Congress | വാര്‍ത്താചോര്‍ച്ചയ്ക്ക് പിന്നിലാര്? വീണ്ടും അച്ചടക്ക ചൂരലുമായി ഹൈക്കമാന്‍ഡ്; സംശയത്തിന്റെ നിഴലില്‍ കോണ്‍ഗ്രസ് നേതാക്കള്‍


ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) കെ.പി.സി.സി യോഗത്തില്‍ വാര്‍ത്താചോര്‍ച്ച കോണ്‍ഗ്രസില്‍ വിവാദമായി മാറിയതോടെ കേരളത്തിലെ നേതാക്കള്‍ സംശയത്തിന്റെ മുള്‍മുനയില്‍. കെപിസിസി യോഗത്തിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതോടെയാണ് നേതാക്കള്‍ സംശയത്തിന്റെ നിഴലിലായത്. അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് ഹൈക്കമാന്‍ഡ് അന്വേഷണ ചുമതല നല്‍കിയിട്ടുളളത്.
യോഗത്തില്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരാണെന്ന് എത്രയും പെട്ടെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വയനാട് നേതൃത്വ ക്യാമ്പിലെയും ഭാരവാഹി യോഗത്തിലെയും ചര്‍ച്ചകളുടെ വിവരങ്ങള്‍ ചോര്‍ന്നതിലാണ് ഹൈക്കമാന്‍ഡ് അന്വേഷണം പ്രഖ്യാപിച്ചത്. പാര്‍ട്ടി യോഗത്തിലെ വിവരങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ചിലര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതായാണ് ഹൈക്കമാന്‍ഡ് ആരോപണം.
യോഗങ്ങളിലെ വിമര്‍ശനങ്ങളും ചര്‍ച്ചകളും മാധ്യമങ്ങള്‍ പുറത്തുവിട്ടതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാതി കൂടി പരിഗണിച്ചാണ് അന്വേഷണത്തിന് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് ഹൈക്കമാന്റിന്റെ നിര്‍ണായക ഇടപെടല്‍.
എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ഗുരുതര അച്ചടക്ക ലംഘനമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. എന്നാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തരകാര്യങ്ങളും ചര്‍ച്ചകളും ചോരുന്നത് ഇതു ആദ്യത്തെ സംഭവമമൊന്നുമല്ല.
കാഡര്‍ പാര്‍ട്ടിയായ സി.പി.എം പൊളിറ്റ്ബ്യൂറോ യോഗവിവരങ്ങള്‍ പോലും ചോരാറുണ്ട്. കേരളത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ വിവരങ്ങളും ചോരാറുണ്ട്. ഈ സാഹചര്യത്തിലാണ് അയഞ്ഞ സംഘടനാ സംവിധാനമുളള കോണ്‍ഗ്രസിലെ വാര്‍ത്ത ചോരുന്നത് ഹൈക്കമാന്‍ഡ് വലിയ വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടികാരണം പൊറുതി മുട്ടിയ ഹൈക്കമാന്‍ഡ് അച്ചടക്ക വടിയെടുക്കുന്നത് അണികളുടെ കണ്ണില്‍പൊടിയിടാനുളള പിപ്പിരികാട്ടലാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.