Lok Sabha | ലോക്‌സഭാ സമ്മേളനം: വിദ്യാഭ്യാസ മന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 'നീറ്റ്' മുദ്രാവാക്യവുമായി പ്രതിപക്ഷം!
നേരത്തെ, പരീക്ഷയിലെ ക്രമക്കേടുകളിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കേന്ദ്രത്തെ കടന്നാക്രമിക്കുകയും പാർട്ടി പാർലമെൻ്റിൽ വിഷയം ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു
ന്യൂഡെൽഹി: (KVARTHA) 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി രാജ് നാഥ് സിംഗും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എംപിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പ്രതിപക്ഷ നേതാക്കൾ ലോക്‌സഭയിൽ പ്രതിഷേധമുയർത്തുകയും മുദ്രാവാക്യവും വിളിക്കുകയും ചെയ്‌തു.
ധർമ്മേന്ദ്ര പ്രധാൻ പാർലമെൻ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ മുന്നോട്ട് വന്നപ്പോൾ, നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ സഭയിൽ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പ്രതിപക്ഷ മുദ്രാവാക്യങ്ങൾക്കൊടുവിൽ ധർമേന്ദ്ര പ്രധാൻ സത്യപ്രതിജ്ഞ ചെയ്തു. 2024ലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു.
നേരത്തെ, പരീക്ഷയിലെ ക്രമക്കേടുകളിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കേന്ദ്രത്തെ കടന്നാക്രമിക്കുകയും പാർട്ടി പാർലമെൻ്റിൽ വിഷയം ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു. സുപ്രധാന വിഷയങ്ങൾ കത്തിനിൽക്കുന്ന സാഹചര്യത്തിൽ ലോക്‌സഭയുടെ ആദ്യ സമ്മേളനം വലിയ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് കരുതുന്നത്.
Dharmendra Pradhan Minister of Education takes oath as a member of the 18th #LokSabha @dpradhanbjp @EduMinOfIndia pic.twitter.com/6pvClxOMTT
— DD News (@DDNewslive) June 24, 2024
നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം വിദ്യാഭ്യാസ മന്ത്രാലയം സിബിഐക്ക് കൈമാറിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പരാതിയിൽ ഞായറാഴ്ചയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് അന്വേഷണ ഏജൻസി കേസെടുത്തിരിക്കുന്നത്. കേസ് അന്വേഷിക്കാൻ സിബിഐ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്.