Colony | തേനീച്ച കോളനി ഇനി 'തേനീച്ച നഗരി'! മോഹൻലാലിൻ്റെ  വിയറ്റ്നാം കോളനി സിനിമയും നിരോധിക്കും?

 
will mohanlals vietnam colony be banned
will mohanlals vietnam colony be banned


മനുഷ്യനെ വേർതിരിക്കുന്ന ജാതികളും ഉപജാതി സംവിധാനവും മാറ്റണം

ഡോണൽ മുവാറ്റുപുഴ 

(KVARTHA) സംസ്ഥാനത്ത് ഇനി കോളനി എന്ന പദം ഇല്ല എന്ന  ഉത്തരവിറക്കിയാണ് മന്ത്രി കെ രാധാകൃഷ്ണൻ  പടിയിറങ്ങിയത്. ആലത്തൂരിൽ നിന്ന് എം.പിയായി ജയിച്ചതു കൊണ്ട് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെയ്ക്കുകയായി. രാജിവെയ്ക്കുന്ന വേളയിലാണ് മന്ത്രി കോളനി എന്ന നാമം ഒഴിവാക്കി പുതിയ ഉത്തരവിറക്കിയത്. കോളനിക്ക് പകരം ഇനി ഉന്നതി, നഗർ, പ്രകൃതി എന്ന വാക്ക് ഒക്കെ ഉപയോഗിക്കാം. ഈ തീരുമാനം എടുത്ത മുൻ മന്ത്രിയെ അഭിനന്ദിച്ച് തുടക്കത്തിൽ ഒരുപാട് പേർ രംഗത്തുവന്നെങ്കിലും ഇപ്പോൾ അതുപോലെ തന്നെ ഇതിനെ എതിർക്കുന്നവരും ഒരുപാട്  ഉണ്ടെന്ന് വേണം പറയാം. 

കോളനി മാത്രം കളഞ്ഞാൽ പോരാ മനുഷ്യനെ വേർതിരിക്കുന്ന ജാതികളും ഉപജാതി സംവിധാനവും മാറ്റണം. കാരണം സമൂഹത്തിൽ എന്നും താഴ്ന്ന ജാതിക്കാരൻ എന്ന അവഹേളനം വലിയൊരു തെറ്റ് തന്നെയാണ്, അതിൽ എന്താണ് അഭിപ്രായം എന്ന് ചോദിക്കുന്നവരും ഏറെയാണ്. കെ രാധാകൃഷ്ണൻ പട്ടികജാതി സംവരണ സീറ്റിൽ മത്സരിച്ചതിനെയും ചിലർ ചോദ്യം ചെയ്യുന്നുണ്ട്. കോളനി എന്നാല്‍ ഒരു കൂട്ടം ആളുകള്‍ കൂടി താമസിക്കുന്ന ഇടം എന്നോ അല്ലെങ്കില്‍ ഒരു പ്രത്യേക ഭരണത്തിന്‍ കീഴിലുള്ള സ്ഥലം എന്ന് മാത്രമേ അര്‍ത്ഥമുള്ളു എന്നാണ് മനസിലാക്കുന്നത്. 

ഇന്ത്യയിലെ പല നഗരങ്ങളിലും കോളനികള്‍ ഉണ്ട്. തിരുവനന്തപുരത്ത് കവഡിയാറില്‍ പണ്ഡിറ്റ് കോളനിയുണ്ട്, മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ച് ഡോക്ടേഴ്സ് കോളനികള്‍ ഉണ്ട്. വിശാഖപട്ടണത്ത് നേവല്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന നേവല്‍ കോളനി ഉണ്ട്. ഡല്‍ഹിയില്‍ ഐ.എ.എസ് കോളനിയുണ്ട്. കോളനി എന്ന വാക്ക് മോശം പദമാണെന്ന് ആരാണ് പറഞ്ഞ് പഠിപ്പിച്ചതെന്നും, കോളനികളില്‍ താമസിക്കുന്നവര്‍ മോശക്കാരാണെന്ന് ആരാണ് പറഞ്ഞ് പരത്തിയതെന്നും മനസ്സിലാകുന്നില്ല. കോളനി എന്നത് മോശം ആണെങ്കിൽ ഹരിജൻ എന്ന വാക്ക് തന്നെ തിരുത്തേണ്ടതല്ലേ?

ഇനിയിപ്പോൾ കോളനി എന്ന വാക്കിന് പകരം നമ്മക്ക് കൊട്ടാരം എന്നാക്കിയാലെന്താ നേട്ടം. ഈ പറയുന്ന കോളനികളിൽ അഥവാ കൊട്ടാര വാസികൾ സംവരണം വേണ്ടെന്ന് വെക്കുമോ? ഈ ഹീനമായ രാഷ്ട്രീയതന്ത്രം ഹിന്ദു ജനതക്ക് അപമാനമുണ്ടാക്കി നേട്ടം കൊയ്യാനുള്ള ഗൂഢപദ്ധതിയായി മാത്രമെ കാണാൻ കഴിയൂ. മന്ത്രിയായാലും  എം.പി ആയാലും  ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കരുത്. അതിന്റെ ഫലം അനുഭവിക്കേണ്ടിവരുക തന്നെ ചെയ്യും. കൊളോണിയൽ എന്ന നാമം ലോഭിച്ച കോളനി എന്ന പദം ഉണ്ടായത്. അധിനിവേശം, കുടിയേറ്റം ഒക്കെ ആയി സർക്കാരിന്റെയോ മറ്റു ആളുകളുടെയോ ഒക്കെ ഭൂമിയിൽ നിർമ്മിക്കുന്ന വീടുകൾ കോളനി എന്നല്ലാതെ പിന്നെ എന്ത് പേരിൽ അറിയപ്പെടും. 

കയ്യേറ്റം നടത്തിയും സൗജന്യമായി നൽകിയും ഒക്കെ ആണ് ഇത്തരം വീടുകൾ നിർമ്മിക്കുന്നത്. അവിടെ താമസിക്കാം. പക്ഷെ കോളനി എന്ന പദം ഉപയോഗിക്കാൻ പറ്റില്ല എന്നതിൻ്റെ ലോജിക്ക് ആണ് മനസിലാകാത്തത്. കോളനി പൊക്കി. പക്ഷേ പുലയൻ, പറയൻ, ആദിവാസി ഇത്യാദികൾ നമ്മൾ ഒന്ന് കൂടി ഊട്ടി ഉറപ്പിച്ച് ഒരു കേടും പറ്റാതെ അവിടെത്തന്നെ വെച്ചിട്ടുണ്ട്. ഇങ്ങനെ ചൂണ്ടിക്കാട്ടുന്നവരും പൊതു സമൂഹത്തിൽ ധാരാളമുണ്ട്.  കോളനിയെന്നാൽ ജനങ്ങൾ ഒന്നിച്ചുതാമസിക്കുന്ന സ്ഥലമെന്നാണർത്ഥം. അല്ലാതെ പട്ടികവർഗക്കാർ മാത്രം താമസിക്കുന്നതെന്നല്ല. ഇതായിരുന്നേ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം എന്നും മന്ത്രി ചിന്തിക്കേണ്ടതായിരുന്നു. 

എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും വിലകൂടി. ക്ഷേമ പെൻഷൻ മുടങ്ങിക്കിടക്കുന്നു. സാധാരണ ജനങ്ങൾക്ക് താങ്ങായിരുന്ന സപ്ലൈകോയിലും അരിയല്ലാതെ മറ്റൊരു സാധനവും ഇല്ല. എന്നിട്ട് ഇപ്പോൾ കോളനിയും പൊക്കി രംഗത്ത്. കെ രാധാകൃഷ്ണനെപ്പോലുള്ളവർ ഇത്ര ചെറുതാകരുത്. കോളനി എന്ന പേര് മാത്രം മാറ്റിയിട്ട് കാര്യമില്ല. അവരുടെ അടിസ്ഥാന സൗകര്യങ്ങൾ 50 വർഷങ്ങൾക്ക് പിന്നിലാണ്. എസ് സി, എസ് ടി വിദ്യാർത്ഥികളുടെ സ്റ്റൈപ്പൻഡ് മുടങ്ങിയട്ട് വർഷങ്ങളായി. എസ് സി,  എസ് ടി ഫണ്ട് ഫലപ്രദമായി ഉപയോഗിക്കുന്നില്ല. എല്ലാം വകമാറ്റി ചിലവഴിക്കലാണ്. തീർത്തും ഈ വകുപ്പ് കൈകാര്യം ചെയ്ത കെ രാധകൃഷ്ണൻ അമ്പേ പരാജയമായിരുന്നുവോ?  

ദളിത് വിഭാഗം ഒരുപരിധി വരെ ഇടതുപക്ഷം വിട്ട് എന്ന് തന്നെ പറയണം. അതിന് തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം. എല്ലാം തിരുത്തി പോയാൽ നല്ലത്. സാമ്പാറിന് മീൻകറി എന്ന് പേരിട്ടാൽ അത് മീൻ കറിയാവുമോ? ഇപ്പോഴും ആളുകളെ പറ്റിക്കുന്ന പരിപാടിയിൽ നിന്നും ഇടത് ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ല . ഈ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ കോളനിയിൽ നിന്നും അവരെ മാറ്റി മറ്റു ജനങ്ങളുടെയൊപ്പം ജീവിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അവരുടെ കുട്ടികൾ മറ്റു കുട്ടികളുടെ ഒപ്പം കളിച്ച് വളരട്ടെ. കോളനിയിലെ അന്തരീക്ഷത്തിൽ നിന്നും മാറി വിശാലമായ ഒരു ലോകത്ത് അവർ എത്തിപ്പെടട്ടെ. 

പക്ഷെ അങ്ങിനെ വന്നാൽ, കുറച്ച് കൂടി വിവരം വെച്ചാൽ, ഇടതിന്റെ വോട്ട് ബാങ്കിന് ഇടിവ് സംഭവിക്കും എന്ന് മാത്രം. ഇതോടെ കേരളം നേരിടുന്ന മുഴുവൻ പ്രശ്നവും അവസാനിച്ചു അല്ലേ, തേനീച്ച കോളനി എന്ന് പറയുന്നത് ഇനി മുതൽ 'തേനീച്ച നഗരി' എന്ന് പറയേണ്ടതാണ്. അങ്ങനെയെങ്കിൽ മോഹൻലാൽ നായകനായി വന്ന 'വിയറ്റ്നാംകോളനി' എന്ന മലയാള സിനിമ നിരോധിക്കുമോ? കോളനി വിഷയത്തെ ചർച്ചയാക്കുമ്പോൾ പൊതുസമൂഹം പരിഹസിച്ചു ചോദിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia