Politics | ഇപ്പോൾ പഴയപോലെ അല്ല, ജനകീയാസൂത്രണവും കുടുംബശ്രീയുമൊക്കെ എംഎൽഎയെയും മന്ത്രിയെയും സൃഷ്ടിക്കുന്നുണ്ട്; ഉദാഹരണം മന്ത്രി ഒ ആർ കേളു തന്നെ!


വിദ്യാർത്ഥി - യുവജന രാഷ്ട്രീയ നേതാക്കളെ മാത്രം ആശ്രയിക്കുന്ന രീതിക്ക് മാറ്റം
ഏദൻ ജോൺ
(KVARTHA) പണ്ട് കോളജിൽ പഠിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് സംഘടനാ തലത്തിൽ ശോഭിച്ചവർക്കുള്ളതായിരുന്നു മന്ത്രി, എംഎൽഎ, എം പി തുടങ്ങിയ സ്ഥാനങ്ങൾ. സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് വിദ്യാർത്ഥി സംഘടനയുടെ തലപ്പത്ത് നിൽക്കുന്നവർ പിന്നെ എൽ.എൽ.ബി എടുക്കാനുള്ള തത്രപ്പാടായി. അങ്ങനെ വരുന്നവർക്ക് മാത്രമേ രാഷ്ട്രീയത്തിൽ നിലനിൽപ്പുള്ളു എന്ന് വലിയൊരു ശതമാനം ആളുകളും വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ ഡിഗ്രി, പി ജി ഒക്കെ കഴിഞ്ഞ് ലോ കോളേജിലോ ലോ അക്കാഡമിയിലോ ചേർന്ന് പഠിക്കാനുള്ള തത്രപ്പാടായിരിക്കും പിന്നീട് നമ്മുടെ കുട്ടി നേതാക്കൾക്ക്. ഇത്രയും ആയില്ലെങ്കിൽ തൻ്റെ രാഷ്ട്രീയ ഭാവി തീർന്നു എന്നാണ് ഈയുള്ളവരുടെ വിചാരം.
ഇവർ സ്വന്തം നാട്ടിലെ പൊതുപ്രവർത്തനങ്ങളിൽ സജീവമാകുന്നുമില്ല. അങ്ങനെ നിന്നാൽ തങ്ങളുടെ ഡിമാൻ്റ് പോകുമെന്ന് വിശ്വസിച്ചിരുന്നവരാണ് വളരെയധികം വിദ്യാർത്ഥി നേതാക്കൾ. എന്നാൽ കാലം മാറി, കഥമാറി. കുടുംബശ്രീയുടെയും ജനശ്രീയുടെയും വിവിധ കുടുംബാസൂത്രണ പദ്ധതിയുടെ ഫലമായി സ്‌കൂളിൽ നിന്നോ കോളേജിൽ നിന്നോ അല്ലാതെ തന്നെ ധാരാളം പൊതുപ്രവർത്തകർ നമ്മുടെ ഭരണ സംവിധാനത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് കടന്നുവരുന്നുണ്ടെന്നതാണ് വാസ്തവം. കുടുംബശ്രീയോ ജനശ്രീയോ ഒന്നുമില്ലായിരുന്നെങ്കിൽ ഇവർ ഒന്നും ആകുമായിരുന്നില്ല, ആരും അറിയപ്പെടാതെ പോകുമായിരുന്നു എന്നതാണ് സത്യം.
ഈ സംവിധാനങ്ങളുടെയൊക്കെ ആവിർഭാവത്തോടെ വളരെ കുറഞ്ഞ നാൾകൊണ്ട് നേതൃരംഗത്തേയ്ക്ക് കടന്നു വന്ന നിരവധി ആളുകൾ ഉണ്ട്. അവരിൽ ഉദാഹരണമായി എടുത്തുപറയാൻ പറ്റിയ ഒരാളാണ് ഇപ്പോഴത്തെ കേരളത്തിലെ പുതിയ മന്ത്രി ഒ ആർ കേളു. അദ്ദേഹം വന്നവഴിയെപ്പറ്റിയുള്ള ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിച്ചത്. അപ്പോഴാണ് നമ്മുടെ നാട്ടിലെ പുതിയ മാറ്റത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇടയായത്. ശ്രീജിത്ത് എന്ന ഉപയോക്തവാണ് കേളുവിനെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചും ജനശ്രീയെക്കുറിച്ചും എടുത്ത് പറഞ്ഞ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെയാണ്:
ഒ ആർ കേളുവിന്റെ പ്രൊഫൈൽ നോക്കിയാൽ അദ്ദേഹം 1998ൽ ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ആണ് സജീവമായി പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങിയത് എന്ന് കാണാം. 2000ൽ പഞ്ചായത്തു മെമ്പർ. 2005 മുതൽ 2015 വരെ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തു മെമ്പർ. 2016 മുതൽ എംഎൽഎ. ഇങ്ങനെ പടിപടിയായാണ് അദ്ദേഹം വരുന്നത്. എന്ന് വെച്ചാൽ ജനകീയാസൂത്രണ പദ്ധതി ആണ് മികച്ച ഒരു സംഘാടകനെ സിപിഎമ്മിനും അത് വഴി നാടിനും സമ്മാനിച്ചത്. പ്രവർത്തിച്ചു പ്രവർത്തിച്ചു മികവ് തെളിയിച്ചു ഇരുപത്തിയാറു വർഷം കൊണ്ട് അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് എത്തി.
മന്ത്രിസ്ഥാനം ഒക്കെ എത്തുന്നത് അപൂർവം ആയിരിക്കാം, കേളുവിന്റേതെന്നു സ്‌പെഷൽ കേസും ആവാം, എങ്കിലും എത്രയോ മികച്ച സംഘാടകാരെ ആണ് ജനകീയാസൂത്രണവും കുടുംബശ്രീയും ഒക്കെ പൊതുപ്രവർത്തന രംഗത്തേക്ക് ലോഞ്ച് ചെയ്തത്. അവരിൽ പലരും ആണ് ഇന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചലിപ്പിക്കുന്നത്. ചിലപ്പോൾ വീട്ടിൽ ഒതുങ്ങി പോവുകയായിരുന്ന ഒട്ടനവധി സ്ത്രീകളെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കൊണ്ട് വന്നത്. എല്ലാം രാഷ്ട്രീയപാർട്ടികൾക്കും അതിന്റെ ഗുണം ഉണ്ടായിട്ടുണ്ട്, കൂടുതൽ പേര് ഉണ്ടായതു ഇടതുപക്ഷത്തു ആവാം.
ഇടയ്ക്ക് കോൺഗ്രസ് പ്രത്യേകമായി രൂപം നൽകിയ ജനശ്രീ അതിന്റെ താഴെ തട്ടിലെ പ്രവർത്തങ്ങളിലേക്കു പുതിയ ആളുകളെ എത്തിച്ചത് എന്റെ നാട്ടിൽ തന്നെ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു പക്ഷെ കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയബോധം അടിത്തട്ടിൽ ഇന്നും ശക്തമായി നിൽക്കുന്നതും വിഭജനത്തിന്റെ പ്രചാരണത്തെ ചെറുത്ത് നിൽക്കപെടുന്നതും താഴെത്തട്ടിൽ ഒട്ടനവധി കഴിവുള്ള സംഘടകർ ഉണ്ട് എന്നത് കൊണ്ടാണ്. അല്ലെങ്കിൽ എന്നെ ഇതൊക്കെ പൊളിഞ്ഞു വീണേനെ. അറുപതുകൾ മുതൽ അടുത്ത പത്തു നാൽപതു വർഷം എങ്കിലും കേരളത്തിലെ ഇടത് - വലത് രാഷ്ട്രീയ പാർട്ടികളിലേക്കു നേതാക്കളെ ഫീഡ് ചെയ്തിരുന്ന വിദ്യാർത്ഥി രാഷ്ട്രീയം അതിന്റെ ഔട്ട്പുട്ട് ക്വാളിറ്റിയിൽ എല്ലാ തരത്തിലും ശുഷ്ക്കിച്ചിട്ടുണ്ട്.
സാമ്പ്രദായിക രീതിയിൽ ഉള്ള സംഘടനാ സംവിധാനങ്ങളിൽ നിന്നു മാറാൻ സാധിക്കാതെ കുടുങ്ങി പോയ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾക്ക് ഇനിയെത്ര കാലം അതിന്റെ റോൾ കേരള രാഷ്ട്രീയത്തിൽ ഉണ്ടാവും എന്ന് കണ്ടറിയണം. വിദ്യാർത്ഥി - യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതൃത്വത്തിലൂടെ നേരിട്ട് ഫീഡ് ചെയ്യപെടുന്നവർക്ക് രാഷ്ട്രീയപാർട്ടികളുടെ പ്രാദേശിക കമ്മിറ്റികൾക്കും നിയമസഭയിലേക്കും പാർലിമെന്റിലേക്കും ഒക്കെ പ്രയോറിറ്റി കിട്ടുമ്പോൾ ഒട്ടനവധി മികച്ച പ്രവർത്തകരും നേതാക്കളും പ്രാദേശിക തലത്തിൽ തന്നെ നിന്ന് പോകുന്നുണ്ട്.
അതിൽ പലരും അവസരം കിട്ടിയാൽ മികച്ച പ്രവർത്തനം നടത്താൻ ശേഷി ഉള്ളവരുമാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നിയമസഭയിലേക്ക്, വിജയസാധ്യത കൂടിയ സീറ്റുകളിൽ, ഒരു അമ്പതു ശതമാനം എങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ കഴിവ് തെളിയിച്ചു വരുന്നവർക്ക് മാറ്റി നിൽക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ ഇനിയുള്ള കാലം 'കേരള മോഡലിന്' നിലനിൽപ്പുണ്ടാവൂ'.
ഇതാണ് ആ കുറിപ്പ്. തീർച്ചയായും നമ്മെ പിടിച്ചിരുത്തുന്നതും ചിന്തിപ്പിക്കുന്നതുമായ വരികൾ തന്നെയാണ് ഇത്. ഇനിയുള്ള കാലം വിദ്യാർത്ഥി - യുവജന രാഷ്ട്രീയ നേതാക്കളെ മാത്രം ആശ്രയിച്ചാൽ ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിക്കും നിലനിൽപ്പില്ലെന്നും പൊതുരംഗത്ത് കൂടുതലായി പ്രവർത്തിക്കുന്നവരെ ആശ്രയിക്കുന്നവർക്ക് മാത്രമേ ഇവിടെ നിലനിൽപ്പുള്ളുവെന്നും വ്യക്തമാക്കുന്ന സന്ദേശമാണ് ഈ പോസ്റ്റ്. ഇനിയുള്ള കാലം വിദ്യാർത്ഥി നേതാക്കളിൽ നിന്നല്ല, കുടുംബശ്രീയിൽ നിന്നൊക്കെയായും കൂടുതൽ നേതാക്കൾ വളർന്നുവരാൻ സാധ്യത. മന്ത്രി ഒ ആർ കേളു അതിന് എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ.