Criticism | കെ മുരളീധരനെ കെ സുരേന്ദ്രൻ പരിഹസിക്കുന്നത് കാലില്ലാത്തവൻ വിരൽ ഇല്ലാത്തവനെ കളിയാക്കുന്നത് പോലെയോ? മെട്രോമാനോട് ചെയ്തത്!

 
k surendran criticized over political prospects
k surendran criticized over political prospects

Image Credit: Facebook / K Surendran, K Muraleedharan

ബിജെപി യിൽ തന്നെ ജനിച്ചുവീണ സുരേന്ദ്രൻ ഇപ്പോഴും നിയമസഭാ കാണാൻ വിസിറ്റർ പാസ് എടുത്തു കയറേണ്ട അവസ്ഥയിൽ തന്നെയല്ലേ എന്ന് പറയുന്നവരും ഇവിടെയുണ്ട്

സോണി കല്ലറയ്ക്കൽ

 

(KVARTHA) കെ മുരളീധരൻ ബി.ജെ.പിയിൽ മൽസരിച്ചാൽ പോലും വിജയിക്കാവുന്ന നേതാവാണ്, പക്ഷേ, സുരേന്ദ്രൻ ബി.ജെ.പിയിൽ പോലും വിജയിക്കുന്നില്ലല്ലോ, ഇത് ഇപ്പോൾ ചോദിക്കുന്നത് ഇവിടുത്തെ പൊതുസമൂഹമാണ്. ബിജെപി യിൽ നിന്നും സുരേന്ദ്രൻ പോയില്ലെങ്കിൽ ഒരു പഞ്ചായത്ത് മെമ്പർ ആകാൻ പോലും ജീവിതത്തിൽ സാധിക്കില്ല, ബിജെപി യിൽ തന്നെ ജനിച്ചുവീണ സുരേന്ദ്രൻ ഇപ്പോഴും നിയമസഭാ കാണാൻ വിസിറ്റർ പാസ് എടുത്തു കയറേണ്ട അവസ്ഥയിൽ തന്നെയല്ലേ എന്ന് പറയുന്നവരും ഇവിടെയുണ്ട്. ഇതിനെല്ലാം കാരണം, ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ്റേതായി വന്ന ഒരു പ്രസ്താവനയാണ്. 

K Surendran Criticized Over Political Prospects

കെ മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്, ബിജെപിയിൽ അംഗത്വം എടുക്കാതെ മുരളീധരൻ നിയമസഭയിൽ കാല് കുത്തില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സുരേന്ദ്രൻ പറയുന്നതിങ്ങനെ: 'കേരള സർക്കാരിന്റെ ബ‌ജറ്റത്തിന് എതിരായ ആഖ്യാനത്തിന് പ്രതിപക്ഷം കുടപിടിക്കുകയാണ്. ഇത്രയും മണ്ടന്മാരായ യുഡിഎഫ് നേതാക്കൾ കേരളത്തിലുണ്ടായിട്ടില്ല. വി‍ ഡി സതീശന്റെ തലയിൽ കളിമണ്ണാണ് ഉളളത്. 

പിണറായിയുടെ തന്ത്രത്തിൽ സതീശനും കൂട്ടരും വീണു. ഭരണപക്ഷത്തിന്റെ ബി ടീമായി പ്രതിപക്ഷം മാറി. എൽഡിഎഫിന് വളംവച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. കെ മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. ബിജെപിയിൽ അംഗത്വം എടുക്കാതെ മുരളീധരൻ നിയമസഭയിൽ കാല് കുത്തില്ല. കോൺഗ്രസിൽ തട്ടാൻ പറ്റിയ പന്ത് മുരളീധരൻ മാത്രമാണ്. ചാണ്ടി ഉമ്മന്റെയും ഗതി ഇത് തന്നെയായിരുന്നു. ഇരുവരെയും പുകച്ച് പുറത്ത് ചാടിക്കാൻ കോണ്‍ഗ്രസിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ട്'

കാലില്ലാത്തവൻ വിരൽ ഇല്ലാത്തവനെ കളിയാക്കുന്നത് പോലെയുണ്ട് സുരേന്ദ്രന്റെ പ്രസ്താവന എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പരിഹസിച്ചത്. ഒന്നിലധികം തവണ എം.പിയും എംഎൽഎയും ഒക്കെ ആയാളാണ് കെ മുരളീധരൻ. കെ സുരേന്ദ്രൻ ആണെങ്കിൽ മത്സരിച്ച എല്ലാത്തിലും തോറ്റു തുന്നം പാടിയ ആളും. അദ്ദേഹമാണ് മുരളീധരനെ കളിയാക്കുന്നത്. മുരളി ബിജെപിയിൽ വരും എന്ന് നിങ്ങൾ സ്വപ്നം കാണുകയും വേണ്ട. ഇന്ത്യ മൊത്തം വലിയ ആദരവ് ഉണ്ടായിരുന്ന മലയാളികക്ക് തന്നെ വലിയ അഭിമാനം ആയിരുന്ന മെട്രോ മാൻ ശ്രീധരൻ എന്ന ഒരു മനുഷ്യനെ ഇതുപോലെ പ്രലോഭിപ്പിച്ചു വോട്ടു എണ്ണും മുൻപ് എംഎൽഎ ഓഫീസും തുറന്നു വെച്ച് അവസാനം വോട്ടു എണ്ണിയപ്പോൾ തോൽപ്പിച്ചു. അദ്ദേഹത്തെ മൂലക്കിരുത്തിയ ടീമാണ് ഇതൊക്കെ പറയുന്നത് എന്ന് ആരും കാണാതെ പോകരുത്. 

കെ മുരളീധരൻ ഏഴ് തവണ ജനവിധിയിലൂടെ എം.പി യും എം.എൽ.എ യും ഒക്കെ ആയി, നിങ്ങൾ ഒരു വാർഡ് മെമ്പർ ആയോ? എന്നിട്ട് വെറൂതെ എന്തിന് ഈ വിവരക്കേടുകൾ പറയുന്നു, താങ്കളുടെ  ഗണപതിവട്ടം എന്തായി, ഒരു മത്സരത്തിൽ പങ്കെടുക്കുമ്പോൾ, അവിടുത്തെ വികസനവും, അവിടുത്തെ മനുഷ്യരുടെ ജീവൽപ്രശ്നങ്ങൾ അല്ലെ സംസാരിക്കേണ്ടത്, സുരേഷ് ഗോപിയുടെ വിജയം കണ്ടിട്ടാണ് ഈ തുള്ളൽ എങ്കിൽ അത് വേണ്ട, അത് ഒരിക്കലും ഒരു ബിജെപി വോട്ട് ബാങ്ക് അല്ല, എന്നൊക്കെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങൾ.

സാമൂഹ്യ മാധ്യമത്തിൽ കണ്ട ശ്രദ്ധേയമായ ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു: 'കെ സുരേന്ദ്രൻ കേരളത്തിൽ കുറേ തവണ പരാജയപ്പെട്ടൊരാളാണ് . ഈ വിധം കുത്തിത്തിരിപ്പ് രാഷ്ട്രീയവുമായി മുന്നോട്ടു പോയാൽ ഇയാളൊരു പഞ്ചായത്തു മെമ്പർ പോലുമാവില്ല എന്നുറപ്പാണ്. കഴിഞ്ഞ ലോകസഭ തിരഞെടുപ്പിൽ ഈ നാട്ടിലെ മനുഷ്യർക്കിടയിലുണ്ടായ തെറ്റിദ്ധാരണയാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടാൻ കാരണം . അതാണെങ്കിലോ ഇവിടത്തെ മാധ്യമങ്ങൾ സൃഷ്ടിച്ച വലിയ പ്രതീതിയുടെ ഭാഗവുമാണ്. തെരെഞ്ഞെടുപ്പിനു ശേഷം അതിൽ വലിയ മാറ്റം വന്നു. അയോധ്യയും, ഹിന്ദുത്വവും ഒരു പരിധിവരെ കേരളത്തിൽ ഏശിയെന്നതു വാസ്തവമാണ്. 

എന്നാൽ തെരഞ്ഞെടുപ്പാനന്തരം മാധ്യമങ്ങളും കേന്ദ്ര സർക്കാരിന്റെ പി ആറും പ്രചരിപ്പിച്ച ധാരണകൾ ആകെ തകർന്നടിഞ്ഞു. അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിലും വടക്കേന്ത്യയിലാകമാനവും വലിയ തോതിൽ ജനങ്ങൾ ബി ജെ പിയെ കയ്യൊഴിഞ്ഞു. ഈ സർക്കാരിന്റെ ബജറ്റ് പോലും ബി ജെപിയുടെ നിസ്സഹായത തെളിയിക്കുന്നതാണ്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഒരു രാഷ്ട്രീയ വിജയമായി കാണാനാവില്ല. തൃശൂരിലെ ജനത ഒന്നടങ്കം സംഘപരിവാർ പക്ഷമായിരിക്കുന്നു എന്നല്ല ഇതിനർത്ഥം. നേമത്ത് ഒ രാജഗോപാൽ ജയിച്ചുവെങ്കിൽ അതേ ജനത തന്നെ അത് തിരുത്തിയിട്ടുണ്ട്, തൃശൂരും തിരുത്തും. 

ഏതാണ്ട് ഇടതുപക്ഷവോട്ടുകളും കോൺഗ്രസ് വോട്ടുകളും ഇക്കൂട്ടർക്ക് സമാഹരിക്കാനായെങ്കിൽ പോലും കോൺഗ്രസിൽ പ്രതാപൻ നേടിയ ഒരു ലക്ഷത്തിൽ പരം വോട്ടിൻ്റെ ചോർച്ച സംഭവിച്ചിട്ടുണ്ട്. അതിൽ രാഷ്ട്രീയമായ അന്തർധാരകളുണ്ടാവാം എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. തൃശൂരിലെ മത ന്യൂനപക്ഷങ്ങൾ വലിയ തോതിൽ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു, പ്രത്യേകിച്ച് ക്രിസ്തുമത വിശ്വാസികൾ. ന്യൂനപക്ഷ വിഭാഗം സുരേഷ് ഗോപിക്ക് വോട്ടു ചെയ്തു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഗൂരുവായൂർ ഉൾപ്പെടെ ന്യൂനപക്ഷ സ്വാധീനം ഉള്ള മണ്ഡലങ്ങളിലെ സുരേഷ് ഗോപിയുടെ മുന്നേറ്റം. 

മുസ്ലിം വിഭാഗത്തേയും ഇടതുപക്ഷത്തേയും ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ വലിയ തോതിൽ തെറ്റിദ്ധാരണ പരത്താൻ 2016 മുതൽ സംഘപരിവാർ വലിയ തോതിൽ ശ്രമമാരംഭിച്ചിട്ടുണ്ടായിരുന്നു . കൊറോണക്കാലത്തെ വീട്ടിലിരിപ്പ് ഏറ്റവും കൂടുതൽ വിദ്വേഷം പരത്താൻ ബിജെപി - സംഘപരിവാർ തിരഞ്ഞെടുത്ത സമയമായിരുന്നു. സോഷ്യൽ മീഡിയയിലെ പുതിയ പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസ് വിദ്വേഷ പ്രചാരണത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായിരുന്നു. വിദ്വേഷ പ്രചരണത്തിനായി ചില മാധ്യമങ്ങളും വഹിച്ച പങ്ക് വലുതാണ്.

മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ ഏറേ പ്രേക്ഷകരുള്ള മീഡിയ വൺ നടത്തിയ ഇടതുപക്ഷ വരുദ്ധത വലിയ തോതിൽ സഹായിച്ചത് സംഘപരിവാരിനേയാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. സംഘപരിവരിവാർ രാഷ്ട്രീയവും അതിന്റെ കാപട്യവും ജനങളെ ബോധ്യപ്പെടുത്താനായാൽ തിരിച്ചു വരാൻ കഴിയുന്ന പരജയമേ ഇന്ന് മതനിരപേക്ഷ പാർട്ടികൾക്കുണ്ടായിട്ടുള്ളൂ . ഇടതുപക്ഷം പ്രത്യേകിച്ച് സിപിഐ (എം ) അതിനുള്ള ശ്രമങ്ങൾ ഇപ്പോഴേ ആരംഭിച്ചു. ഇത് പൊതുസമൂഹത്തിൽ നിന്ന് സുരേന്ദ്രനുള്ള മറുപടിയാണ്. താങ്കൾ ആദ്യം ഒരു പഞ്ചായത്തിൽ എങ്കിലും ജയിച്ചു കാണിക്ക്. ജനങ്ങൾ അംഗീകരിച്ചു ജനപ്രതിനിധിയാകണമെങ്കിൽ അതിനും വേണം ഒരു കഴിവ്'

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia