ജര്‍മനിയെ തോല്‍പ്പിച്ച് ഇറ്റലി യൂറോ കപ്പ് ഫൈനലില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം. മരിയോ ബലോറ്റലിയാണ് ഇറ്റലിക്കായി രണ്ടു ഗോളും നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇറ്റലി സ്പെയിനെ നേരിടും.
ജര്‍മന്‍മതില്‍ തകര്‍ത്ത് അസൂറിപ്പടയുടെ കുതിപ്പ്. ആക്രമണത്തിനിടെ പ്രതിരോധം മറന്നുപോയ ജര്‍മനിക്കെതിരെ ഇറ്റലി ആദ്യ പകുതിയില്‍ത്തന്നെ രണ്ടു ഗോളുകളും നേടി. അവസാനം വരെ പൊരുതിക്കളിച്ച ജര്‍മനിക്കായി രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ മെസൂട്ട് ഓസിലാണ് പെനല്‍റ്റി കിക്കിലൂടെ ഗോള്‍ നേടിയത്.
കളി തുടങ്ങിയതു മുതല്‍ ആക്രമണം അതായിരുന്നു ജര്‍മന്‍ നയം. തുടക്കത്തില്‍ കളി നിയന്ത്രിച്ചതും ജര്‍മനി തന്നെ. അഞ്ചാം മിനിറ്റില്‍ ഗോള്‍ ലൈനിനുമുന്നില്‍ പിര്‍ലോ തടസ്സമായി വീണ്ടും അവസരം ഖദീരയ്ക്കു മുതലാക്കാനായില്ല. മറുവശത്ത് ഇറ്റലിയും ആക്രമണങ്ങള്‍ നെയ്തു. ബലോറ്റലിയെ ലക്ഷ്യം വച്ചു പന്തുകളെത്തി. ഇരുപതാം മിനിറ്റില്‍ ജര്‍മന്‍ പ്രതിരോധം തകര്‍ത്ത് കസാനോയുടെ ക്രോസ്. ബലോറ്റലിയുടെ ഹെഡര്‍. ഇറ്റലി ഒരു ഗോളിനു മുന്നില്‍ വീണ്ടും ജര്‍മന്‍ ആക്രമണങ്ങള്‍. 36ം മിനിറ്റില്‍ ഇറ്റലിക്കായി ബലോറ്റലിയുടെ തകര്‍പ്പന്‍ ഗോള്‍. മൊണ്ടലീവ ഉയര്‍ത്തിനല്‍കിയ പന്തില്‍ ജര്‍മന്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ബലോറ്റലി രണ്ടു ഗോള്‍ വീണതോടെ ജര്‍മന്‍ മുഖങ്ങളില്‍ നിരാശ. തോല്‍വിമുന്നില്‍ക്കണ്ടതുപോലെ ജര്‍മന്‍ ആരാധകര്‍ തരിച്ചിരുന്നു.
രണ്ടാം പകുതിയില്‍ പൊഡോള്‍സ്കിക്കും ഗോമസിനും പകരക്കാരായി റൂസും, ക്ളോസേയും ഇറങ്ങിയതോടെ ആക്രമണങ്ങള്‍ക്കു മൂര്‍ച്ച കൂടി. തുടരെ അവസരങ്ങള്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാമിന് കിട്ടിയ അവസരം മുതലക്കാനായില്ല. റൂസിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക്. ബഫണിന്റെ തകര്‍പ്പന്‍ സേവ്. പിന്നീട് കണ്ടത് ഇറ്റലിയുടെ പ്രത്യാക്രാമണങ്ങള്‍. മക്കീസിയോയും പകരക്കാരനായിറങ്ങിയ ഡിനതാലെയും അവസരങ്ങള്‍ തുലച്ചു. എങ്ങനെയും ഗോള്‍ നേടുകയെന്ന ലക്ഷ്യത്തോടെ ജര്‍മനി ആക്രമണം തുടര്‍ന്നു. കോട്ട കെട്ടി ഇറ്റാലിയന്‍ പ്രതിരോധം. രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ ബല്‍സരേട്ടി പന്ത് കൈകൊണ്ട് തട്ടിയതിന് കിട്ടിയ പെനല്‍റ്റി ഓസില്‍ ഗോളാക്കിയെങ്കിലും വൈകിപ്പോയിരുന്നു. ജര്‍മന്‍ പ്രതീക്ഷകള്‍ തകര്‍ത്ത് ഇറ്റലി ഫൈനലില്‍ കടന്നു. ഇറ്റാലിയന്‍ മുന്നേറ്റനിര കൂടി ഫോമിലായതോടെ ഫൈനലില്‍ സ്പെയിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയെന്നതില്‍ സംശയമില്ല.
പെനല്‍റ്റി കിക്കെടുക്കുമ്പോള്‍ കളിക്കാരനും ഗോളിയും ഒരുപോലെ സമ്മര്‍ദത്തിലാണ്. നിലവിലെ ചാംപ്യന്‍മാരെ ഫൈനലില്‍ എത്തിച്ച ഫാബ്രിഗാസിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അതുകൊണ്ടാണ് കിക്കെടുക്കും മുമ്പ് ഫാബ്രിഗസ് പന്തിനോട് രഹസ്യം പറഞ്ഞത്. ഫാബ്രിഗാസിന്റെ ഷോട്ട് ഗോളായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ കളിതന്നെ മാറിയേനെ.
നിശ്ചിത സമയത്തും അധിക സമയത്തും സ്പെയിനും പോര്‍ച്ചുഗലിനും ഗോളൊന്നും നേടാനായില്ല. പിന്നീട് കളി പെനല്‍റ്റി ഷൂട്ടൌട്ടിലേക്ക് കടന്നു. പതിവുപോലെ സമ്മര്‍ദവും ആകാംഷയും ഇരുടീമിലേക്കും മാറി മറിഞ്ഞെത്തി. ഫാബ്രിഗസ് കിക്കെടുക്കാന്‍ എത്തുമ്പോള്‍ സ്പെയിന്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് മുന്നിലായിരുന്നു. ഫാബ്രിഗാസിന്റെ ഷോട്ട് വലയിലായാല്‍ സ്പെയിന്‍ ഫൈനലിലെത്തും. പുറത്തുപോയാല്‍ പോര്‍ച്ചുഗലിന്റെ അടുത്ത കിക്കിനെ ആശ്രയിച്ച് കളി മാറിമറിയാവുന്ന അവസ്ഥ. ഈ സമ്മര്‍ദനിമിഷത്തിലാണ് ഫാബ്രിഗസ് എത്തുന്നത്. കിക്കെടുക്കാന്‍ എത്തിയ ഫാബ്രിഗസ് ഒരുനിമിഷം പന്തിലേക്ക് നോക്കി, മനസില്‍ എന്തോ ഉരുവിട്ടു, ഷോട്ടെടുത്തു, പന്ത് വലയിലായി,
ഞങ്ങള്‍ക്ക് ചരിത്രം കുറിക്കണം, അതുകൊണ്ട് പന്തേ നീ വലയിലേക്ക് തന്നെ കയറണേ, ഇതാണ് പെനല്‍റ്റി കിക്കെടുക്കും മുമ്പേ ഫാബ്രിഗസ് മനസില്‍ ഉരുവിട്ടത്. മല്‍സരശേഷം ഫാബ്രിഗസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2008ലെ യൂറോ കപ്പും 2010ലെ ലോകകപ്പും നേടി നില്‍ക്കുന്ന സ്പെയിന് ഈ യൂറോ കപ്പ് നേടിയാല്‍ അപൂര്‍വ നേട്ടം ആകും, യൂറോ കപ്പ് നിലനിര്‍ത്തുന്നതിനൊപ്പം നിലവിലെ ലോകജേതാക്കള്‍ എന്ന റെക്കോര്‍ഡുമാണ് ഫാബ്രിഗസിന്റെ സ്പെയിനെ കാത്തിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.