Speaker | ഓം ബിർള ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു; ഇരിപ്പിടത്തിലേക്ക് ആനയിക്കാൻ മോദിക്കൊപ്പം പ്രതിപക്ഷ നേതാവായി രാഹുലും


269 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്
ന്യൂഡെൽഹി: (KVARTHA) ലോക്‌സഭാ സ്പീക്കറായി ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഓം ബിർളയെ അഭിനന്ദിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് ഓം ബിർള ലോക്‌സഭാ സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ്.
ശബ്ദവോട്ടോടെയാണ് ഓം ബിർള വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിൻ്റെ പേര് നിർദേശിച്ചു, അതിനുശേഷം അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്‌നാഥ് സിംഗ് എന്നിവർ പിന്തുണച്ചു. എൻഡിഎയിലെ ഘടകകക്ഷി നേതാക്കളും ഈ നിർദേശത്തെ പിന്തുണച്ചു.
പ്രധാനമന്ത്രി മോദിക്കും പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവിനുമൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഓം ബിർളയെ ഇരിപ്പിടത്തിലേക്ക് ആനയിക്കാൻ എത്തിയത് ശ്രദ്ധേയമായി. ചൊവ്വാഴ്ച രാത്രിയാണ് രാഹുലിനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് പ്രഖ്യാപിച്ചത്.
സ്പീക്കർ എന്ന നിലയിൽ കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിലും പ്രശസ്തനാണ് ഓം ബിർള. രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മൂന്ന് തവണ എംപിയായ അദ്ദേഹം രാജസ്ഥാനിൽ മൂന്ന് തവണ എംഎൽഎയായിട്ടുണ്ട്. ബിർളയുടെ കാലത്താണ് പുതിയ പാർലമെൻ്റ് മന്ദിരം നിർമിച്ചത്. മൂന്ന് ക്രിമിനൽ നിയമങ്ങൾ, ആർട്ടിക്കിൾ 370 നീക്കം ചെയ്യൽ, പൗരത്വ ഭേദഗതി നിയമം തുടങ്ങി നിരവധി സുപ്രധാന നിയമങ്ങളും ഈ കാലയളവിൽ പാസാക്കി. 100 ലോക്‌സഭാ എംപിമാരെ സസ്‌പെൻഡ് ചെയ്തതടക്കമുള്ള കടുത്ത നടപടികളെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു.