CPM | ജയിക്കുമ്പോൾ നേട്ടം നേതാക്കൾക്ക്, തോൽക്കുമ്പോൾ കുറ്റം സൈബർ സഖാക്കൾക്കും; എന്താ ജയരാജൻ സഖാവേ ഇത്!

 
leaders get credit when they win cyber comrades get blamed
leaders get credit when they win cyber comrades get blamed


ഇനിയും തലമുറ മാറ്റം സിപിഎം വൈകിക്കൂടാ

മിൻ്റാ മരിയ തോമസ്
 
(KVARTHA) ഇനിയും തലമുറ മാറ്റം സി.പി.എം വൈകിക്കൂടാ. ഇവരൊക്കെ വെറും അമ്മാവൻ മൈൻഡ് സെറ്റ് നേതാക്കൾ ആയി മാറി കഴിഞ്ഞു.
ജയിക്കുമ്പോ നേട്ടവും തോൽക്കുമ്പോൾ സൈബർ സഖാക്കൾക്ക് കുറ്റവും.   വാർധക്യം ബാധിച്ച നേതാക്കന്മാരിൽ നിന്ന് വിപ്ലവം കിട്ടാത്തത് ആണ് അണികളും അനുഭവികളും സൈബർ ഇടങ്ങളിൽ ചേക്കേറാൻ കാരണം ഇത് എം വി ജയരാജനെപ്പോലുള്ളവർ ഇനിയെങ്കിലും മനസ്സിലാക്കുക. ജയിക്കുമ്പോൾ സൈബർ പോരാളികൾ കൊള്ളാം.തോൽക്കുമ്പോൾ പഴി അവർക്ക്. ഇതാണ് ഇടതുപക്ഷത്തിൻ്റെ ഇവിടുത്തെ ഏറ്റവും വലിയ കുഴപ്പവും ഒപ്പം തന്നെ പരാജയവും. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി  എം വി ജയരാജൻ സൈബർ പോരാളികളെ തള്ളിപ്പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഇതിനെതിനെതിരെ പല കോണുകളിൽ നിന്നും ഇപ്പോൾ വിമർശനമുയരുന്നുണ്ട്. 

അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ: സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷമെന്നു തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കുവാങ്ങപ്പെട്ടതാണ്. 'പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ... ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോൾ‌ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകൾ വിലയ്ക്കു വാങ്ങുന്നതാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാൾ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാൽ, ആ അഡ്മിൻ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഐഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്'. 

ഈ അവസരത്തിൽ ഒരു കാര്യം സഖാവ് മറന്നുപോയി. ഈ പോരാളി ഷാജി പോലെയുള്ള സൈബർ സഖാക്കൾ ഇല്ലായിരുന്നെങ്കിൽ ഇടതുമുന്നണിക്ക് ഇവിടെ ഒരു തുടർഭരണം കിട്ടില്ലായിരുന്നെന്ന്. ഇന്നത്തെ ഇടതു നേതാക്കന്മാരെ പോലെയല്ല ചില സൈബർ സഖാക്കൾ. അവർക്ക് ഇടതുപക്ഷം എന്നത് ഒരു വികാരമാണ്. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ഇടതുമുന്നണിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരുപാട് സൈബർ വിംഗ് സോഷ്യൽ മീഡിയാ കൈകാര്യം ചെയ്യുന്നുണ്ട്. കയ്യിലിരിക്കുന്ന കാശ് കൊടുത്തു നെറ്റ് ചാർജ് ചെയ്തു രാഷ്ട്രീയ എതിരാളികളുടെ നുണപ്രചരണങ്ങളെ വലിച്ചുകീറി സത്യം ജനങ്ങൾക്ക്
ബോധ്യപ്പെടുത്തി കൊടുക്കുന്നു. ലക്ഷക്കണക്കിന് സഖാക്കൾ സോഷ്യൽ മീഡിയയിലൂടെ പോരാടിയന്റെ വിജയം കൂടിയാണ് ഈ തുടർ ഭരണം എന്നത് എം.വി ജയരാജനെപ്പോലുള്ളവർ മറക്കരുത്. 

 തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്വന്തം ജീവനെക്കാൾ പാർട്ടിയെ സ്നേഹിക്കുന്ന സോഷ്യൽ മീഡിയ സഖാക്കളോ വിലകുറച്ചു കാണുന്ന ഇത്തരം നേതാക്കന്മാരുടെ  അഹങ്കാരം നിറഞ്ഞ പ്രസ്താവനകൾ ഭൗർഭാഗ്യകരമായി പോയി എന്നെ പറയേണ്ടതുള്ളു.

നേതാക്കൾ പാർട്ടിയുടെ നേതാക്കൾ മാത്രമായി മാറുന്നു, എന്ന സത്യം ജയരാജനെപ്പോലുള്ളവർ ഒരിക്കലും പറയരുത്. മുഖ്യമന്ത്രിയ്ക്കോ മന്ത്രിമാർക്കോ ജനങ്ങളുമായി ദൈനം ദിന ബന്ധമുണ്ടാകാറില്ല, ബന്ധമുള്ളത് ഉദ്യോഗസ്ഥരുമായിട്ടാണ്, അവർക്ക് ജനങ്ങളോടുള്ള സമീപനത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല, അവരെ നിലയ്ക്ക് നിർത്താൻ ഭരണകൂടത്തിന് കഴിഞ്ഞില്ലെങ്കിൽ, ഇപ്പോൾ ഉള്ളത് കൂടി ഇല്ലാതാകും എന്നത് ഇനിയെങ്കിലും പഠിക്കുക.

കേരളവും മറ്റൊരു പശ്ചിമ ബംഗാൾ ആകാൻ വലിയ താമസമൊന്നും ഉണ്ടായെന്ന് വരില്ല. തുടർഭരണവും വിജയവും വിജയം തലക്ക് പിടിച്ച് അഹങ്കാരമായി എന്തും പറയാമെന്ന സ്ഥിതിയായാൽ ജനങ്ങൾ തിരിച്ചടിക്കും. അസഹിഷ്ണുത ഒഴിവാക്കി ആദ്യം സ്വന്തം തെറ്റ് അംഗീകരിച്ച് തിരുത്താൻ
ശ്രമിക്കുന്നവർക്ക് പൊതുസ്വീകാര്യത ഉണ്ടാവും. അല്ലെങ്കിൽ സ്വന്തം പ്രസ്ഥാനമടക്കം തള്ളി പറയും. ചാവേറാവാതെ വഴികാട്ടിയാവണം.
എക്കാലവും ലഭിക്കാവുന്ന സീറ്റുകളായിരുന്നു വടകര, കൊല്ലം, കാസർഗോഡ് അതെല്ലാം
എങ്ങനെ പോയി എന്ന് മാത്രം ചിന്തിച്ചാൽ മതി ഉത്തരം കിട്ടും.

 എല്ലാവരെയും പുറത്താക്കണം. അവസാനം ചിറ്റപ്പനും മക്കളും മാത്രം കാണണം. തിരഞ്ഞെടുപ്പ് ദിവസം രാവിലെ തന്നെ ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ച സമ്മതിച്ച മുന്നണി കൺവീനർക്കെതിരെ നടപടി ഒന്നും ഇല്ല. സോഷ്യൽ മീഡിയയിൽ പാർട്ടിക്കെതിരെ ഉണ്ടാകുന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്ന സൈബർ സഖാക്കളെ എല്ലാം പുറത്താക്കണം. എം.വി. ജയരാജനെപ്പോലുള്ളവർ ഇനിയെങ്കിലും കണ്ണടച്ച് ഇരുട്ടാക്കുന്ന നയം നിർത്തുകയാണ് വേണ്ടത്. ഇല്ലെങ്കിൽ താങ്കളെപ്പോലുള്ളവരെ ജനം പഠിക്കുപുറത്തു നിർത്തുകയാവും ചെയ്യുക. 

പാർട്ടിയിൽ നിന്ന് ശമ്പളമോ പ്രതിഫലമോ പറ്റി അല്ല ഇത്തരം സൈബർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്.  അതിനാൽ തന്നെ അവർക്ക് ബോധ്യമുള്ള ശരികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് എങ്ങനെ തടയാൻ കഴിയും?. അല്ലെങ്കിൽ ഇത്തരം സൈബർ വിങ്ങുകളെയെല്ലാം തകർക്കാൻ കഴിയുന്ന ഒരു സോഷ്യൽ മീഡിയ സംവിധാനം പാർട്ടിക്ക് ഉണ്ടാക്കിയെടുക്കാൻ  കഴിയണം. അതിന് ഇതുവരെ ഒരു ശ്രമം പോലും ഉണ്ടായിട്ടില്ല. അങ്ങനെ വന്നാൽ അഡ് മിൻ ആയിരിക്കുന്നവന് കാശ് കൊടുത്ത് കൈപൊള്ളും. അതിനാൽ അതിന് സഖാക്കൾക്ക് പറ്റില്ല താനും. ഇലക്ഷൻ ടൈമിൽ പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ബിജെപി ക്ക് വേണ്ടി പി.ആർ വർക്ക് നടന്നിട്ടുണ്ടെന്നത് പച്ചയായ സത്യം ആണ്. ഇത് ബി.ജെ. പി യെ സംബന്ധിച്ച് ഒരു രീതിയിൽ ഗുണവും  ആയിരുന്നു. ഈ പറയുന്ന എം.വി ജയരാജനെപ്പോലുള്ള ഇടത് നേതാക്കന്മാർക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കാൻ ആരും ഇല്ലാതെ പോയി. കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ഗ്രൂപ്പുകളും പേജുകളും അവർ വിലയ്ക്ക് വാങ്ങിയപ്പോൾ ഇവരൊക്കെ എവിടെ ആയിരുന്നു. എന്നിട്ട് ഇപ്പോൾ യാഥാർത്ഥ്യം മറച്ചു വെച്ച് സംസാരിക്കുന്നതുകാണുമ്പോൾ ഇടത് അനുഭാവികളിൽ നിന്ന് തന്നെ പുച്ഛവും പരിഹാസവും ആകും ഉണ്ടാകുക എന്നത് മറക്കരുത്.

എം.വി. ജയരാജൻ സഖാവിൻ്റെ ഇത്തരത്തിലുള്ള പ്രസ്താവന വന്ന ശേഷം ഒരു സാധാരണക്കാരനായ ഇടതു പ്രവർത്തകൻ്റെ ഒരു കമൻ്റ്
ആണ് ശ്രദ്ധയിൽപ്പെടുത്തുന്നത്. അതിൽ ഇങ്ങനെ അദ്ദേഹം പറയുന്നു: 'ഇത്രയും വലിയ തോൽവി ഉണ്ടായിട്ടും എന്ത്കൊണ്ട് നിങ്ങൾ അതിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. എന്ത് ന്യായമാണ് നിങ്ങൾക്ക് ഈ തോൽവിയോട് പറയുവാനുള്ളത്. ജനങ്ങളോട് പറയണ്ട, പക്ഷേ പാർട്ടി സഖാക്കളോടെങ്കിലും നിങ്ങൾ ഉത്തരം പറഞ്ഞേ പറ്റൂ. ബ്രാഞ്ച് കമ്മറ്റി മുതൽ പോളിറ്റ് ബ്യൂറോ നിങ്ങളെ വിശ്വസിച്ച് നിങ്ങൾ കാണിക്കുന്ന എല്ലാ കൊള്ളരുതായ്മകൾക്കും കൂടെ നിന്നവരാണ് സഖാക്കൾ. അർഹതപ്പെട്ട പലരെയും നിങ്ങളോടൊപ്പം നിൽക്കുന്നില്ല എന്നു പറഞ്ഞു കടക്ക് പുറത്താക്കുമ്പോഴും, അർഹതയില്ലാത്ത പലരെയും ഉന്നത സ്ഥാനങ്ങളിൽ കൊണ്ടെത്തിക്കുമ്പോഴും സഹിച്ചു പാർട്ടിയാണ് വലുത് എന്നു പറഞ്ഞു പാർട്ടിയോടൊപ്പം നിന്നവരെ യഥാർത്ഥത്തിൽ നിങ്ങൾ ചതിക്കുകയാണ് വഞ്ചിക്കുകയാണ് ചെയ്തിട്ടുള്ളത്..
ബിജെപിക്കെതിരെ നിങ്ങൾ വാർത്താസമ്മേളനങ്ങളിലും മൈതാനങ്ങളിലും ഘോര ഘോരം പ്രസംഗിക്കുമ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു സഖാക്കൾ. എന്നാൽ നിങ്ങൾ ഉൾപ്പെട്ട ലാവ്‌ലിൻ കേസ് ഫയൽ കഴിഞ്ഞ 10 വർഷമായി ബിജെപി സർക്കാർ തുറന്നു പോലും നോക്കിയിട്ടില്ല. തിരുവനന്തപുരത്ത് മോദിജി വന്നാൽ ആദ്യം ഓടിയെത്തുക നിങ്ങളാണ്. കളങ്കിതരായ വ്യവസായികളിൽ നിന്നും സ്വന്തം മകൾ പണം കൈപ്പറ്റുമ്പോൾ എന്തുകൊണ്ട് നിങ്ങൾ അരുതെന്ന് പറഞ്ഞില്ല. മകൾക്കെതിരെ കേസ് വന്നപ്പോൾ മോഡിയുടെ കൈപിടിച്ച് കരയുന്ന ഫോട്ടോ വരെ പത്രത്തിൽ അച്ചടിച്ചു വരികയുണ്ടായി.

 നിങ്ങൾക്ക് എതിരെ ഉണ്ടാകുന്ന ഒരു ആരോപണങ്ങൾക്കും നിങ്ങൾ മറുപടി പറയുന്നില്ല. പര നാറി എന്ന് പ്രേമചന്ദ്രനെ വിളിച്ചതിനു ശേഷം ഒരു ഇലക്ഷൻ പോലും അയാൾ തോറ്റിട്ടുമില്ല. ഇലക്ഷനിൽ തോറ്റ സഖാക്കൾ തിരുത്തണം തിരുത്തണമെന്ന് അവർക്ക് കഴിയുന്ന പ്ലാറ്റ്ഫോമുകളിൽ വിളിച്ചു
പറയുമ്പോൾ തന്നെ നിങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ഒരു ഫാദറിനെ വിവരദോഷി എന്നു വിളിച്ചു. സത്യത്തിൽ നിങ്ങൾ
ആരാണ്..?.  ഈ പാർട്ടിയെ നശിപ്പിക്കുക വഴി നിങ്ങൾക്ക് എന്താണ് കിട്ടുവാൻ പോകുന്നത്. തനിക്ക് ശേഷം പ്രളയം എന്നുള്ള ചിന്ത നിങ്ങൾ മതിയാക്കണം. ഇനി ഈ പാർട്ടി ഇല്ലായെങ്കിലും നിങ്ങൾക്ക് നിങ്ങൾ വളർത്തിയെടുത്ത നേതാക്കൾക്കോ നിങ്ങളുടെയും അവരുടെയും
 കുടുംബങ്ങൾക്കോ ഒന്നും നഷ്ടപ്പെടുവാൻ ഇല്ല. പക്ഷേ ഈ പാർട്ടിയെ വിശ്വസിച്ച് കൂടെ നിൽക്കുന്ന ധാരാളം സഖാക്കൾ പ്രസ്ഥാനത്തിൽ
ഉണ്ട്.  അവർക്ക് വേണ്ടി  നിങ്ങൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. വിശ്രമം ഈ ഘട്ടത്തിൽ നിങ്ങൾക്ക് ആവശ്യമാണ്. ദയവായി ഒഴിഞ്ഞു മാറി തരിക അപേക്ഷയാണ്.

ഇങ്ങനെയാണ് ആ ഇടതുപ്രവർത്തകൻ എം.വി.ജയരാജൻ്റെ പ്രസ്താവയ്ക്കെതിരെ പ്രതികരിച്ചത്. ഇടതുപക്ഷം ഇക്കുറി വലിയ പരാജയം കേരളത്തിൽ ഏറ്റിട്ടുണ്ടെങ്കിൽ അതിൻ്റെ പരിപൂർണ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് തുറന്നുകാട്ടുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. ഈ അവസരത്തിൽ മറ്റൊന്നും കൂടി സൂചിപ്പിക്കുന്നു. മൈക്ക് കേടായതിനു എന്താ കാണിച്ചു കൂട്ടിയത് എന്ന് എല്ലാവരും കണ്ടതാണ്. അതിനെ മുഖ്യമന്ത്രി ആക്കിയാൽ മതി. പിന്നെ കേരളത്തിൽ ഒരു ജന്മത്തും സി.പി.എം വരില്ല. ഇനിയെങ്കിലും ഒരു മാറ്റത്തിന് ഇടതു മുന്നണി തയ്യാർ ആകുകയാണ് വേണ്ടത്.

നേതാക്കന്മാരെക്കാട്ടിൽ അണികളെ സ്നേഹിക്കണം. നേതാക്കൾ കുന്നു കൂടുന്നു. അണികൾ കുറയുന്നു. അതായിരിക്കുന്നു ഇവിടുത്തെ സി.പി.എമ്മിൻ്റെ ഇന്നത്തെ അവസ്ഥ. കേരളത്തിലെ മിക്ക നിയോജകമണ്ഡലങ്ങളിലും ബി.ജെ.പി യുടെ വോട്ട് വളർച്ചയ്ക്ക് കാരണവും ഇത് തന്നെയാണ്. ഇനിയെങ്കിലും അഹങ്കാരം മാറ്റിവെച്ച് തോൽവിയിൽ പാഠം പഠിച്ച് പ്രവർത്തിക്കാൻ ശ്രമിച്ചാൽ സി.പി.എം എന്ന പ്രസ്ഥാനം നാളെയും ഇവിടെ തന്നെ ഉണ്ടാകും. അല്ലാതെ പരാജയം മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടാൻ ശ്രമിക്കുന്നത് ഓട്ടക്കലത്തിൽ വെള്ളം കൊണ്ടുപോകുന്നതിന് തുല്യമാകും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia