CPM | പിണറായിയുടെ പോക്ക് എങ്ങോട്ട്, പാർട്ടിയിൽ നിന്നുയരുന്ന വിമർശനങ്ങൾ പ്രതികൂലമാവുമോ?

 
Pinarayi Vijayan


ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണം കേരളത്തിലെ രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ 

കനവ് കണ്ണൂർ 

കണ്ണൂർ: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Chief Minister Pinarayi Vijayan) നടപടിയുണ്ടാകുമോയെന്ന ചോദ്യം സി.പി.എമ്മിൽ (CPM) നിന്നുയരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ (Lokshabha Election) പരാജയ കാരണം കേരളത്തിലെ രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണെന്ന കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലിനെ തുടർന്നാണ് മുഖ്യമന്ത്രി സ്ഥാനത്തുള്ള പിണറായി വിജയൻ്റെ നിലനിൽപ്പുതന്നെ ചിലർ ചോദ്യം ചെയ്യുന്നത്.

ഭരണ വിരുദ്ധ വികാരമല്ല പരാജയ കാരണമെന്ന മുഖ്യമന്ത്രിയുടെ വാദം കേരളത്തിൽ നിന്നുള്ള പി.ബി (Politburo) അംഗങ്ങൾ പോലും അംഗീകരിക്കാത്തതാണ് പാർട്ടിയിലും സർക്കാരിലും ഏകഛത്രാധിപതിയായ പിണറായിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടാൻ കാരണമായത്. കടുത്ത പിണറായി പക്ഷക്കാരായ കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഭരണ പരാജയമാണ് തോൽവിക്ക് കാരണമെന്ന നിലപാട് സ്വീകരിച്ചതോടെ ദേശീയ നേതൃത്വം മുൾമുനയിൽ നിർത്തുന്ന പിണറായി പാർട്ടിക്കുള്ളിലും ഒറ്റപ്പെട്ടത്. 

പിണറായിയെ ഇതുവരെ ചോദ്യം ചെയ്യാതെ കണ്ണൂർ, കാസർകോട് ജില്ലാ കമ്മിറ്റികളിൽ നിന്നു വരെ മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നതോടെ പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റം വന്നിരിക്കുകയാണ്. പി.ബി അംഗം എം.എ ബേബിയും (M A Baby) കേന്ദ്ര കമ്മിറ്റിയംഗമായ തോമസ് ഐസക്കും (Thomas Isaac) മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായി വിമർശനവുമായി രംഗത്തുവന്നതോടെയാണ് ജില്ലാ കമ്മിറ്റികളിലും അതിൻ്റെ അനുരണനങ്ങൾ ഉയർന്നത്. പാർട്ടി മേഖലാതല യോഗങ്ങളിൽ പങ്കെടുക്കുന്ന പ്രകാശ് കാരാട്ട് (Prakash Karat) ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി ബംഗാളിൻ്റെയും ത്രിപുരയുടെയും വഴിയിലേക്ക് പോവുകയാണെന്ന വ്യക്തമായ മുന്നറിയിപ്പാണ് നൽകിയത്. 

പാർട്ടിയിൽ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിക്കെതിരെയാണെന്ന തിരിച്ചറിവാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ജില്ലാ കമ്മിറ്റികളിലെ നേതാക്കളെയും മുഖ്യമന്ത്രിക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ പിണറായിയെ മുൻനിർത്തി നേരിട്ടാൽ വൻ പരാജയം സംഭവിക്കുകയും ബി.ജെ.പിയുടെ കടന്നുകയറലിൽ ഇല്ലാതാവുമെന്ന ആശങ്ക പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ രണ്ടാം പിണറായി സർക്കാർ പരാജയമാണെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുമ്പോൾ പരോക്ഷമായി വിമർശനത്തിൻ്റെ അമ്പുകൾ കൊള്ളുന്നത് മുഖ്യമന്ത്രിയിലേക്ക് തന്നെയാണെന്ന് വ്യക്തമാണ്. 

പശ്ചിമ ബംഗാളിലെ ഏറ്റവും ഒടുവിലത്തെ മുഖ്യമന്ത്രിയായ ബുദ്ധദേവ്ദാസ് ഭട്ടാചാര്യയും ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരും വ്യക്തിപരമായ അഴിമതിയാരോപണങ്ങൾ നേരിട്ടിരുന്നില്ല. എന്നാൽ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കുടുംബത്തെ ചുറ്റിയും വൻ അഴിമതിയാരോപണങ്ങളാണ് ഉയരുന്നത്. ഇതേ രീതിയിൽ കേരളത്തിൽ പാർട്ടിയുടെ തകർച്ച അതിവേഗത്തിലാണെന്ന വിലയിരുത്തലാണ് കേന്ദ്ര കമ്മിറ്റിക്കുള്ളത്. മുഖ്യമന്ത്രിയെയും ഇനിയും കഴിവ് തെളിയിച്ചിട്ടില്ലാത്ത പാർട്ടി മന്ത്രിമാരെയും മാറ്റാതെ പാർട്ടിക്ക് ഇനി മുൻപോട്ടു പോകാനാവില്ലെന്ന വിമർശനമാണ് കീഴ്ഘടകങ്ങളിൽ നിന്നും ഉയരുന്നത്. പാർട്ടിയിൽ നിന്നു മാത്രമല്ല ഘടകകക്ഷിയായ സി.പി.ഐയിൽ നിന്നും മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നത് കാര്യങ്ങളെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. 

ഉപതെരഞ്ഞെടുപ്പുകളും ഇതിനു ശേഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിലും അതിശക്തമായ തിരിച്ചുവരവ് നടത്തിയില്ലെങ്കിൽ പാർട്ടിയിൽ മഹാമേരുവായി ഉയർന്നു നിൽക്കുന്ന  പിണറായിയുടെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. പാർട്ടിക്കുള്ളിൽ തെറ്റു തിരുത്തൽ രേഖ നടപ്പിലാക്കുന്നതോടെ കേരളത്തിലെ പാർട്ടിയിലും സർക്കാരിലും സമൂലമായ അഴിച്ചു പണിയാണ് സി.പി.എം ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. പാർട്ടിയിലും സർക്കാരിലും കമ്യൂണിസ്റ്റ് മൂല്യങ്ങൾ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ തന്നെ പ്രസക്തി കുറയുന്ന സി.പി.എമ്മിന് അതു ഞാണിൻമേൽ കളിയായി തന്നെ മാറിയേക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia