Kerala Bank | കേരള ബാങ്കിന് മേൽ വട്ടമിട്ടു പറക്കുന്നു റിസർവ് ബാങ്ക്; അപ്പർ പ്രൈമറി സഹകരണ സംഘങ്ങളിലും ആശങ്കയുടെ കരിനിഴൽ

 

 
rbi downgrades kerala bank to c class
rbi downgrades kerala bank to c class


25 ലക്ഷത്തിന് മുകളിൽ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്

കനവ് കണ്ണൂർ 

കണ്ണൂർ: (KVARTHA) കരുവന്നൂർ സഹകരണ ബാങ്ക് കുംഭകോണത്തോടെ വിശ്വാസ തകർച്ചയും വൻ തിരിച്ചടിയുമാണ് സി.പി.എമ്മിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ മേഖല നേരിടുന്നത്. അപ്പർ പ്രൈമറി സഹകരണ സ്ഥാപനങ്ങൾക്കു മേൽ നേരത്തെ കേന്ദ്ര സർക്കാർ നോട്ടമിട്ടു കഴിഞ്ഞിരുന്നു. സാമ്പത്തിക ക്രയവിക്രയം നടത്തുന്നതിന് ഇവയ്ക്കുള്ള തടസങ്ങൾ ഒന്നാം മോദി സർക്കാർ നടപ്പിലാക്കിയ നോട്ടു നിരോധനം മുതൽ ഇത്തരം സ്ഥാപനങ്ങൾ നേരിട്ടിരുന്നുവെങ്കിലും ജില്ലാ ബാങ്കിൻ്റെ പഴുതിലൂടെ രക്ഷപ്പെടുകയായിരുന്നു. 

ഭാവിയിൽ ഇത്തരം വൈതരണികൾ മുറിച്ചു കടക്കാനുള്ള പോംവഴിയായാണ് സംസ്ഥാന സർക്കാർ കേരള ബാങ്ക് രുപീകരിച്ചത്. എന്നാൽ ഇപ്പോഴിതാ കേരള ബാങ്കിനു മുകളിലും ആധിപത്യത്തിൻ്റെയും നിയന്ത്രണങ്ങളുടെയും നുകങ്ങൾ ആഴ്ത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാരിൻ്റെ ഒത്താശയോടെ റിസർവ് ബാങ്ക് എന്നാണ് ആക്ഷേപം. റിസര്‍വ് ബാങ്കിന്‍റെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച് സി ക്ലാസ് പട്ടികയിലാണ് കേരള ബാങ്കിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ വ്യക്തിഗത വായ്പകൾ 25 ലക്ഷത്തിൽ കൂടുരുതെന്നും കാണിച്ചാണ് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് റിസർവ് ബാങ്ക് അധികൃതർ കത്തയച്ചത്. പുതിയ വായ്പകൾ മാത്രമല്ല, 25 ലക്ഷത്തിന് മുകളിൽ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തിക ഇടപാടുകളിൽ 80 ശതമാനം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.

കേരളാ ബാങ്കിന്‍റെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൻ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റി നബാര്‍ഡാണ്. മൂലധന പര്യാപ്തതയും നിഷ്ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പരിഗണിച്ചും മാര്‍ക്കിട്ടുമാണ് റാങ്കിംഗ് ശുപാര്‍ശകൾ തയ്യാറാക്കുന്നത്. ഭരണ സമിതിയിൽ രാഷ്ട്രീയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്തതും ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും കേരളാ ബാങ്കിന് തിരിച്ചടിയായിട്ടുണ്ട്.

ഇതിനൊപ്പം വിവിധ സര്‍ക്കാര്‍ ഏജൻസികൾക്ക് അനുവദിച്ച വായ്പകൾ വഴി കിട്ടാക്കടവും കുമിഞ്ഞു കൂടിയിട്ടുണ്ട്. രണ്ട് ലക്ഷത്തിൽ അധികം വരുന്ന സ്വര്‍ണ പണയത്തിൻ മേൽ ഒറ്റയടിക്ക് തിരിച്ചടവ് പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് നേരത്തെ റിസര്‍വ് ബാങ്ക് കേരളാ ബാങ്കിന് പിഴയിട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ സി ക്ലാസ് പട്ടികയിലേക്കുള്ള തരംതാഴ്ത്തൽ. വച്ചടി വച്ചടി കയറ്റവും ലാഭക്കണക്കുമായി പിണറായി സര്‍ക്കാര്‍ കേരളാ ബാങ്കിനെ കൊണ്ടാടുമ്പോഴാണ് റിസര്‍വ് ബാങ്ക് വക തിരിച്ചടി നേരിട്ടത്. 

സർക്കാരിനെ പ്രതിസന്ധി ഘട്ടങ്ങളിൽ വായ്പ നൽകിയിരുന്ന സ്ഥാപനം കൂടിയാണ് കേരള ബാങ്ക്. സി.പി.എം നേതാക്കളാണ് ഇതിൻ്റെ തലപ്പത്തുള്ളത്. നിയമനങ്ങൾ ഇപ്പോൾ പി.എസ്.സിയാണ് നടത്തി വരുന്നതെങ്കിലും താൽക്കാലിക നിയമനം വഴിയുള്ള പിൻവാതിൽ നിയമനവും തകൃതിയായി നടന്നുവരുന്നുണ്ടെന്ന് ആരോപണമുണ്ട്. പാർട്ടിയുടെയും സർക്കാരിൻ്റെയും കാമധേനുവായ കേരള ബാങ്കിന് മേൽ റിസർവ് ബാങ്ക് വട്ടമിട്ടു പറക്കുമ്പോൾ ബാങ്കുകളായി പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി സഹകരണ സ്ഥാപനങ്ങളും ആശങ്കയിലാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia