Bye election | നേമത്ത് പൂട്ടിച്ച അക്കൗണ്ട് പാലക്കാട് തുറക്കുമോ? കൃഷ്ണകുമാറിന് പുറമേ ശോഭയും പത്മജയും ബിജെപി പട്ടികയിൽ
ജനപ്രിയ നേതാവിനെ നിര്‍ത്തിയാല്‍ വിജയിക്കാമെന്ന പ്രതീക്ഷ ബിജെപി ക്യാമ്പിനുണ്ട്
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലം ഏതുവിധേനെയെങ്കിലും പിടിച്ചെടുക്കാൻ ബി.ജെ.പി അണിയറനീക്കം തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സി കൃഷ്ണകുമാറിന് സാധ്യതയേറെയാണെങ്കിലും വനിതാ സ്ഥാനാർത്ഥികളെ കളത്തിലിറക്കാനുള്ള നീക്കമാണ് പാർട്ടി ജില്ലാനേതൃത്വം നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും പൂട്ടിച്ച നേമത്തെ അക്കൗണ്ട് കേരള നിയമസഭയിൽ പാലക്കാട് വീണ്ടും തുറക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്
അതിശക്തരായ വനിതാ മുഖങ്ങളെയാണ് ഇത്തവണ ജില്ലയില്‍ പരിഗണിക്കാൻ സാധ്യതയുള്ളത്. ഇടതു കോട്ടയായ ആലപ്പുഴയിൽ നിന്നും മൂന്ന് ലക്ഷത്തിലേറെ വോട്ടു നേടിയ ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്നും ഉയർന്നിട്ടുണ്ട്. ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെതിരെ മത്സരിച്ച് വോട്ട് ഉയര്‍ത്തിയ ശോഭാ സുരേന്ദ്രന് പാലക്കാട് ശക്തമായ മത്സരം കാഴ്ചവെക്കാനാവുമെന്ന വിലയിരുത്തലാണ് പാലക്കാട് ജില്ലാ നേതൃത്വത്തിനുള്ളത്.
എന്നാല്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കുകയും പാലക്കാട് പത്മജ വേണുഗോപാലിനെയോ സി കൃഷ്ണകുമാറിനെയോ മത്സരിപ്പിക്കണമെന്നുമാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റിലേക്ക് മാറിയതോടെ ഒഴിഞ്ഞ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയാണ് മത്സരിക്കുന്നത്. ഇത്തവണ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വോട്ട് വര്‍ധിപ്പിക്കാനായിട്ടുണ്ട്. ഒന്നേകാൽ ലക്ഷത്തിലേറെ വോട്ടുകളാണ് സുരേന്ദ്രൻ നേടിയത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും മത്സരിച്ച ശോഭാ സുരേന്ദ്രന് വലിയതോതില്‍ വോട്ടുയര്‍ത്താന്‍ സാധിച്ചിരുന്നു. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും സി രാധാകൃഷ്ണനാണ് മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന മണ്ഡലമായിരുന്നു പാലക്കാട്. യുവ നേതാവ് ഷാഫി പറമ്പിലും മെട്രോ മാന്‍ ഇ ശ്രീധരനും തമ്മിലുള്ള മത്സരത്തില്‍ നാലായിരത്തിനടുത്ത് മാത്രം ഭൂരിപക്ഷത്തിലാണ് മൂന്നാം അങ്കത്തില്‍ ഷാഫി കടന്നുകയറിയത്.
ഒപ്പം പാലക്കാട് നഗരസഭ കൂടി തങ്ങളുടെ പക്കലാണെന്ന ആത്മവിശ്വാസവും ബിജെപിക്കുണ്ട്. ഈ സാഹചര്യത്തില്‍ ജനപ്രിയ നേതാവിനെ നിര്‍ത്തിയാല്‍ വിജയിക്കാമെന്ന പ്രതീക്ഷ ബിജെപി ക്യാമ്പിനുണ്ട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഘടനയ്ക്കുണ്ടായ വീഴ്ചകള്‍ പഠിച്ച ശേഷം മാത്രം, പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. പാലക്കാട് സി കൃഷ്ണകുമാർ മത്സരിക്കുന്നതാണ് പാർട്ടിക്ക് ഗുണം ചെയ്യുകയെന്ന അഭിപ്രായവും സംസ്ഥാന നേതൃത്വത്തിലെ ചിലർക്കുണ്ട്.