കോഹ്ലിക്ക് ഡബിള്‍ സെഞ്ച്വറി; ജയന്ത് യാദവിന് സെഞ്ച്വറി; ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ പതറുന്നു, മുംബൈ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്

 


മുംബൈ: (www.kvartha.com 11.12.2016) ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുന്നു. ആദ്യ ഇന്നിങ്‌സില്‍ 231 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ പതറുകയാണ്. നാലാം ദിവസം അവസാനിക്കുമ്പോള്‍ 182 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് ഇനിയും 49 റണ്‍സ് വേണം.


രണ്ടാം ഇന്നിംഗ്‌സില്‍ രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവരും രണ്ടും, ഭുവനേശ്വര്‍ കുമാര്‍, ജയന്ത് യാദവ് എന്നിവര്‍ ഒരു വിക്കറ്റ് വീതവും നേടി. നേരത്തെ നായകന്‍ വിരാട് കോഹ്ലി (235) ഇരട്ട സെഞ്ച്വറിയുടെയും, ജയന്ത് യാദവ് (104), മുരളി വിജയ് (136) എന്നിവരുടെ സെഞ്ച്വുറിയുടെയും പിന്‍ബലത്തില്‍ 631 എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. കോഹ്ലിയുടെ മൂന്നാം ഇരട്ട സെഞ്ച്വറിയും, യാദവിന്റെ കന്നി സെഞ്ച്വുറിയുമാണ് വാങ്കഡെയില്‍ പിറന്നത്.

എട്ടാം വിക്കറ്റില്‍ കോഹ്‌ലി - ജയന്ത് യാദവ് സഖ്യം കൂട്ടിച്ചേര്‍ത്ത 241 റണ്‍സ് ഇന്ത്യയുടെ റെക്കോര്‍ഡ് കൂട്ടുകെട്ടായി. ഇംഗ്ലണ്ടിനെതിരെ എതിര്‍ ടീം നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടെന്ന പ്രത്യേകതയും കോഹ്ലി - ജയന്ത് യാദവ് സഖ്യത്തിന് സ്വന്തം. തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയാണ് കോഹ്‌ലി.

ക്യാപ്റ്റനെന്ന നിലയില്‍ മൂന്ന് ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം, ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്നീ നേട്ടങ്ങളും സ്വന്തം. ക്യാപ്റ്റനെന്ന നിലയില്‍ മഹേന്ദ്ര സിങ് ധോണി നേടിയ 224 റണ്‍സിന്റെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. സുനില്‍ ഗവാസ്‌കറിന് ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും കോഹ്‌ലി നേരത്തെ പിന്നിട്ടിരുന്നു. വ്യക്തിഗത സ്‌കോര്‍ 41ല്‍ എത്തിയപ്പോള്‍ ടെസ്റ്റില്‍ 4000 റണ്‍സ് എന്ന നാഴികക്കല്ലു പിന്നിടാനും കോഹ്‌ലിക്കായി. ഒരു വര്‍ഷം ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായും കോഹ്‌ലി മാറി.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും 50 ലധികം ശരാശരി റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ്ലിയുടെ പേരിലായി. ടെസ്റ്റില്‍ 50.1, ഏകദിനത്തില്‍ 52.9, ട്വന്റി 20യില്‍ 57.1 എന്നിങ്ങനെയാണ് കോഹ്ലിയുടെ റണ്‍സ് ശരാശശി. ഈ വര്‍ഷം നാല് സെഞ്ച്വറി നേടുന്ന ആദ്യ താരവും കോഹ്ലിയായി.

രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനായി ജോ റൂട്ട് (77) ഉം, അലിസ്റ്റര്‍ കുക്ക് (18), സ്‌റ്റോക്‌സ് (18) റണ്‍സും നേടി. 50 റണ്‍സെടുത്ത ബെയര്‍സ്‌റ്റോ ക്രീസിലുണ്ട്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2 - 0ന് മുന്നിലാണ്.
കോഹ്ലിക്ക് ഡബിള്‍ സെഞ്ച്വറി; ജയന്ത് യാദവിന് സെഞ്ച്വറി; ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ പതറുന്നു, മുംബൈ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്

Keywords : Mumbai, Sports, Cricket Test, India, England, Virat Kohli, Mumbai Test: Milestone man Virat Kohli.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia