ഐപിഎല്‍: ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

 


ഐപിഎല്‍: ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം
ചെന്നൈ: ഐ.പി.എല്‍ യോഗ്യതാ ഫൈനലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‌ തകര്‍പ്പന്‍ ജയം. ആവേശകരമായ മല്‍സരത്തില്‍ 86 റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം. നാളെ നടക്കുന്ന ഫൈനലില്‍ സൂപ്പര്‍ കിംഗ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഏറ്റുമുട്ടും.

ഡല്‍ഹിയ്ക്കെതിരെ രണ്ടുംകല്‍പിച്ചായിരുന്നു ധോണിയുടെ മഞ്ഞപ്പട. ഈ സീസണിന്റെ തുടക്കത്തില്‍ കണ്ട സൂപ്പര്‍ കിംഗ്സ് അല്ലായിരുന്നു കലാശപോരാട്ടത്തിന് മുന്‍പത്തെ പോരിനിറങ്ങിയത്. ഡല്‍ഹിയെ നാണംകെടുത്തി തന്നെ ഫൈനല്‍ കാണാതെ പറഞ്ഞുവിട്ടു ചെന്നൈയുടെ രാജാക്കന്മാര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, തുടക്കം മുതലെ കാര്യങ്ങള്‍ വ്യക്തമാക്കിയാണ് മുന്നേറിയത്. മുരളി വിജയിയെ ആക്രമണ ചുമതല ഏല്‍പിച്ച ഹസി, ഒരുവശത്ത് മെല്ലെ നീങ്ങി. എന്നാല്‍ വിജയിയുടെ വെടിക്കെട്ട് സ്ഫോടനം ചെന്നൈ ചിദംബരം സ്റ്റേഡിയത്തെ ഇളക്കിമറിച്ചു.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച വിജയിയെ തളയ്ക്കാന്‍ സേവാഗും കൂട്ടരും ആവത് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടെ ഒന്‍പതാം ഓവറിലെ ഒന്നാം പന്തില്‍ വരുണ്‍ ആരോണ്‍ ഹസിയെ വീഴ്ത്തി. എന്നാല്‍ വിജയി അടങ്ങാന്‍ തയ്യാറായിരുന്നില്ല. ഒരുവശത്ത് റെയ്നയും ധോണിയുമെല്ലാം വമ്പനടികള്‍ നടത്തി മടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ തൃശൂര്‍ പൂരത്തെ വെല്ലുന്ന വെടിക്കെട്ടായിരുന്നു വിജയിയും ബ്രാവോയും ചേര്‍ന്ന് നടത്തിയത്. 17ം ഓവറില്‍ വിജയ് ത്രസിപ്പിക്കുന്ന സെഞ്ചുറിയും പൂര്‍ത്തിയാക്കി.

വെറും 58 പന്തില്‍ 113 റണ്‍സുമായി അവസാനം മുരളി വിജയ് കളംവിടുമ്പോള്‍ ചെന്നൈ 222 എന്ന കൂറ്റന്‍ സ്കോറിലെത്തിയിരുന്നു. 15 ഫോറും നാലു സിക്സറും ഉള്‍പ്പെട്ടതായിരുന്നു ആ വീരോചിത ഇന്നിംഗ്സ്. 12 പന്തില്‍ നിന്ന് ബ്രാവോ 33 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെവിള്‍സ് തുടക്കത്തില്‍ തന്നെ ഞെട്ടി. സ്കോര്‍ 17ല്‍ നില്‍ക്കുമ്പോള്‍ സൂപ്പര്‍താരം വാര്‍ണര്‍ പുറത്ത്. ഇത്തവണ സേവാഗിലായിരുന്നു ചെകുത്താന്മാരുടെ മുഴുവന്‍ പ്രതീക്ഷയും. എന്നാല്‍ ആ ഇന്നിംഗ്സിനും അധികം ആയുസ്സുണ്ടായില്ല. നാലാം ഓവറിലെ നാലാം പന്തില്‍ മോര്‍ക്കല്‍ സേവാഗിനെ മടക്കിയയച്ചു.

ഇതെല്ലാം കണ്ട് നിസ്സഹായനായി നോക്കിനിന്ന ജയവര്‍ധന പിന്നീട് ആക്രമണ ചുമതല ഏറ്റെടുത്ത് മുന്നേറി. പക്ഷെ പിന്തുണയ്ക്കാന്‍ മറുവശത്ത് ആരുമുണ്ടായില്ല. അര്‍ധസെഞ്ചുറി നേടിയ ജയവര്‍ധനയ്ക്കൊപ്പം, ടെയ്‌ലറും റസലും ചെറുത്തുനില്‍ക്കാന്‍ നോക്കിയെങ്കിലും സൂപ്പര്‍ കിംഗ്സിന്റെ ആവേശത്തിന് മുന്നില്‍ അവരും വീണു. പിന്നീട് വന്നവരെല്ലാം ഒന്നൊന്നായി ചെന്നൈ ബോളര്‍മാര്‍ക്ക് മുന്നില്‍ ബാറ്റ് വച്ച് കീഴടങ്ങി. പതിവിലും കരുത്തിലായിരുന്നു സൂപ്പര്‍ കിംഗ്സിന്റെ ബോളിങ് നിര. 17ം ഓവറിലെ അഞ്ചാം പന്തില്‍ ആരോണിനെ റണ്ണൗട്ടാക്കി ധോണിയും കൂട്ടരും 86 റണ്‍സിന്റെ വിജയം ആഘോഷിച്ചു.

English Summery
Chennai: A batting masterclass from M Vijay and a catalogue of errors from Delhi Daredevils ensured that a well-supported Chennai Super Kings set up an intriguing final against Kolkata Knight Riders.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia