Rafael Nadal | പരിക്ക് വില്ലനാകുന്നു; പാരീസ് ഒളിംപിക്സിൽ നിന്ന് ടെന്നീസ് സൂപ്പർ താരം റാഫേൽ നദാൽ പിന്മാറിയേക്കും


പരിക്കിന്റെ ഗൗരവം മനസ്സിലാക്കാൻ ഇനിയും സമയമെടുക്കുമെന്ന് കോച്ച്
പാരീസ്: (KVARTHA) ഒളിംപിക്സിൽ നിന്ന് ടെന്നീസ് സൂപ്പർ താരം റാഫേൽ നദാൽ പിന്മാറിയേക്കും. പരിശീലനത്തിനിടെ താരത്തിന് തുടയിൽ പരിക്കേറ്റു.
തുടയിലെ വേദന ശക്തമായതിനാൽ നദാൽ പരിശീലനം നിർത്തി. പരിക്കിന്റെ ഗൗരവം മനസ്സിലാക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് കോച്ച് കാർലോസ് മോയ പറയുന്നത്. നദാൽ ഒളിംപിക്സിൽ കളിക്കുമോയെന്നത് ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നദാൽ 2022ലെ ആദ്യ ഫ്രഞ്ച് ഓപ്പണിനു ശേഷം കഴിഞ്ഞ ആഴ്ച ആദ്യ എടിപി ടൂർണമെന്റിന്റെ ഫൈനലിലെത്തിയിരുന്നു.
നദാൽ ഒളിംപിക്സിന്റെ ആദ്യ റൗണ്ടിൽ ഹംഗറിയുടെ മാര്‍ട്ടണ്‍ ഫുക്സോവിസിനെ നേരിടേണ്ടിയിരുന്നു. ഈ റൗണ്ട് ജയിച്ചാൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെയായിരിക്കും അദ്ദേഹത്തിന്റെ എതിരാളി. ഇരുവരുടെയും പോരാട്ടം ടെന്നീസ് ആരാധകർ ഏറെ കാത്തിരുന്ന ഒന്നായിരുന്നു.
നദാലിന് ഇത് അവസാന ഒളിംപിക്സ് ആയിരിക്കും. ഡബിള്‍സിൽ കാര്‍ലോസ് അക്കാരസുമായും നദാൽ മത്സരിക്കുന്നുണ്ട്.