K Sudhakaran | 'മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരനല്ലല്ലോ'; ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കെ സുധാകരന്‍
എരഞ്ഞോളി കൂടക്കളത്ത് ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ തേങ്ങപൊറുക്കാന്‍ പോയ വയോധികനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്
തലശേരി: (KVARTHA) കണ്ണൂര്‍ ജില്ലയിലെ എരഞ്ഞോളി കുടക്കളത്ത് ആളൊഴിഞ്ഞ പറമ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പരമാര്‍ശവുമായി കെ സുധാകരന്‍. എരഞ്ഞോളി കൂടക്കളത്ത് തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ കെപിസിസി അധ്യക്ഷനും കണ്ണൂരിലെ നിയുക്ത എംപിയുമായ കെ സുധാകരന്റെ പ്രസ്താവനയാണ് വിവാദമായത്. കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോൾ മരണത്തെ ഇകഴ്ത്തുന്ന വിധത്തില്‍ സുധാകരന്‍ പരാമര്‍ശം നടത്തിയെന്നാണ് ആക്ഷേപം.
വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് കെ സുധാകരന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നും സുധാകരന്‍ വ്യക്തമാക്കി. എരഞ്ഞോളി കൂടക്കളത്ത് ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ തേങ്ങപൊറുക്കാന്‍ പോയ വയോധികനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. എരഞ്ഞോളി കൂടക്കളം സ്വദേശി വേലായുധനാണ് (86) മരിച്ചത്.
വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങ പെറുക്കാന്‍ പോയതായിരുന്നു വേലായുധന്‍. പറമ്പില്‍ നിന്ന് കിട്ടിയ സ്റ്റീല്‍ വസ്തു വരാന്തയിലെ പടിയില്‍ ഇടിച്ചു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ എരഞ്ഞോളി പഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് അംഗവും നാട്ടുകാരും ചേര്‍ന്ന് തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സ്‌ഫോടനത്തില്‍ വലതു കൈ ചിന്നിച്ചിതറുകളും വയറിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.