Candidate | വി ടി ബല്‍റാം പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയാകും?
കഴിഞ്ഞ തവണ ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു
സോണി കല്ലറയ്ക്കൽ
(KVARTHA) നിലവിൽ പാലക്കാട് എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ പോയി മത്സരിച്ച് മികച്ച വിജയം കരസ്ഥമാക്കുകയായിരുന്നു. സി.പി.എമ്മിലെ മുതിർന്ന നേതാവും സി.പി.എമ്മിൽ ഇപ്പോൾ ഏറ്റവും അധികം ഇമേജുള്ള ആളുമായ കെ.കെ ഷൈലജ ടീച്ചറെയാണ് പൊരിഞ്ഞ മത്സരത്തിൽ ഷാഫി പരാജയപ്പെടുത്തിയത്. ഇവർ തമ്മിൽ നടന്ന സോഷ്യൽ മീഡിയ യുദ്ധങ്ങളും ശരിക്കും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. വാദ പ്രതിവാദകളും തുടർ കേസുകളുമൊക്കെയായി കേരളത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന മത്സരമായിരുന്നു വടകരയിൽ നടന്നത്. യു.ഡി.എഫും എൽ.ഡി.എഫും ആവേശപൂർവ്വം ഏറ്റെടുത്ത മത്സരത്തിൽ യു.ഡി.എഫിൻ്റെ യുവ പടനായകൻ എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ട് എല്ലാവരും ടീച്ചറമ്മ എന്ന് അഭിസംബോധന ചെയ്യുന്ന കെ.കെ. ശൈലജ ടീച്ചറെ പരാജയപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഇപ്പോൾ ഷാഫി പാലക്കാട് എം.എൽ.എ സ്ഥാനം രാജിവെച്ചിരിക്കുകയാണ്. അതിനാൽ തന്നെ പാലക്കാട് വൈകാതെ ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് തീർച്ചയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് എല്ലാ പാർട്ടികളുടെയും ഒരു പ്രസ്റ്റീജ് വിഷയമാകുമെന്നത് തീർച്ചയാണ്. ഷാഫി പറമ്പിലിന് ജനങ്ങളുമായുള്ള വലിയ ബന്ധം കൊണ്ട് മാത്രമാണ് പാലക്കാട് കഴിഞ്ഞ നാളിൽ ഒരിക്കൽ പോലും യു.ഡി.എഫിൽ നിന്ന് അകലാതിരുന്നത്. കഴിഞ്ഞ തവണ ഇവിടെ മെട്രോമാൻ ശ്രീധരൻ ബി.ജെ.പി യ്ക്ക് വേണ്ടി മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അന്ന് ശ്രീധരൻ ജയിക്കുമെന്നുവരെ കിംവദന്തികൾ പടർന്നിരുന്നു. ഷാഫി പറമ്പിലിൻ്റെ പരാജയം പ്രവചിച്ചവരാണ് ഇവിടുത്തെ പല മാധ്യമങ്ങളും. എന്നാൽ അവസാന ലാപ്പിൽ മെട്രോമാനെ പിന്തള്ളി ഷാഫി പറമ്പിൽ ജയിച്ചു കയറുന്നതാണ് കണ്ടത്.
കേരളത്തിലെ ഭൂരിപക്ഷം മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പം വന്നപ്പോൾ പാലക്കാട് ഷാഫി മണ്ഡലം നിലനിർത്തുന്നതാണ് കണ്ടത്. ശരിക്കും ത്രീകോണം ഉണ്ടായിട്ട് പോലും ഇവിടെ സി.പി.എം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് മെട്രോമാൻ ശ്രീധരൻ താൻ ഇവിടെ വിജയിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് എം.എൽ.എ ഓഫീസ് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് തുറന്നതുമൊക്കെ വലിയ വാർത്തയായിരുന്നു. എന്താലും അന്തിമ ഫലം വന്നപ്പോൾ പാലക്കാട്ടുകാർ ഷാഫിയെ കൈവിട്ടില്ലെന്നതാണ് സത്യം. എന്തായാലും ഇനി വരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് എല്ലാ പാർട്ടികൾക്കും ഒരു പ്രത്യേക വിഷയം തന്നെ ആകുമെന്ന് തീർച്ച.
മണ്ഡലം നിലനിർത്തുക എന്നത് യു.ഡി.എഫിനെ സംബന്ധിച്ച് അഭിമാന വിഷയം തന്നെയാണ്. അതുകൊണ്ട് തന്നെ കോൺഗ്രസും സി.പി.എമ്മും ബി.ജെ.പിയും മികച്ച സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കുമെന്ന് തീർച്ചയാണ്. മൂന്ന് മുന്നണികളുടെയും അഭിമാനപ്പോരാട്ടത്തിനാകും പാലക്കാട് സാക്ഷ്യം വഹിക്കുക. യു.ഡി.എഫിനെ സംബന്ധിച്ച് കയ്യിലിരിക്കുന്ന മണ്ഡലം നിലനിർത്തേണ്ടത് ആവശ്യമാണ്. വരുന്ന നിയമസഭാ ഇലക്ഷനിൽ ഇവിടുത്തെ ജനവിധി നിർണ്ണായകമാകും. ഇനി യു.ഡി.എഫ് ഭരണത്തിലെത്താൻ സാധ്യതയുണ്ടോ എന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാകും പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ്. ഇനി യു.ഡി.എഫ് അല്ലാതെ മറ്റാരെങ്കിലുമാണ് ജയിച്ചു വരുന്നതെങ്കിൽ യു.ഡി.എഫ് ബി.ജെ.പി യ്ക്ക് വോട്ട് മറിച്ചു കൊടുത്തുവെന്ന പഴിയും കേൾക്കേണ്ടി വന്നേക്കാം.
യു.ഡി.എഫിലെ സർവ സന്നാഹങ്ങളും പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രംഗത്ത് ഇറങ്ങുമെന്ന് തീർച്ച. ബി.ജെ.പി ആണെങ്കിൽ തിരുവനന്തപുരത്തെ നേമം പോലെ തന്നെ വിജയ പ്രതീക്ഷ വെച്ചു പുലർത്തുന്ന മണ്ഡലം കൂടിയാണിത്. ഒന്ന് ആഞ്ഞു പിടിച്ചാൽ ജയിക്കാമെന്ന് അവരുടെ ക്യാമ്പും പ്രതീക്ഷിക്കുന്നു. പാലക്കാട് നിയമസഭാ മണ്ഡലം ഇടതുമുന്നണിയ്ക്കും വലിയ വേരോട്ടമുള്ള മണ്ണും കൂടിയാണ്. ഷാഫി പറമ്പിൽ മാറുന്ന ഒഴിവിൽ മുൻ തൃത്താല എം.എൽ.എ ആയിരുന്ന കോൺഗ്രസിലെ യുവ നേതാവ് വി.ടി. ബൽറാമിനെ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം എന്നാണ് അറിയുന്നത്. രണ്ട് തവണ തൃത്താല എം.എൽ.എ ആയിരുന്ന ബൽറാം കഴിഞ്ഞ തവണ വാശിയേറിയ പോരാട്ടത്തിൽ തൃത്താലയിൽ മന്ത്രി എം.ബി രാജേഷിനോട് പരാജയപ്പെടുകയായിരുന്നു.
നിയമസഭയിൽ എന്നും ഇടതുമുന്നണിയ്ക്ക് തലവേദന ഉണ്ടാക്കിയിരുന്ന ബൽറാമിനെ തോൽപ്പിക്കുക എന്നത് അന്ന് സി.പി.എമ്മിൻ്റെ ഒരു പ്രസ്റ്റീജ് വിഷയമായിരുന്നു. അതിനാൽ തന്നെ സർവ അടവും പുറത്തെടുത്താണ് അവിടെ ബൽറാമിനെ വീഴ്ത്തിയത്. ബൽറാം ഇക്കുറി ഷാഫിയ്ക്ക് പകരം പാലക്കാട് മത്സരിച്ചാൽ യുവജനങ്ങളെ ആകർഷിക്കാൻ കഴിയുമെന്ന് യു.ഡി.എഫ് നേതൃത്വം കണക്ക് കൂട്ടുന്നു. മാത്രമല്ല, ഷാഫി പറമ്പിലിനെപ്പോലെ തന്നെ കോൺഗ്രസിലെ മറ്റൊരു ഗ്ലാമർ താരം കൂടിയാണ് വി.ടി. ബൽറാം. ബൽറാമിന് വലിയൊരു വോട്ട് ബാങ്ക് സൃഷ്ടിക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരും ഏറെയാണ്. ഒപ്പം തന്നെ തൻ്റെ സുഹൃത്തായ ബൽറാം പാലക്കാട് നിന്ന് മത്സരിക്കുന്നത് ഷാഫി പറമ്പിലും സ്വീകാര്യമാകുമെന്നാണ് അറിയുന്നത്. പാലക്കാടിനെ നന്നായി അറിയുന്ന വ്യക്തി എന്നുള്ള നിലയിലും ബലറാമിന് യു.ഡി.എഫിൽ സാധ്യത ഏറുന്നതായാണ് വിവരം.