യൂറോ കപ്പ്: ഗ്രീസിനുമേല്‍ ചെക്കിന്‌ ജയം

 


യൂറോ കപ്പ്: ഗ്രീസിനുമേല്‍ ചെക്കിന്‌ ജയം
വാഴ്‌സ: യൂറോകപ്പ് മല്‍സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഗ്രീസിനുമേല്‍ ചെക് റിപ്പബ്ലിക് വിജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെക്കിന്റെ ജയം.

തോല്‍വിയോടെ ഗ്രീസിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം അനിശ്ചിതത്വത്തിലായി. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗ്രീസിന് പോളണ്ടിനെതിരെ നേടിയ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം.

 മൂന്നാം മിനിറ്റില്‍ പീറ്റര്‍ യിറാസെക്കിലൂടെയായിരുന്നു ചെക്കിന്റെ ആദ്യഗോള്‍. ഗ്രീസ് ഗോള്‍മുഖത്തേക്ക് ഓടിക്കയറിയ പീറ്റര്‍ യിറാസെക്കിന് മധ്യനിരതാരം ഹ്യൂബ്ഷ്മാന്‍ നല്‍കിയ പാസ്സാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. പന്ത് സ്വീകരിച്ച യിറാസെക്ക് തകര്‍പ്പനൊരു ലോങ് റേഞ്ചറിലൂടെ പന്ത് വലയിലെത്തിച്ചു. ചെക്ക് ആരാധകരുടെ ആവേശം കെട്ടടങ്ങും മുന്‍പ് ചെക്ക് വീണ്ടും ഗ്രീസ് പോസ്റ്റിലേക്ക് നിറയൊഴിച്ചു. ആറാം മിനിറ്റില്‍ വാക്ലാവ് പിലാര്‍ ചെക്കിലൂടെയായിരുന്നു രണ്ടാം ഗോള്‍.

അഞ്ചുമിനിറ്റിനിടെ രണ്ടുഗോള്‍ വഴങ്ങിയതിന്റെ ക്ഷീണം ഗ്രീസിന്റെ പിന്നീടുള്ള നീക്കങ്ങളിലും പ്രകടമായിരുന്നു. ചെക്ക് മുന്നേറ്റനിര ഗ്രീക്ക് ഗോള്‍മുഖത്തേയ്ക്ക് ഇരമ്പിയാര്‍ത്തതോടെ ഗ്രീസ് പ്രതിരോധത്തിലായി. ഇടയ്ക്ക് ഗോളി ചല്‍ക്കിയാസിന് പരിക്കേറ്റതും ഗ്രീസിന് ക്ഷീണമായി.

രണ്ടാംപകുതിയില്‍ 53-ാം മിനിറ്റില്‍ തിയോഫാനിസ് ഗീക്കാസിലൂടെ ഗ്രീസ് ആശ്വാസ ഗോള്‍ നേടി. സമാറസിന്റെ ലക്ഷ്യം തെറ്റിവന്ന പാസ് മുന്നോട്ടുകയറി തട്ടിത്തെറിപ്പാന്‍ ചെക്ക് ഗോളി പീറ്റര്‍ ചെക്കിന്റെ ശ്രമം പാളിയതാണ് ഗോളിന് വഴിയൊരുക്കിയത്. തോല്‍വിയോടെ, 2004ലെ ചാമ്പ്യന്മാരായ ഗ്രീസ് കഴിഞ്ഞ തവണത്തെപ്പോലെ, ഇക്കുറിയും നോക്കൗട്ടിലെത്താതെ പുറത്താകാനുള്ള സാധ്യത ശക്തമായി. കരുത്തരായ റഷ്യയുമായാണ് ഗ്രീസിന്റെ അവസാന മത്സരം.

English Summery
Wroclaw: Huge win for Czech Republic and they get three crucial points courtesy two goals from Jirácek (3`) and Pilar (6`). Even after the small hiccup by Petr Cech, Czech Republic hold on to their slender lead against Greece. The Czech Republic put Greece on the brink of elimination from Group A of Euro 2012 after a 2-1 victory over the Ethniki at the Municipal Stadium in Wroclaw.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia