Political Visit | എൻഎം വിജയന്റെ വീട്ടിലെത്തി എം വി ഗോവിന്ദൻ മാസ്റ്റർ; 'ആവശ്യമെങ്കിൽ കുടുംബത്തിന് സംരക്ഷണം നൽകും'


● തിങ്കളാഴ്ച രാവിലെ 10.45 മണിയോടെയാണ് എം വി ഗോവിന്ദൻ വിജയന്റെ വീട്ടിലെത്തിയത്.
● പ്രതിസന്ധികളെ ധൈര്യപൂർവം തരണം ചെയ്യണമെന്നും അദ്ദേഹം ബന്ധുക്കളോട് പറഞ്ഞു.
● 6, 17 തീയതികളിൽ ഡിവൈഎഫ്ഐ രാപ്പകൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
സുൽത്താൻ ബത്തേരി: (KVARTHA) വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം കടുക്കുന്നതിനിടെ അദ്ദേഹത്തിന്റെ സുൽത്താൻ ബത്തേരിയിലെ വസതി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ 10.45 മണിയോടെയാണ് എം വി ഗോവിന്ദൻ വിജയന്റെ വീട്ടിലെത്തിയത്. വിജയന്റെ മകൻ വിജേഷിനെയും മരുമകൾ പത്മജയെയും കണ്ട അദ്ദേഹം, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
കുടുംബത്തിന് സിപിഎമ്മിന്റെ എല്ലാ പിന്തുണയും എം വി ഗോവിന്ദൻ വാഗ്ദാനം ചെയ്തു. പ്രതിസന്ധികളെ ധൈര്യപൂർവം തരണം ചെയ്യണമെന്നും അദ്ദേഹം ബന്ധുക്കളോട് പറഞ്ഞു. വിജയന്റെയും മകന്റെയും മരണശേഷവും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ആക്രമിച്ചുവെന്നും ആവശ്യമെങ്കിൽ കുടുംബത്തിന് എല്ലാ സംരക്ഷണവും നൽകുമെന്നും എം വി ഗോവിന്ദൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ആത്മഹത്യാ പ്രേരണാക്കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ രാജിവയ്‌ക്കുക, പ്രതി ചേർക്കപ്പെട്ട മുഴുവൻ കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമര മുഖത്താണ് സിപിഎം.16, 17 തീയതികളിൽ ഡിവൈഎഫ്ഐ രാപ്പകൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ആത്മഹത്യ കുറിപ്പും എൻ എം വിജയൻ കെപിസിസിക്ക് എഴുതിയ കത്തുകളും പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.
#MVGovindan, #NMMVijayan, #CPI, #KeralaPolitics, #SultanBathery, #Protest