Kerala Politics | ശശി തരൂർ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ? കേരളത്തിൽ വരാൻ പോകുന്നത് വൻ മാറ്റം!


● ശശി തരൂരിന്റെ പ്രസ്താവനകൾ കോൺഗ്രസിനുള്ളിൽ വലിയ ചർച്ചയായി മാറി.
● കേരളത്തിൽ ശക്തിയാർജിക്കാൻ ബിജെപി പരിശ്രമിക്കുകയാണ്
● കേരളത്തിൽ മുഴുവൻ സ്വാധീനമുള്ള നേതാവാണ് ശശി തരൂർ
സോണി കല്ലറയ്ക്കൽ
(KVARTHA) കോൺഗ്രസിന് രാഹുൽ ഗാന്ധിയെക്കാൾ വലിയ ബുദ്ധിമാൻ ആ പാർട്ടിയിൽ വേണ്ടെന്നുള്ളത് ആണ് നിലപാട്. അതിന് താഴെ ബുദ്ധിയുള്ളവരെ മാത്രമേ ആ പാർട്ടി ഇപ്പോൾ ഉപയോഗിക്കുകയുള്ളു എന്നായിരിക്കുന്നു. അതാണ് എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുവത്വം തുളുമ്പുന്ന ശശി തരൂരിന് ബദലായി മല്ലികാർജുൻ ഖാർഗെ എന്ന 84 കാരനെ കൊണ്ടുവന്ന് തലപ്പത്ത് ഇരുത്തിയത്. എന്നിട്ടും മത്സരത്തിൽ നിന്നും വിട്ടുനിൽക്കാതെ തരൂർ മത്സരിച്ച് മോശം അല്ലാത്ത വോട്ടുകൾ സമ്പാദിച്ചത് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പല കോൺഗ്രസ് നേതാക്കളെയും അമ്പരിപ്പിച്ചിരുന്നു.
കോൺഗ്രസ് പാർട്ടി ഇന്ന് അഭിമുഖീകരിക്കുന്ന ശോചനീയാവസ്ഥ പലപ്പോഴായി തരൂർ പല വേദികളിലായി തുറന്ന് പറഞ്ഞതാണ് കോൺഗ്രസ് ഹൈക്കമാൻ്റിന് തരൂർ മോശക്കാരനായത്. ഇപ്പോൾ വീണ്ടും അദ്ദേഹം പറയുന്നു നല്ലത് കണ്ടാൽ നല്ലത് പറയണമെന്നും മോശം കണ്ടാൽ അങ്ങനെയെന്നും. അല്ലാതെ എന്തിനെയും ഏതിനെയും എതിർക്കുന്ന നയം പ്രതിപക്ഷം പിന്തുടരുന്നത് ശരിയല്ലെന്നും തുറന്നടിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തരൂരിൻ്റെ ഈ പ്രസ്‌താവനയ്ക്ക് എതിരെ പല കോൺഗ്രസ് നേതാക്കളും ഇപ്പോൾ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ തരൂരിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ ഭയപ്പെടുകയും ചെയ്യുന്നു.
കാരണം തരൂർ ഇവിടത്തെ എൻ.എസ്.എസ്, എസ്.എൻ.ഡി.പി തൊട്ട് മുസ്ലിം സമുദായങ്ങൾക്ക് വരെ സ്വീകാര്യനാണ്. ആ തരൂരിൻ്റെ സ്വീകാര്യത തന്നെയാണ് തരൂരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഭയക്കുന്നതും അകത്തു നിർത്തുന്നതും. കൂടുതൽ ഭയക്കുന്നത് കേരളത്തിലെ കോൺഗ്രസിലെ മുഖ്യമന്ത്രിപദവി മോഹിച്ചു നടക്കുന്നവർ തന്നെ. അങ്ങനെയുള്ളവർക്ക് തരൂർ ഒരു വലിയ ഭീഷണിയാണ്. ഇക്കൂട്ടർ ഒന്ന് മനസ്സിലാക്കണം തരൂർ പോയാൽ പിന്നെ ഒരിക്കലും കോൺഗ്രസിന് ഇവിടെ ഒരു ഭരണം കിട്ടിയെന്ന് വരില്ല. തരൂർ എങ്ങോട്ട് പോകുന്നോ അങ്ങോട്ടേയ്ക്ക് ഇവിടുത്തെ പുതു തലമുറയിൽ പ്പെട്ടവരുടെ ഒരു ഒഴുക്ക് പോലും ഉണ്ടായെന്ന് ഇരിക്കും.
അത് മുതലെടുക്കാൻ പോകുന്നത് ഇവിടെ അനുദിനം ക്രമാതീതമായി വളർന്നുകൊണ്ടിരിക്കുന്ന ബി.ജെ.പി ആയിരിക്കും. അവർ തരൂരിനെ കൂടെ നിർത്തി കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാവും ശ്രമിക്കുക. കേരളവും കൂടി കിട്ടിയെന്നാൽ ബി.ജെ.പി ഉദ്ദേശിക്കുന്ന കോൺഗ്രസ് മുക്ത ഭാരതം ഏറെക്കുറെ പൂർത്തിയാവുകയും ചെയ്യും. ശശി തരൂരിന് ആഗോള തലത്തിൽ ഇമേജ് ഉണ്ടാക്കി കൊടുത്തത് ഈ കോൺഗ്രസ് പാർട്ടിയൊന്നും അല്ല. കോൺഗ്രസിൽ വരുന്നതിന് മുൻപ് തന്നെ അദ്ദേഹം അറിയപ്പെട്ടിരുന്നത് വിശ്വ പൗരൻ എന്ന ലേബലിലാണ്.
ശശി തരൂരിനെപ്പോലുള്ള ഒരാൾ കോൺഗ്രസ് പാർട്ടിയിൽ വരുന്നത് കോൺഗ്രസ് അണികളിൽ ആവേശം വളർത്തുമെന്ന് കരുതി തന്നെയാണ് അദ്ദേഹത്തെ അന്ന് പാർട്ടിയുടെ തലപ്പത്ത് ഇരുന്നവർ കോൺഗ്രസ് പാർട്ടിയിൽ ക്ഷണിച്ചു കൊണ്ടു വന്നതും തിരുവനന്തപുരം പാർലമെൻ്റ് സീറ്റ് സമ്മാനിച്ച് എം.പി ആക്കിയതും. പിന്നീട് കേന്ദ്ര സഹമന്ത്രി വരെ ആയി എന്നത് സത്യം. തിരുവനന്തപുരത്ത് ഇന്ന് ആ പാർലമെൻ്റ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ തരൂർ അല്ലാതെ മറ്റാരും ഇല്ലെന്നുള്ള അവസ്ഥയായിരിക്കുന്നു. അതാണ് അദ്ദേഹത്തിന് തിരുവനന്തപുരം ലോക് സഭാ സീറ്റ് നൽകാൻ കാരണം. തരൂർ കഴിഞ്ഞ തവണ മത്സരിക്കുന്നില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അദ്ദേഹത്തെക്കൊണ്ട് തിരുവനന്തപുരത്ത് മത്സരിപ്പിച്ചതിനുള്ള പ്രധാന കാരണവും ഇതാണ്.
തരൂർ ഇല്ലെങ്കിൽ തിരുവനന്തപുരം ബി.ജെ.പി കൊണ്ടുപോകുമെന്നുള്ള അവസ്ഥയായിരിക്കുന്നു. ഇവിടെ നിൽക്കാൻ ആഗ്രഹിച്ച തരൂരിനെ ഡൽഹിയ്ക്ക് കെട്ടുകെട്ടിക്കേണ്ടത് ചില കോൺഗ്രസ് നേതാക്കളുടെ ആവശ്യം കൂടിയായിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓളം സൃഷ്ടിക്കാൻ തരൂർ കഴിഞ്ഞ കാലത്ത് ഇറങ്ങിയത് നമ്മൾ കണ്ടതാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ തരൂർ നയിച്ചാൽ ഭരണം തിരിച്ചു പിടിക്കാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നവരും ഏറെയാണ്. അതിന് കൂച്ചു വിലങ്ങിട്ടാണ് തരൂരിനെ ദേശീയ കോൺഗ്രസ് നേതൃത്വം തിരുവനന്തപുരത്തു നിന്ന് എം.പിയായി മത്സരിപ്പിച്ചത്.
തരൂരിനെ ഇവിടെ നിന്ന് ഒഴിവാക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വം ചിന്തിച്ചതെങ്കിലും തരൂർ മത്സരിച്ചതു കൊണ്ട് മാത്രം ബി.ജെ.പിയ്ക്ക് രണ്ട് സീറ്റുകളിൽ അക്കൗണ്ട് തുറക്കാനായില്ല. ഇല്ലെങ്കിൽ തൃശൂരിനൊപ്പം തിരുവനന്തപുരത്തും ബി.ജെ.പി അക്കൗണ്ട് തുറക്കുമായിരുന്നു. ഇനി പ്രധാനമന്ത്രിയെയും സംസ്ഥാന ഗവൺമെൻ്റിനെയും തരൂർ പ്രശംസിച്ചതിൻ്റെ പേരിൽ തരൂർ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സ്വയം പുറത്തു പോകുകയോ അല്ലെങ്കിൽ പാർട്ടി പുറത്താക്കുകയോ ചെയ്താൽ അത് മുതലെടുക്കുന്നത് ബി.ജെ.പിയാകും. സി.പി.എമ്മിലേയ്ക്ക് തരൂർ പോകുമെന്ന് കരുതാൻ പ്രയാസമാണ്. തരൂർ പോകുവാൻ സാധ്യത ബി.ജെ.പിയിലേയ്ക്ക് തന്നെയാകും.
അങ്ങനെ വന്നാൽ തരൂർ തിരുവനന്തപുരത്തു നിന്നുള്ള എം.പി സ്ഥാനം രാജിവെയ്ക്കുകയും പകരം ഉപതെരഞ്ഞെടുപ്പ് വന്നാൽ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തു നിന്ന് മത്സരിച്ച് എം.പി ആവുകയും ചെയ്‌തെന്നും വരാം. തരൂരിനെ ഏതെങ്കിലും രാജ്യസഭാ വഴി ബി.ജെ.പി എം.പി ആക്കുകയും തുടർന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വരെ കേന്ദ്രത്തിൽ മന്ത്രിയാക്കുകയും ചെയ്തെന്നിരിക്കാം. 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർന്ന് തരൂർ നേതൃത്വം കൊടുത്തുകൊണ്ട് കേരളത്തിൽ ബി.ജെ.പി ഒരു പാനൽ അവതരിപ്പിച്ചെന്നിരിക്കാം. അതിന് തരൂർ മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷരായ ആളുകളുടെയും മറ്റ് മത സമുദായങ്ങളുടെയും പിന്തുണ ലഭിച്ചെന്നിരിക്കും.
അങ്ങനെ തരൂരിനെ വെച്ച് കേരളത്തിൽ ഒരു ചുവട് ഉറപ്പിക്കാനാവും ബി.ജെ.പി യും പ്രത്യേകിച്ച് മോദിയും അമിത് ഷായും ശ്രദ്ധിക്കുക. കുറഞ്ഞ നാൾ കൊണ്ട് ബി.ജെ.പിയെയും കോൺഗ്രസിനെയും മൂലയ്ക്കിരുത്തി ആം ആദ്മി പാർട്ടി എന്ന ചെറുപാർട്ടിക്ക് ഡൽഹി യിൽ ഭരണം പിടിക്കാമെങ്കിൽ തരൂരിനെ വെച്ച് ആ കളി കേരളത്തിലും പരീക്ഷിക്കാനാവും മോദിയും ബി.ജെ.പി നേതാക്കളും പരിശ്രമിക്കുക. കേരള ഭരണം എന്നത് കോൺഗ്രസിനും ഇടതു മുന്നണിയ്ക്കും മാത്രമല്ല ബി.ജെ.പിയ്ക്കും പ്രധാനപ്പെട്ടത് തന്നെയാണ്. അതിനാൽ തന്നെ തരൂരിന് വേണ്ടി അവർ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാർ ആയെന്നിരിക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Shashi Tharoor’s comments and growing influence in Kerala politics have raised questions on whether he could be BJP's Chief Minister candidate in the future.
#ShashiTharoor #BJP #KeralaPolitics #Congress #CMCandidate #PoliticalChange