CPM | കേരള സിപിഎമ്മിനെ ഇത്തരത്തിലാക്കിയത് ഇവര്‍; ആദ്യം തിരുത്തേണ്ടത് ആര്?

 
CPM


എ.ഐ ക്യാമറാ ഇടപാടില്‍ ആദ്യം സംസ്ഥാനഘടകം മുഖ്യമന്ത്രിക്കെതിരായിരുന്നു. എന്നിട്ട് പോലും ദേശീയനേതൃത്വം അനങ്ങിയില്ല

 ആദിത്യൻ ആറന്മുള 

(KVARTHA) നാട്ടിലുള്ളവരെല്ലാം സിപിഎമ്മിനെ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ജില്ലാ കമ്മിറ്റികളും കേന്ദ്രകമ്മിറ്റികളുമാണ് മുന്നില്‍ പന്തംകൊളുത്തി പടനയിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സര്‍ക്കാരിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനം, തെറ്റുതിരുത്തല്‍ രേഖ, മുഖ്യമന്ത്രിയെ മാറ്റി നിര്‍ത്തണം തുടങ്ങിയ പ്രതിവിധികളാണ് ഇവരെല്ലാം മുന്നോട്ട് വയ്ക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സടകുടഞ്ഞെണീറ്റിട്ടുണ്ട്. മാധ്യമങ്ങള്‍, രാഷ്ട്രീയ നിരീക്ഷകര്‍, പൊതുജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ സ്വാധീനമുള്ളവര്‍ അടക്കം നിരവധി പേര്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവര്‍ത്തനങ്ങള്‍ ജനപ്രിയമല്ലെന്നും ചൂണ്ടിക്കാണിക്കുകയും വിമര്‍ശനം നടത്തുകയും തിരുത്തലുകള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ട് രണ്ട് കൊല്ലത്തോളമായി. 
 

CPM

അന്നൊക്കെ ഈ വിമര്‍ശന പുങ്കവന്മാരെവിടെയായിരുന്നു. കേന്ദ്രകമ്മിറ്റി സര്‍ക്കാരിലോ, സംസ്ഥാന ഘടകത്തിലോ ഒരു തരത്തിലും ഇടപെടാന്‍ തയ്യാറായില്ല. എ.ഐ ക്യാമറാ ഇടപാട്, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസുകള്‍, ഇ.പി ജയരാന്‍ വിവാദം, സര്‍ക്കാര്‍ പരിപാടികളിലെ ധൂര്‍ത്ത്, മുഖ്യമന്ത്രി പല തവണ പദവിക്ക് നിരക്കാത്ത രീതികളില്‍ പ്രതികരണങ്ങള്‍ നടത്തിയത്, അദ്ദേഹത്തിന്റെ മകളുടെ കമ്പനി എകെജി സെന്ററിലെ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് അടക്കമുള്ള അതീവഗുരുതരമായ വിഷയങ്ങള്‍ ഉയര്‍ന്നപ്പോള്‍ ദേശീയ ജനറല്‍ സെക്രട്ടറിയും കേന്ദ്ര നേതൃത്വവും എവിടെയായിരുന്നു. 

എ.ഐ ക്യാമറാ ഇടപാടില്‍ ആദ്യം സംസ്ഥാനഘടകം മുഖ്യമന്ത്രിക്കെതിരായിരുന്നു. എന്നിട്ട് പോലും ദേശീയനേതൃത്വം അനങ്ങിയില്ല. പാര്‍ട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്ത് നിന്ന് ലഭിക്കുന്ന ഭീമമായി ഫണ്ടും വാങ്ങി, എകെജി ഭവനിലെ ശീതീകരിച്ച മുറികളില്‍ ഉണ്ടുറങ്ങിക്കഴിയുകയായിരന്നു. ക്ഷേമപെന്‍ഷന്‍ വിതരണം നിലച്ചിട്ട് പോലും ഇടപെടാതിരുന്ന കേന്ദ്രനേതൃത്വം കതിരേല്‍ വളമിടുന്ന പരിപാടിയാണ് ഇപ്പോള്‍ നടത്താന്‍ തുടങ്ങുന്നത്. വ്യവസായികള്‍, കളങ്കിത വ്യക്തിത്വങ്ങള്‍ എന്നിവരുമായി പാര്‍ട്ടിനേതാക്കള്‍ക്കും മക്കള്‍ക്കുമുള്ള ബന്ധത്തിന് തടയിടുന്നത് പോയിട്ട് താക്കീത് നല്‍കാന്‍ പോലും സംസ്ഥാനത്തുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്ക് കഴിഞ്ഞില്ല. 

എം.എ ബേബിക്ക് പിണറായിയുടെ മുന്നില്‍ നേരെ നിന്ന് കാര്യം പറയാനുള്ള ശേഷിയില്ലെന്നാണ് ആക്ഷേപം. അദ്ദേഹത്തിന്റെ തന്നെ നിലപാടുകളാണ് ഇത്തരത്തിലാക്കിയത്. എ വിജയരാഘവനാകട്ടെ, ഭാര്യ ബിന്ദുവിനെ പിണറായി മന്ത്രിയാക്കിയതോടെ കമാന്നൊരക്ഷരം മിണ്ടില്ല. മുഖ്യമന്ത്രിയെ തിരുത്തേണ്ട സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തിരുവായ്ക്ക് എതിര്‍വായില്ലാതെ തൊഴുത് നില്‍ക്കുകയാണ്. കാരണം മറ്റൊന്നുമല്ല, കാരണഭൂതനാണ് അദ്ദേഹത്തെ സെക്രട്ടറി പദത്തിലേക്ക് പിന്‍വാതിലിലൂടെ കൊണ്ടുവന്നത്. ഇ.പി ജയരാജനെ മറികടന്നായിരുന്നു ആ സ്ഥാനാരോഹണം. അങ്ങനെയാണ് ഇ.പി ബിജെപി ബാന്ധവത്തിന് ഇറങ്ങിത്തിരിച്ചത്. 

ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധമായ നിരവധി നടപടികള്‍ സര്‍ക്കാരിലും പാര്‍ട്ടി സംസ്ഥാന ഘടകത്തിലും ഘോഷയാത്രയായി വന്നപ്പോഴും യച്ച്യൂരിയും കാരാട്ട് ദമ്പതിമാരും കണ്ടില്ലെന്ന് നടിച്ചു. ക്ഷേമപെന്‍ഷനില്ലാതെ രണ്ട് വൃദ്ധകള്‍ തെരുവില്‍ ഭിക്ഷയെടുക്കാനിറങ്ങിയത്, കാശ്മീരിലും ഡല്‍ഹിയിലും പ്രതിഷേധങ്ങള്‍ക്ക് ഇറങ്ങുന്ന, ബൃന്ദാ കാരാട്ട് കണ്ടില്ല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഹെല്‍മറ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ അതിനെ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ ശൈലി ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ പോലും കേന്ദ്ര നേതൃത്വം തയ്യാറല്ല.

മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുന്നത് എങ്ങനെയാണ്, തെറ്റ് കാണിക്കുമ്പോള്‍ ആദ്യം പറഞ്ഞ് മനസ്സിലാക്കും വീണ്ടം തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ വഴക്ക് പറയും അതിലും കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ ശാസിക്കും, എന്നിട്ടും നന്നായില്ലെങ്കില്‍ നല്ല ചൂരല്‍ പ്രയോഗം നടത്തും. ഒന്നുകില്‍ അവന്‍ നന്നാവും അല്ലെങ്കില്‍ കുറച്ചെങ്കിലും മര്യാദ പഠിക്കും. ഇതിലൊന്നും നില്‍ക്കാത്ത വളരെ ചുരുക്കം പേരെ വഴിതെറ്റി പോകാറുള്ളൂ. സിപിഎം കേന്ദ്രനേതൃത്വം ഇതൊന്നും ചെയ്തിട്ടില്ല. കേരളത്തെ ബാധിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സിപിഎം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തിട്ട് എത്ര കാലമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരുവനന്തപുരം വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയില്‍ കേന്ദ്രകമ്മിറ്റി ചേര്‍ന്നല്ലോ എന്നിട്ട് എന്തെങ്കിലും കാര്യങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്‌തോ. 

സര്‍ക്കാരിന്റെയും മുഖ്യന്ത്രിയുടെയും പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തി അന്ന് ചൂണ്ടിക്കാട്ടാമായിരുന്നല്ലോ. അവസരങ്ങളുണ്ടായപ്പോഴൊന്നും ഒന്നും ചെയ്യാതെ കയ്യുംകെട്ടി നോക്കിയിരുന്നിട്ട്, മലവെള്ളത്തില്‍ എല്ലാം ഒലിച്ചുപോകുമെന്നായപ്പോള്‍ മുട്ടിട്ട് നിര്‍ത്താന്‍ ഇറങ്ങിയിരിക്കുന്നു. നേതാക്കന്‍മാരും മന്ത്രിമാരും തെറ്റ് കാണിക്കുമ്പോള്‍ അവരെ ന്യായീകരിക്കുന്നതിന് പകരം പാര്‍ട്ടി തിരുത്തണമായിരുന്നു. തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രനും ഭര്‍ത്താവും എം.എല്‍എയുമായ സച്ചിന്‍ദേവും നഗരമധ്യത്തില്‍ കാണിച്ച ആഭാസം നഗരസഭാ ഭരണം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്തിച്ചെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. 

സംഭവം നടന്നപ്പോള്‍ ആര്യയെ ന്യായീകരിക്കുന്നവരുടെ നീണ്ട നിരയായിരുന്നു പാര്‍ട്ടിയിലുണ്ടായിരുന്നത്. മേയര്‍ക്ക് തെറ്റ് പറ്റിയെന്ന് പറയാന്‍ ആരും തയ്യാറായില്ലെന്ന് മാത്രമല്ല പാര്‍ട്ടി അവരെ ശാസിക്കുക പോലും ചെയ്തില്ല. നിയമം പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട രണ്ട് ജനപ്രതിനിധികള്‍ തെരുവില്‍ കിടന്ന് കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴക്കുണ്ടാക്കി. അത് പോലും തിരുത്താന്‍ തയ്യാറാകാത്തവര്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനേയും തിരുത്താനിറങ്ങിയിരിക്കുന്നു! തലപ്പത്തുള്ളവരുടെ നിലപാടുകളും പ്രവര്‍ത്തികളും ശരിയല്ലെങ്കില്‍ ഏത് പ്രസ്ഥാനവും അധ:പ്പതിക്കും.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia