കാളികാവ് സെവന്‍സ് ഫുട്ബോള്‍ ഗാലറി തകര്‍ന്ന സംഭവം; സംഘാടകര്‍ക്കെതിരെ കേസെടുത്തു
Mar 20, 2022, 17:02 IST
മലപ്പുറം: (www.kvartha.com 20.03.2022) കാളികാവ് പൂങ്ങോട്ട് സെവന്‍സ് ഫുട്ബോള്‍ ഗാലറി തകര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. ടൂര്‍നമെന്റ് സംഘാടകര്‍ക്കെതിരെയാണ് കേസ്. മതിയായ സുരക്ഷിതത്വമൊരുക്കാത്തിനാലാണ് സംഘടാകര്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തത്. 1000 ത്തോളം പേര്‍ക്ക് മാത്രം സൗകര്യമുള്ള ഗ്രൗന്‍ഡില്‍ 7000ത്തോളം ആളുകളാണ് കളി കാണാന്‍ എത്തിയിരുന്നതെന്നാണ് വിവരം.
ശനിയാഴ്ച രാത്രിയാണ് ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു വീണത്. അപകടത്തില്‍ 53 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ 20 പേര്‍ നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ മൂന്ന് പേര്‍ക്ക് സാരമായ പരിക്കുകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ രക്ഷാ ദൗത്യത്തില്‍ പങ്കെടുത്തത് വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു.
പൂങ്ങോട് ഫ്രന്‍ഡ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ജനകീയ സമിതി നടത്തിയ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്. മത്സരത്തിനിടെ ഗാലറി മൈതാനത്തിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. മുളയും കവുങ്ങും കൊണ്ട് താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഗാലറിയില്‍ ഉള്‍കൊള്ളാവുന്നതിലും കൂടുതല്‍ ആളുകളെ വഹിച്ചതാണ് അപകടകാരണം. ഗാലറിയില്‍ കാര്യമായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.