CM Pinarayi | 'മതനിരപേക്ഷതയുടെ വിള നിലമാണ് കേരളം', ഈ പറയുന്നത് മുഖ്യമന്ത്രി തന്നെയാണോ?
കെ ആർ ജോസഫ്
(KVARTHA) സി.എ.എ വിഷയം കേവലം മുസ്ലിം വിഷയമാക്കാൻ ശ്രമിച്ച് അതിലൂടെ മുസ്ലിം സമൂഹത്തിൻ്റെ ചാമ്പ്യനാക്കാൻ നോക്കിയ മുഖ്യമന്ത്രി തന്നെയാണോ ഇങ്ങനെ പറയുന്നതെന്ന് കേൾക്കുന്ന ആർക്കും സംശയം തോന്നാവുന്നതാണ്. സി.എ.എ വിഷയത്തിൽ ഫലം മുഖ്യമന്ത്രിയ്ക്ക് എതിരായിരുന്നു. മുസ്ലിങ്ങൾ കുടില തന്ത്രം തിരിച്ചറിഞ്ഞത് അവർക്ക് രക്ഷയായി. മതത്തിൻ്റെ പേരിൽ കുളം കലക്കി മീൻ പിടിക്കുന്ന ചീഞ്ഞ രാഷ്ട്രീയ നാടകങ്ങളാണ് ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഈ കേരളത്തിൽ നിരവധി കേസുകളിൽ മുഖ്യമന്ത്രിയുടെ ആഭ്യന്തരം മത സ്പർധ വർദ്ധിപ്പിക്കുന്ന പോലെയാണ് ഇടപാടുകൾ നടത്തിയിരുന്നത്. വടകരയിലെ 'കാഫിർ' പ്രയോഗമൊക്കെ വേഗം അങ്ങ് മറക്കാൻ സാധിക്കുമോ.
എന്തായാലും മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകൾ ഒന്ന് ശ്രദ്ധിക്കാം: 'ഏതു ഘട്ടത്തിലും ആശ്രയിക്കാന്‍ പറ്റുന്ന സേനയായി കേരള പൊലീസ് മാറിക്കഴിഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷം ആഭ്യന്തരവകുപ്പ് മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് നിര്‍ഭയമായി കടന്നു ചെല്ലാവുന്ന ഇടങ്ങളായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാറി. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയ കക്ഷികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിനായിട്ടുണ്ട്. അഭിമാനിക്കാന്‍ കഴിയും വിധം മതനിരപേക്ഷതയുടെ വിള നിലമാണ് കേരളം.
വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിലും ഇവിടെ ഉണ്ടായി. പൊലീസിന്റെ ഇടപെടല്‍ മൂലം വര്‍ഗീയ കക്ഷികള്‍ക്ക് ആടി തിമിര്‍ക്കാന്‍ ആയില്ല. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചു വരുന്നുണ്ട്. പഴുതടച്ച കേസ് അന്വേഷണം കേരളത്തില്‍ നടക്കുന്നു. ഫലപ്രദമായ പ്രോസിക്യൂഷന്‍ നടപടികളും ഉണ്ട്. കുറ്റകൃത്യം നടത്തി മറഞ്ഞിരുന്നാല്‍ ഒരിക്കലും പിടികൂടില്ല എന്ന ധാരണ ചിലര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് പൊലീസ് തെളിയിച്ചു. സ്ത്രീ സുരക്ഷയുടെ കാര്യത്തിലും ശക്തമായ നടപടികള്‍ സ്വീകരിച്ചു. സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ പരാതികള്‍ അറിയിക്കാനുള്ള സംവിധാനമുണ്ട്. പരാതികളില്‍ ഇരയുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കുന്ന സമീപനമാണ് പൊലീസിന്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേരളത്തില്‍ വ്യാപകമാണ്. അതിനെ ചെറുക്കാന്‍ സൈബര്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. നിരവധി പേര്‍ക്ക് ആശ്വാസമായി. ഏപ്രില്‍ വരെ 197 കോടി 62 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു. അഴിമതി സൂചികയില്‍ രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത് ഇതുകൊണ്ടാണ്. അവയവ കച്ചവടത്തില്‍ ഫലപ്രദമായ നടപടി സ്വീകരിച്ചു. ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരും ജനോന്മകമായ സമീപനം സ്വീകരിക്കുന്നു. എന്നാല്‍ പലരും തിരുത്താന്‍ തയ്യാറാകുന്നില്ല', ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
അഭിമാനിക്കാന്‍ കഴിയും വിധം മതനിരപേക്ഷതയുടെ വിള നിലമാണ് കേരളം എന്ന് പറഞ്ഞ മുഖ്യമന്ത്രിയോട് ഒന്ന് ചോദിക്കട്ടെ തനിക്കും ,തന്റെ കുടുംബാംഗങ്ങൾക്കും, കരുവന്നൂരിലെ സഹകരണ കൊള്ളക്കാർക്കും മേലുള്ള കേന്ദ്രസർക്കാരിന്റെ കുറ്റാന്വേഷണ ഏജൻസികളിൽ നിന്നും മോചനം നേടുന്നതിന് വേണ്ടി, പ്രത്യുപകാരമായി തൃശൂരിൽ താമര വിരിയിപ്പിക്കാനായി എൽഡിഎഫ് ഭരിക്കുന്ന തൃശൂർ കോർപ്പറേഷനിലെ മേയറെ കൊണ്ട് തൃശൂർ പാർലമെന്റിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ശ്രേഷ്ഠനായ സ്ഥാനാർത്ഥി സുരേഷ് ഗോപി ആണെന്ന പ്രസ്താവന ഇറപ്പിക്കാൻ കഴിയുന്നുവെങ്കിൽ, അതിനേക്കാൾ ഇപ്പറയുന്ന കാര്യത്തിലുള്ള ആത്മാർത്ഥ വിവരിക്കേണ്ടതുണ്ടോ എന്നാണ് വിമർശകർ പറയുന്നത്.
ശേഷം തൃശൂർ പൂരം, ഓരോ ദിവസവും ഓരോരോ തരത്തിലുള്ള കലക്കലുകൾ തൃശൂർ നിവാസികളെ മൊത്തത്തിൽ നിരാശപ്പെടുത്തി, വേദനിപ്പിച്ച് വോട്ടർമാരിലെ വോട്ടുകളിൽ ധ്രുവീകരണം നടത്തിയതും നാം കണ്ടു. തൃശൂർ പാർലമെൻറ് മണ്ഡലത്തിൽ ഇന്ന് നിലവിലുള്ള ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും നല്ല ഭൂരിപക്ഷത്തോടെ കൂടി എൽഡിഎഫിന്റെ നിയമസഭാ സാമാജികർ ഇരിക്കുന്നിടത്താണ് താമര വിരിയിച്ചെടുത്തത്. രാഷ്ട്രീയ ഭരണാധികാരിയുടെ കൊടുക്കൽ വാങ്ങലുകൾ, അഴിമതികൾ ഇതെല്ലാം ചെയ്യുമ്പോൾ, ഇതെല്ലാം ബാർട്ടർ സിസ്റ്റത്തിൽ ആകുമ്പോൾ ധൈര്യമായിട്ട് പറയാം എൻറെ കൈകൾ ശുദ്ധമാണെന്ന്. തൃശൂർ പാർലമെൻ്റ് സീറ്റിൽ യൂ.ഡി.എഫ് മൂന്നാം സ്ഥാനത്ത് പോയതുപോലെ തന്നെയാണ് എൽ.ഡി.എഫ് നിയമസഭാ സാമാജികർ ഉള്ള ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളിൽ എൽ.ഡി.എഫ് പിന്നോക്കം പോയത്.
ലോക് സഭാ തെരഞ്ഞെടുപ്പ് വേളയിൽ സി.പി.എമ്മിൻ്റെ മുതിർന്ന നേതാവ് ഇ.പി ജയരാജൻ ബി.ജെ.പിയ്ക്കൊപ്പം ചേരാൻ പോയെന്ന വാർത്ത നമ്മളെല്ലാം കണ്ടതാണ്. പിന്നീട് ഇ.പി യെ വിശുദ്ധനാക്കുന്ന നയമാണ് മുഖ്യമന്ത്രിയും ഇടതു നേതാക്കൾക്കളും സ്വീകരിച്ചത്. ഇന്ന് ആ ഇ.പിയും മാന്യനായി നടക്കുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി ഇന്ത്യാ സഖ്യത്തിലെ രാഹുൽ ഗാന്ധിയെ നിരന്തരം വിമർശിക്കുമ്പോഴും മോദിയ്ക്കെതിരെ അത്തരത്തിലുള്ള വാക്കുകൾ ഉരിയാടാൻ തയാർ ആകാഞ്ഞത് ജനം കണ്ടതാണ്. ഇന്ന് സി.പി.എമ്മിനും മുഖ്യമന്ത്രിയ്ക്കുമൊക്കെ ബി.ജെ.പി ബന്ധം കൂടിയെ തീരു എന്നായിരിക്കുന്നു.
പിന്നെ മുഖ്യമന്ത്രിയുടെ പാർട്ടിയിൽ പെട്ട ആളുകൾ എവിടെയെങ്കിലും എന്തെങ്കിലും അതിക്രമം ചെയ്താൽ അതെല്ലാം മായ്ക്കാൻ ഉള്ള ശ്രമം ജനം കാണുന്നുണ്ട്. എതിർവശത്തുള്ള ഒരാൾ എന്നാൽ അവനെ എങ്ങനെയും ക്രൂശിക്കുക എന്നുള്ള ശ്രമവും കാണുന്നുണ്ട്. അതാണല്ലോ തിരുവനന്തപുരം മേയർ - ബസ് സംഭവം കാണിക്കുന്നത്. അപ്പോൾ തന്നെ ആർക്കും ഊഹിക്കാം മുഖ്യമന്ത്രി പറയുന്നതിലെ യാഥാർത്ഥ്യം എത്രമാത്രം ഉണ്ടെന്ന്. ആരുടെ പക്ഷത്താണ് എന്ന്. ജനപക്ഷം എന്ന പേര് പറയുകയും മാഫിയ സംഘങ്ങൾക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്ന രീതി ആർക്കും മനസ്സിലാവുന്നില്ല. വെറുതെ അങ്ങനെ തന്നെ നിങ്ങൾ കരുതി കൊള്ളുക. ഇലക്ഷൻ വരുമ്പോൾ അതിന് മറുപടി കിട്ടുന്നതാണ്. എന്തായാലും എല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്ന മുഖ്യമന്ത്രി തന്ത്രം കൊള്ളാം.