CPM | കേരം തിങ്ങും കേരളനാട് കെ കെ ശൈലജ ഭരിക്കുമോ? പിണറായിക്ക് ശേഷം ആരെന്ന ചോദ്യം സിപിഎമ്മിൽ നിന്നും ഉയരുന്നു

 
Pinarayi Vijayan


പരാജയകാരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും മുഖ്യമന്ത്രി, എം.വി ഗോവിന്ദൻ, ഇ പി ജയരാജൻ എന്നിവർക്കെതിരെ വിമര്‍ശനങ്ങള്‍ 

നവോദിത്ത് ബാബു 

കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ ശൈലജയെ ഉയർത്തിക്കാട്ടിയുള്ള ചില നേതാക്കളുടെ അണിയറ നീക്കങ്ങൾ സി.പി.എമ്മിൽ പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന് കളമൊരുക്കുന്നു. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ അനഭിമതനായ പി ജയരാജനാണ് കെ.കെ. ശൈലജയെ പാർട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിശേഷിപ്പിച്ചത്. തെക്കൻ ജില്ലകളിലെ ചില നേതാക്കൾ ഇതിനെ പിൻതുണയ്ക്കുകയും പാർട്ടി കേന്ദ്ര കമ്മിറ്റി നേതാക്കൾ ഇതിനെ എതിർക്കുകയും ചെയ്യാത്ത സാഹചര്യമുണ്ടായതോടെ പാർട്ടിക്കുള്ളിൽ നേതൃമാറ്റമെന്ന ആവശ്യത്തിന് ശക്തി കൂടിയിട്ടുണ്ട്.

പാർട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ജനങ്ങൾ കരുതുന്ന കെ.കെ. ശൈലജയെ ജയിക്കുമെന്ന് ഉറപ്പില്ലാത്ത വടകരയിൽ നിർത്തി മത്സരിപ്പിച്ചത് ശരിയായില്ലെന്നായിരുന്നു പി ജയരാജൻ്റെ വാദം. മന:പൂർവം കെ.കെ. ശൈലജയെ തോൽപ്പിക്കാനും അവർക്കുണ്ടായിരുന്ന പൊതുജന സ്വീകാര്യത ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കം നടന്നുവെന്ന പരോക്ഷ വിമർശനമാണ് പി ജയരാജൻ ഉന്നയിച്ചത്. ഇതു മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും ലക്ഷ്യം വെച്ചാണ് തൊടുത്തു വിട്ടതെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നേരത്തെ തീരുമാനിക്കുന്ന കീഴ് വഴക്കം പാർട്ടിക്ക് ഇല്ലെന്ന് വിഷയത്തിൽ ഇടപെട്ട സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പി. ജയരാജനെ തിരുത്താൻ ശ്രമിച്ചു ബങ്കിലും മറ്റു അംഗങ്ങൾ മൗനം പാലിച്ചതോടെ പ്രതിരോധം ദുർബലമായി മാറി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ, പരാജയകാരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ എന്നിവർക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ജില്ലാ കമ്മിറ്റികളിലും ആവര്‍ത്തിച്ചത് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ചരിത്രത്തിലില്ലാത്തവിധമാണ് നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമര്‍ശം ഒട്ടുമിക്ക ജില്ലാ കമ്മിറ്റികളിലും ഉയര്‍ന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്നിവര്‍ക്കു നേരെയാണ് വിമര്‍ശനശരങ്ങളേറെയും ഉയർന്നത്. സംസ്ഥാനസമിതിയിലും ജില്ലാ കമ്മിറ്റികളിലും അതിരൂക്ഷ വിമര്‍ശം നേരിട്ടവരില്‍ മുന്നില്‍ പിണറായി തന്നെയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ ബാലന്‍, ടി.എം തോമസ് ഐസക് എന്നിവര്‍ക്കെതിരേയും പല ജില്ലാ കമ്മിറ്റികളും തുറന്നടിച്ചു.

സ്വന്തം തട്ടകമായ കണ്ണൂരില്‍ പോലും കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രിക്കുനേരെ ഉയര്‍ന്നത്. മകള്‍ വീണാ വിജയനെതിരേയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ പ്രതികരണമുണ്ടായി. വീണയുടെ ഐ.ടി സര്‍വീസ് കമ്പനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് ആരോപിച്ചു. വീണയ്‌ക്കെതിരേയുള്ള ആരോപണങ്ങളില്‍, പിതാവെന്ന നിലയില്‍ പിണറായിയാണ് വ്യക്തത വരുത്തേണ്ടതെന്നും എ.കെ ബാലനെപ്പോലുള്ളവര്‍ മുഖ്യമന്ത്രിയുടെ മെഗാഫോണ്‍ ആകേണ്ടെന്നും ഒരു ജില്ലാ കമ്മിറ്റിയംഗം പറഞ്ഞു. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മൗനം സംശയാസ്പദമെന്നും അംഗങ്ങളില്‍ ചിലര്‍ കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിക്കെതിരേയുള്ള വിമര്‍ശം നിലവിട്ടതോടെ എം.വി ഗോവിന്ദന്‍ പ്രതിരോധവുമായെത്തി. തനിക്കും കുടുംബത്തിനുമെതിരേയുള്ള ആരോപണങ്ങളില്‍ നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞതാണെന്നും പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും, മകളെയല്ല മുഖ്യമന്ത്രിയെ തന്നെയാണ് ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ചതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. എന്നാല്‍ എം.വി ഗോവിന്ദന്റെ മറുപടിയില്‍ പല നേതാക്കളും തൃപ്തരായില്ലെന്നു മാത്രമല്ല മുഖ്യമന്ത്രിയുടെ ശൈലി അടക്കം തോല്‍വിക്കു കാരണമായെന്നും ആവര്‍ത്തിച്ചു. നവകേരള യാത്രക്കെതിരേ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ക്രൂരമായി മര്‍ദിക്കുന്നത് മാധ്യമങ്ങളിലൂടെ നാട്ടുകാര്‍ കണ്ടിട്ടും 'രക്ഷാപ്രവര്‍ത്തന'മായി ന്യായീകരിച്ച പിണറായിയുടെ ധാര്‍ഷ്ട്യവും തോല്‍വിയുടെ പ്രധാന കാരണമായെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് മാത്രം ഉണ്ടായതാണോ ശൈലിയെന്നും ഗോവിന്ദന്‍ ചോദിച്ചു. ഓരോ വ്യക്തിക്കും അവരുടേതായ ശൈലിയുണ്ടെന്നും അതു പെട്ടെന്ന് മാറ്റാന്‍ കഴിയില്ലെന്നും പറഞ്ഞ ഗോവിന്ദന്‍, പ്രവര്‍ത്തകരുടെ ആഗ്രഹത്തിനൊത്തു തന്റെ ശൈലി മാറ്റാന്‍ തയാറാണെന്നും വ്യക്തമാക്കി.
കിടപ്പാടമില്ലാത്തവര്‍ക്ക് അഞ്ച് ലക്ഷത്തോളം വീടുകള്‍ സാധ്യമാക്കിയതും ആശുപത്രികള്‍ അധുനികവത്കരിച്ചതും പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കിയതും പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതും നെല്ലിന്റെ താങ്ങുവില കൂട്ടിയതും ഉള്‍പ്പെടെ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഒട്ടനവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അതൊക്കെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നായിരുന്നു മറ്റൊരംഗത്തിന്റെ വിമര്‍ശം. 

ഇത്തരം നേട്ടങ്ങള്‍ക്കു പകരം സര്‍ക്കാരിനും നേതാക്കള്‍ക്കുമെതിരേയുള്ള ആരോപണങ്ങള്‍ മേല്‍ക്കൈ നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് സദുദ്ദേശ്യപരമല്ലെന്നും നേതൃത്വത്തിലുള്ളവരുള്‍പ്പെടെ അതുകേട്ട് മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നും ജില്ലാ സെക്രട്ടറി എം.വി ജയരാജനും പറഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലേചനയാണ് ഇതിനു പിന്നില്‍.  ബി.ജെ.പിയുടെയും കോൺഗ്രസിൻ്റെയും ഫണ്ടു വാങ്ങി എണ്‍പതോളം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എം.വി ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിച്ചീടുമെന്ന് അണികൾ മുദ്രാവാക്യം മുഴക്കിയിട്ടും അവരെ മുഖ്യമന്ത്രി സ്ഥാനത്തിൻ്റെ നാലയലത്ത് പോലും അടുപ്പിക്കാത്ത പാർട്ടിയാണ് സി.പി.എം. പിന്നീട് ഉയർന്നുവന്ന സുശീല ഗോപാലനും മന്ത്രി സ്ഥാനം നൽകി ഒതുക്കി. ഇപ്പോൾ കെ.കെ. ശൈലജയുടെ പേരാണ് അണികൾ ഉയർത്തുന്നത്. എന്നാൽ രാഷ്ട്രീയ സമവാക്യങ്ങൾ കേരളത്തിൽ മാറുകയും പിണറായിയുടെ മേധാവിത്വം അവസാനിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ കെ.കെ. ശൈലജയ്ക്കു വിദൂര സാധ്യത പോലും രാഷ്ട്രീയ നിരീക്ഷകർ കൽപ്പിക്കുന്നുള്ളൂ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia