LS Dy Speaker | ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ സ്ഥാനം മുസ്ലീം ലീഗിന് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറാകുമോ? കേന്ദ്രത്തിൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാം


സോണി കല്ലറയ്ക്കൽ
(KVARTHA) ലോക് സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി കേവല ഭൂരിപക്ഷം നേടി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയും ലോക് സഭയിൽ ശക്തമായ പ്രതിപക്ഷ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പോലും ഇല്ലാതിരുന്ന അവസ്ഥയാണ് ലോക് സഭയിൽ കണ്ടത്. എന്നാൽ ഇക്കുറി അത് മാറി. നിസാര സീറ്റുകൾക്കാണ് ഇന്ത്യാ മുന്നണിയ്ക്ക് അധികാരം നഷ്ടപ്പെട്ടത്. അതുകൊണ്ട് തന്നെ ഇന്ത്യാ മുന്നണിയ്ക്ക് ശക്തനായ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടാകുമെന്നത് തീർച്ച.
ലോക് സഭയിൽ ഭരണകക്ഷിൽ പ്പെട്ടവരുടെ ആളുകളാവും സ്വഭാവികമായും സ്പീക്കർ ആകുക. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലോക് സഭയിൽ പ്രതിപക്ഷത്തിന് നൽകുന്നതാണ് കീഴ് വഴക്കം. അതുണ്ടായില്ലെങ്കിൽ സ്പീക്കർ സ്ഥാനത്തേയ്ക്ക് ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് കേൾക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയാലും ഇല്ലെങ്കിലും പ്രതിപക്ഷത്തിന് സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കാവുന്നതാണ്. സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിച്ചു വെന്നതിൻ്റെ പേരിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകാതിരിക്കണമെന്നില്ല. ഇപ്പോൾ ശക്തമായ പ്രതിപക്ഷ സാന്നിധ്യം അറിയിച്ചിരിക്കുന്ന ഇന്ത്യാ മുന്നണി കിട്ടുന്ന അവസരങ്ങളിൽ എല്ലാം മത്സരിച്ച് ശക്തി തെളിയിക്കുകയാണ് വേണ്ടത്.
മോദിയുടേയും ബി ജെ പിയുടെയും സംഘപരിവാരങ്ങളുടേയും വല്ലവരുടേയും കാലു പിടിച്ചുള്ള ഞാണിന്മേൽക്കളി എപ്പോഴും പരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ് വേണ്ടത്. കിട്ടുന്ന ആദ്യ അവസരത്തിൽത്തന്നെ ഭരണം പിടിക്കാനും ഇത് ഉപകരിക്കും. ആരും മത്സരിക്കാൻ ഇല്ലാത്തതാണ് എല്ലാ അഹന്തയുടെയും മൂലം. അർഹതപ്പെട്ട എല്ലാ അവസരങ്ങളിലും മത്സരിക്കാൻ ആളുണ്ടാകണം. എങ്കിൽ മാത്രമേ യഥാർത്ഥ ജനാധിപത്യം ഇവിടെ പുലരൂ എന്നതാണ് യാഥാർത്ഥ്യം.
ഇക്കുറി കഴിഞ്ഞ തവണത്തെപ്പോലെ ബി.ജെ.പിയ്ക്ക് ലോക് സഭയിൽ ഏകപക്ഷീയമായി ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണുള്ളത്. അതിനാൽ എൻ.ഡി.എ സഖ്യത്തിലുള്ള എല്ലാ ഘടകക്ഷികളെയും തൃപ്തിപ്പെടുത്തി വേണം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കൂട്ടർക്കും ഭരണം മുന്നോട്ട് കൊണ്ടുപോകാൻ. എൻ.ഡി.എ ഘടകക്ഷികളിൽ പലരും നല്ലൊരു ഓഫർ കിട്ടിയാൽ ഇങ്ങോട്ടും ചാടാൻ തയാർ ആയിരിക്കുന്നവരാണ്. അതിനാൽ തന്നെ സ്ഥാനാർത്ഥിയെ നോക്കി ലോക് സഭാ സ്പീക്കർ സ്ഥാനത്തേയ്ക്ക് ഇന്ത്യാ സഖ്യം മത്സരിക്കുന്നതാവും നല്ലത്. എൻ. ഡി എയിൽ ബി.ജെ.പി ഒഴിച്ച് ഘടക കക്ഷിയുടെ സ്ഥാനാർഥിയാണെങ്കിൽ പിന്തുണയ്ക്കുക എന്നതാവും നല്ലത്. അത് ഭാവിയിൽ ഇന്ത്യാ സഖ്യത്തിന് വിജയമാകാനും സാധ്യതയുണ്ട്.
എൻ.ഡി.എ മുന്നണി 2014 മുതൽ നിലവിലുണ്ട്. എന്നിട്ടും തോൽവി ഉണ്ടായില്ലേ?. പ്രധാന മന്ത്രി പോലും 3 ലക്ഷം വോട്ടന്റെ പിറകിൽ പോയില്ലേ. അതും തോൽവിക്ക് സമാനമല്ലേ. ഇനി പ്രതിപക്ഷം ശക്തമായി ശ്രമിച്ചാൽ മോദിയെയും കൂട്ടരെയും വൈകാതെ തളയ്ക്കാൻ പ്രയാസമുണ്ടായെന്ന് വരില്ല. ഇനി ലോക് സഭാ ഡെപ്യൂട്ടി സ്പീക്കർ പദവി ഇന്ത്യാ സഖ്യത്തിന് നൽകിയാൽ അവിടെ പരിഗണിക്കേണ്ടത് സഖ്യ കക്ഷികളെയാണ്. അതിലെ പ്രധാനിയായ കോൺഗ്രസ് സ്പീക്കർ സ്ഥാനത്തിൽ കുറഞ്ഞതൊന്നും ഏറ്റെടുക്കാതിരിക്കുന്നതാവും ആ പാർട്ടിയുടെ തിളക്കത്തിന് നല്ലത്. അത് ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടത്, പ്രത്യേകിച്ച് മുസ്ലിംലീഗിന്. മുസ്ലിം സമുദായത്തെ ഭരണകക്ഷിയായ ബി.ജെ.പി ഇവിടെ നിന്നും തൂത്തെറിയാൻ ശ്രമിക്കുമ്പോൾ അവരെ ചേർത്തു പിടിക്കുന്നെന്ന് അവകാശപ്പെടുന്ന കോൺഗ്രസിന് അത് തെളിയിക്കാൻ കിട്ടുന്ന അവസരമാകും ലോക് സഭയിൽ മുസ്ലിം ലീഗിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുകയെന്നുള്ളത്. ഇത് ബി.ജെ.പിയ്ക്കും മോദിയ്ക്കും നൽകുന്ന ഒരു പ്രഹരം കൂടിയായി മാറും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഇന്ത്യാ സഖ്യത്തിന് ലഭിച്ചാൽ ആ സ്ഥാനം അലങ്കരിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും യോഗ്യർ മുസ്ലീം ലീഗ് തന്നെ. അതുവഴി കേന്ദ്രത്തിൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പിക്കുകയും ചെയ്യാം.