട് ദുരന്തം ഉണ്ടായശേഷം സോഷ്യൽ മീഡിയയിലും മറ്റും ഇപ്പോൾ പ്രചരിക്കുന്ന പ്രധാന സന്ദേശം ആണ് ഇത്.  

ഇതിനെ അനുകൂലിച്ചും ധാരാളം കമൻ്റുകൾ വരുന്നുണ്ട്. ഇവർ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്: 'നാടിനും നാട്ടുകാർക്കും എന്തെങ്കിലും പ്രയാസങ്ങൾ സംഭവിക്കുമ്പോൾ നമ്മളെ തിരിച്ചു സഹായിക്കാത്തവരാണ്, ആമസോൺ, മീശോ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളും, പിന്നെ കുറേ ദൈവങ്ങളും. എന്നാൽ ഈ പ്രയാസങ്ങൾ മുഴുവൻ കഴിയുമ്പോൾ വീണ്ടും ഈ പറയുന്ന നമുക്ക് ഒരു ഗുണവുമില്ലാത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളെയും, ദൈവങ്ങളെയും വീണ്ടും നമ്മൾ ആശ്രയിക്കും. കേരളത്തിൽ നിന്നും കോടാനുകോടി രൂപയുടെ ലാഭം കൊണ്ടുപോകുന്നവരാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ. എന്നിട്ട് എന്തേ നമുക്ക് തിരിച്ച് ഒരു രൂപയുടെ സഹായം പോലും ചെയ്യാത്തത്? 

 

the role of small traders vs online platforms in disaster

അന്നും ഇന്നും എന്നും മനുഷ്യരെ സ്നേഹിക്കുന്നത്, സഹായിക്കുന്നത് നല്ല മനസുള്ള ഒരുപാട് മനുഷ്യർ മാത്രം. നാട്ടിൽ ഒരു ദുരന്തം ഉണ്ടാകുമ്പോൾ സഹായിക്കാനായി ഓടിയെത്തുന്നത് നാട്ടുകാരും, മറ്റു ജില്ലയിലെ ആളുകളും, സന്നദ്ധ പ്രവർത്തകരും, കച്ചവടക്കാരും, ബിസിനസുകാരും. അങ്ങനെ സഹായ ഹസ്തങ്ങളുമായി കേരളത്തിലെ മുഴുവൻ ജനങ്ങളും അണിനിരക്കുമ്പോൾ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വൻകിട ബിസിനസുകാരെ ഒന്നും കാണാൻ സാധിക്കാറില്ല. അത് എന്തുകൊണ്ടാണ്?

കേരളത്തിലെ ബിസിനസിന്റെ ഭൂരിഭാഗവും കൊണ്ടുപോകുന്നത് ഇത് പോലെയുള്ള വൻകിട കോർപ്പറേറ്റുകളാണ്. അപ്പോൾ ഇങ്ങനെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായിക്കാൻ അവരും കൂടി മുതിരണ്ടതല്ലേ? അവർക്കും സഹായിക്കേണ്ട ബാധ്യത ഉള്ളതല്ലേ? എന്നാലും എല്ലാരും ഈ കോർപ്പറേറ്റുകളുടെ പുറകെയാണ്. ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, മീഷോ തുടങ്ങി ഓൺലൈൻ ആയി കേരളത്തിൽ നിന്നും കോടിക്കണക്കിനു രൂപയുടെ ബിസിനസ് ചെയ്ത് ലാഭം ഉണ്ടാക്കുന്ന കമ്പനികൾ അവരുടെ ഈ വർഷത്തെ സിഎസ്ആർ ഫണ്ടിന്റെ നല്ല ഒരു ഓഹരി വയനാട് പ്രകൃതി ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കു നീക്കി വെക്കണം'.

ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം സത്യമില്ലാതില്ല. ഇവിടുത്തെ ചെറുകിട കച്ചവടക്കാരും ബിസിനസ്സുകാരും ഒക്കെ രക്ഷപെട്ടാലെ ഈ നാടിന് ഒരു പുരോഗതി ഉണ്ടാകൂ. ഇതുപോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ പിടിച്ചു നിൽക്കുന്നതും അതുകൊണ്ടൊക്കെ തന്നെയാണ്. അതിനാൽ തന്നെ ഇവിടെ കച്ചവടം ചെയ്യുന്ന ആളുകളെ പൂട്ടിക്കാൻ നമ്മൾ കൂട്ടുനിൽക്കരുത്. അതിന് ആമസോണിനെയും ഫ്ലിപ്കാർട്ടും ഇല്ലാതായാൽ ഇവരുടെ കാര്യം മുഴുവൻ ശരിയാകുമെന്ന് പറയാൻ പറ്റുമോ? പലർക്കും ഇതിനെക്കുറിച്ച് ഉള്ള അജ്ഞതയാണ് ഇത്തരത്തിൽ പോസ്റ്റുകൾ പ്രചരിക്കപ്പെടുന്നതെന്നാണ് മനസ്സിലാകുന്നത്. 

ആദ്യമായി ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ എന്താണെന്ന് കൃത്യമായി മനസിലാക്കാൻ ആണ് ശ്രദ്ധിക്കേണ്ടത്. ആമസോൺ, ഫ്ലിപ്കാർട്ട് മുതലായവ വെറും ഓൺലൈൻ സെയിൽ പ്ലാറ്റ്ഫോമുകൾ മാത്രമാണ്. അവയിലൂടെ ഉൽപ്പന്നങ്ങൾ വ്യാപാരം ചെയ്യുന്നത് മലയാളികൾ ഉൾപ്പെടെയുള്ളവരും. അല്ലാതെ ആമസോണും, ഫ്ലിപ്കാർട്ടും നേരിട്ട് ഉൽപ്പന്നങ്ങൾ  വിൽക്കുന്നവർ അല്ല. ഇരു സർവീസുകളും എല്ലാ വർഷങ്ങളിലും സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് രാജ്യത്ത് ചാരിറ്റി പ്രവർത്തനങ്ങൾ നൽകുന്നുമുണ്ട്. പിന്നെ ഇവിടെ ബിസിനസ് ചെയ്യുന്ന പലരും ഇവിടെ നേരിട്ട് കച്ചവടം ചെയ്യുന്നതോടോപ്പം ഈ പ്ലാറ്റ് ഫോം ഉപയോഗിച്ചും കച്ചവടം ചെയ്യുന്നവരാണ്. അങ്ങനെ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിദേശത്തു നിന്ന് പോലും ഇത്തരക്കാർ ഓഡർ എടുക്കുന്നുണ്ട്. 

അതായത് ഇവിടെ കച്ചവടം ചെയ്യുന്നവർ തന്നെ ഓൺലൈൻ ആയിട്ടും ഓഫ് ലൈൻ ആയിട്ടും കച്ചവടം ചെയ്യുന്നുണ്ടെന്ന് അർത്ഥം. കൂടുതലും ഇതുപോലെയുള്ള വലിയ ഓൺലൈൻ ഫ്ലാറ്റ് ഫോമുകൾ ഉപയോഗിച്ചു തന്നെയാണ് കച്ചവടം നടത്തുന്നത്. കാരണം, ലാഭവിഹിതം ചെറുതാണെങ്കിലും ധാരാളം പേർ ഈ ഫ്ലാറ്റ് ഫോമുകൾ സന്ദർശിക്കുന്നു, കാണുന്നു എന്നുള്ളതുകൊണ്ട് തന്നെ. ചിലർക്ക് വലിയ ലാഭവും ഇതിലൂടെ ലഭിക്കുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ ബിസിനസ് ചെയ്യുന്നവരും ഈ ഫ്ലാറ്റ് ഫോമിൽ ഒക്കെ തന്നെ സ്വതന്ത്രമായി ജോലി ചെയ്തു വരുമാനം ഉണ്ടാക്കുന്നവരുമായ ആളുകൾ എല്ലാ രാജ്യത്തും ഉണ്ടെന്നതുപോലെ തന്നെ മലയാളികളുടെ ഇടയിലുമുണ്ട്. 

ഇത്തരം മലയാളികളും മലയാളികളായ ബിസിനസുകാരും ചെറുകിട കച്ചവടക്കാരും ഒക്കെ തന്നെയാവാം ഇപ്പോൾ വയനാട്ടിലെ ദുരന്തമുഖത്ത് സഹായഹസ്തവുമായി എത്തിയിരിക്കുന്നത്. അവിടെയൊക്ക ജോലി ചെയ്യുന്ന പാവങ്ങൾ ദുരന്ത മുഖത്ത് പല സഹായങ്ങളും ചെയ്യുന്നുണ്ടാകും. ഇതു നമ്മൾ ഓരോരുത്തരും വളരെ സീരിയസ് ആയി ചിന്തിക്കേണ്ട കാര്യമാണ്. അതെല്ലാം അറിഞ്ഞിട്ടാണോ ഇങ്ങനെ ഒരു പോസ്റ്റ് എന്ന് ചിന്തിക്കണം. 2018 ലെ പ്രളയ സമയത്ത് ഫ്ലിപ്കാർട്ടും ഗൂഞ്ച് എന്ന എൻജിഒയും ചേർന്ന് ഒരു കോടി രൂപ സമാഹരിച്ചിരുന്നു. ആമസോണും, പേടിഎമ്മും മറ്റു ഓൺലൈൻ ഭീമന്മാരും ഒരുപാട് സഹായങ്ങൾ പണമായും  അല്ലാതെയും ചെയ്തിരുന്നു. അല്ലാതെ ആമസോണിന്റെ ഉടമ ജെഫ് ബെസോസ് വന്നു പാറ മാറ്റാൻ സഹായിക്കണമെന്നും ലോറി ഓടിക്കണമെന്നും ഒക്കെ പറഞ്ഞാൽ നടക്കുന്ന കാര്യമല്ല. 

ഒരു പ്രദേശത്തെ ചെറുകിട കച്ചവടം പൂട്ടാൻ വലിയൊരു കാരണം ആ പ്രദേശത്തു വന്നിട്ടുള്ള വൻകിട മാളുകളും ഒരു പരിധിവരെ കാരണം ആകുന്നുണ്ട്. നിർമാതാക്കളുടെ കയ്യിൽ നിന്നും മൊത്തമായി വാങ്ങി ചെറുകിട വ്യാപാരികൾക്ക് ലഭിക്കുന്ന വിലയെക്കാൾ താഴ്ന്ന നിരക്കിൽ റീട്ടേയിൽ  വിലയിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അവസ്ഥകളിലേക്ക് ഒക്കെ പോയപ്പോൾ ഒരുപാട് ചെറുകിട വ്യാപാരികൾക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ പൂട്ടിപോയിട്ടുണ്ട്. അതിലും മലയാളികൾ തന്നെ കാരണം. 

ശരിക്കും കച്ചവടം എന്നാൽ ഇവിടെ ഒരു മത്സരമാണ്. അതിൽ ചിലർ വിജയിക്കാം, ചിലർ പരാജയപ്പെടാം. നമ്മുടെ കൃത്യമായ അറിവില്ലായ്മ മൂലം വെറുതെ ആമസോൺ, ഫ്ലിപ്കാർട്ടിനെയൊന്നും കുറ്റം പറഞ്ഞ് കൈകഴുകിയിട്ട് കാര്യമില്ല. അതൊക്കെ എല്ലാവരും ഉൾപ്പെടുന്ന വെറും ഓൺലൈൻ വിൽപന പ്ലാറ്റ്ഫോമുകൾ മാത്രമാണ്. ഇനിയെങ്കിലും ഈ സത്യം മനസ്സിലാക്കുക, അംഗീകരിക്കുക. ഇല്ലെങ്കിൽ അതെല്ലാം ബാധിക്കുക. ഇവിടുത്തെ പലരുടെയും തൊഴിലിനെ തന്നെയാകും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia