Budget | പണപ്പെരുപ്പം, തൊഴിലില്ലായ്മ, കടം.. പ്രശ്നങ്ങൾ ഏറെ; കേന്ദ്ര ബജറ്റ് എങ്ങനെ കൈകാര്യം ചെയ്യും?

 
Budget
Budget

Image Credit: Pixabay/ Pexels

ഭക്ഷ്യവിലക്കയറ്റവും കുതിക്കുന്നു. തൊഴിലില്ലായ്മ 40 കൊല്ലത്തെ റെക്കോർഡ് നിരക്കില്‍

അര്‍ണവ് അനിത

ന്യൂഡല്‍ഹി: (KVRTHA) മോദി സര്‍ക്കാര്‍ (Modi Govt) മൂന്നാമൂഴത്തിലെ ആദ്യ സമ്പൂര്‍ണ കേന്ദ്ര ബജറ്റ് (Budget 2024) അവതരിപ്പിക്കുമ്പോള്‍ ഏവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇതുവരെ പിന്തുടര്‍ന്ന നയങ്ങളില്‍ മാറ്റമുണ്ടാകുമോ, പണപ്പെരുപ്പം (Inflation), തൊഴിലില്ലായ്മ (Unemployment), വിലക്കയറ്റം എന്നിവ എങ്ങനെ കൈകാര്യം ചെയ്യും തുടങ്ങിയ കാര്യങ്ങളാണ് ഏറെ പ്രധാനം. ചില മേഖലകളില്‍ മുന്‍ കാല സാമ്പത്തികനയങ്ങള്‍ പിന്തുടരുമെന്ന് തന്നെയാണ് സൂചന. 
 

Budget

അതേസമയം കൂട്ടുകക്ഷി സര്‍ക്കാരായതിനാല്‍ (Coalition government) ചിലകാര്യങ്ങളില്‍ വിട്ടുവീഴ്ചകളുണ്ടായിരിക്കും. കെട്ടിടങ്ങള്‍, വാഹനങ്ങള്‍, ഉപകരണങ്ങള്‍, ഭൂമി എന്നിവ വാങ്ങുന്നതിനും സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചെലവഴിക്കുന്ന വിഹിതം കുറയ്ക്കുമെന്ന് തോന്നുന്നില്ല. അതേസമയം നിര്‍ണായകമായ സാമൂഹ്യക്ഷേമ പരിപാടികള്‍ക്കായുള്ള ഗവണ്‍മെന്റ് ചെലവ് വര്‍ഷാവര്‍ഷം കുറയുകയാണ് എന്നതും ശ്രദ്ധേയം.

പണപ്പെരുപ്പം ഇടത്തരക്കാരെ കാര്യമായി ബാധിക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ബിജെപിയെ തഴയുകയും ചെയ്തു. ഉയര്‍ന്ന ഭക്ഷ്യ-വിലപ്പെരുപ്പവും തിരിച്ചടിയായി. അതുകൊണ്ട് ബജറ്റില്‍ ഇത് പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളുണ്ടായേക്കും. ഭക്ഷ്യവിലക്കയറ്റമാണ് ഇന്ത്യയിലെ പണപ്പെരുപ്പത്തിന്റെ പ്രാഥമിക ശക്തി. രാജ്യത്തെ ഉപഭോക്തൃ വില സൂചിക (CPI) 2023 മെയില്‍ 4.31 ശതമാനത്തില്‍ നിന്ന് 4.75 ശതമാനമായി ഉയര്‍ന്നു. 

ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (CFPI) 8.69 ശതമാനമാണ്, 2023 മെയില്‍ നിന്നുള്ള വര്‍ധനവ് 2.96 ശതമാനമാണ്. തക്കാളി (Tomato), ഉള്ളി (Onion), ഉരുളക്കിഴങ്ങ് (Potato) എന്നിവയുടെ വില വര്‍ധിച്ചത് ഉഷ്ണതരംഗവും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുള്ള തീവ്ര കാലാവസ്ഥയാണ്. ഉപഭോക്തൃ വില സൂചികയില്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പാല്‍ എന്നിവയുടെ വില മൊത്തം സൂചികയുടെ  45.86 ശതമാനമാണ്. വിദ്യാഭ്യാസം (Education), ആരോഗ്യ (Health) സംരക്ഷണം, യാത്ര തുടങ്ങിയ സേവനങ്ങള്‍ക്കായി 28.31 ശതമാനവും വീട്, വാടക, മെയിന്റനന്‍സ്, സേവനങ്ങള്‍ എന്നിവയുടെ ചെലവ് അടക്കം 10.07 ശതമാനവും. അതുകൊണ്ട് ഈ മൂന്ന് കാര്യങ്ങളിലും സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ അനിവാര്യമാണ്. ഇവ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ആക്ഷേപം.

കാര്‍ഷിക വിളകളുടെ (Agriculture Products) ആവര്‍ത്തിച്ചുള്ള കയറ്റുമതി (Export) നിരോധനവും ഇറക്കുമതിയും (Import) കര്‍ഷകരിലും വ്യാപാരികളിലും അവമതിപ്പുണ്ടാക്കി. റേഷന്‍ വിതരണത്തിനായി കരുതല്‍ ശേഖരം ഉപയോഗിച്ചു, അതേസമയം വൈവിധ്യമാര്‍ന്ന ഭക്ഷണ വിതരണത്തിനുള്ള കുറഞ്ഞ താങ്ങ് വില (MSP) സമ്പ്രദായത്തെ ദുരന്തമാക്കി. ഇത് കാര്‍ഷിക മേഖലകളില്‍ സര്‍ക്കാരിനെതിരായ ജനവികാരം സൃഷ്ടിക്കുന്നതിന് ഇടയാക്കിയെന്നും വിമർശനമുണ്ട്. എന്നാല്‍ ഇത്തവണ സഖ്യസര്‍ക്കാരായതിനാല്‍ നിലപാട് മാറ്റാതെ മോദിക്ക് മുന്നോട്ട് പോകാനൊക്കുമോ എന്ന് കാത്തിരുന്ന് കാണാം. 

ബീഹാറിലെയും (Bihar) ആന്ധ്രാപ്രദേശിലെയും (Andhra Pradesh) എന്‍ഡിഎ (NDA) സഖ്യകക്ഷികള്‍ തങ്ങളുടെ ആവശ്യങ്ങളും പ്രത്യേക പദവിയും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.  ഈ രണ്ട് സഖ്യകക്ഷികളുടെയും സാമ്പത്തിക ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ഭക്ഷ്യ സബ്സിഡി ബജറ്റായ 2.2 ട്രില്യണ്‍ രൂപയ്ക്ക് തുല്യമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കടം നിയന്ത്രിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്രം മുന്നോട്ട് പോകുമ്പോള്‍ സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് (PM) മേല്‍ സാമ്പത്തിക സമ്മര്‍ദം സൃഷ്ടിക്കും. ആന്ധ്രയും ബീഹാറും കൂടുതല്‍ വായ്പയെടുക്കാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്ന് ഉറപ്പാണ്. 

സംസ്ഥാനങ്ങള്‍ വായ്പയെടുക്കുന്നത് അവരുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്ന് ശതമാനമായി പരിമിതപ്പെടുത്തുന്നു.  ഒരു ശതമാനം കൂടി ബീഹാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശ് 0.5 ശതമാനവും.  ഗവണ്‍മെന്റിന്റെ കടവും കടമെടുക്കലും സാമ്പത്തികനില മോശമാക്കുന്ന രീതിയിലേക്ക് നീങ്ങുകയാണ്. ആഭ്യന്തര കടവും കോര്‍പ്പറേറ്റ് കടവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതേസമയം നിക്ഷേപങ്ങളും സമ്പാദ്യവും കുറവാണ്. ഇത് വരാനിരിക്കുന്ന ബജറ്റില്‍ പരിഹരിക്കപ്പെടുമോ എന്ന് കാത്തിരുന്ന് കാണാം.

തൊഴിലില്ലായ്മയാണ് സര്‍ക്കാരിന് മുന്നിലുള്ള മറ്റൊരു പ്രശ്‌നം. തൊഴില്‍ അധിഷ്ഠിത സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സമ്പദ്വ്യവസ്ഥയില്‍ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. ചെറുകിട തൊഴില്‍ മേഖലയെ മോദിസര്‍ക്കാര്‍ പത്ത് കൊല്ലമായി അവഗണിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.  ഹരിയാനയിലും യുപിയിലും തൊഴിലില്ലായ്മ രൂക്ഷമാണ്. തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് ഇത് ഗുണം ചെയ്തു.  

മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിലവിലുള്ള തൊഴില്‍ മേഖലകളിലെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും വ്യാവസായിക മേഖലയില്‍ നവീകരണം ആവശ്യമാണ്. സര്‍ക്കാരിന്റെ നിലവിലെ നയമനുസരിച്ച് അത് സാധ്യമല്ലതാനും. മെയ്ക്ക് ഇന്‍ ഇന്ത്യയും (Make In India) ഉല്‍പ്പാദനം ലക്ഷ്യമിട്ടുള്ള വളര്‍ച്ചയും പ്രവചിച്ച തൊഴില്‍ വളര്‍ച്ച നേടാനായില്ല. പകരം  സാമ്പത്തിക പ്രതിസന്ധിയിലായ ഒരു ഗവണ്‍മെന്റാണുള്ളത്. ഗ്രാമീണ ജനതയ്ക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (NREGA) വഴിയോ അതിന്റെ നഗര കേന്ദ്രീകൃത പതിപ്പ് വഴിയോ തൊഴില്‍-സുരക്ഷാ മേഖലകളില്‍ മതിയായ ഫണ്ട് അനുവദിക്കുന്നുമില്ല.

അതുകൊണ്ട് പണപ്പെരുപ്പം, പൊതുകടം, തൊഴിലില്ലായ്മ എന്നി പ്രശ്‌നങ്ങള്‍ മോദി സര്‍ക്കാര്‍ എങ്ങനെ അഭിമുഖീകരിക്കുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അഗ്നിവീര്‍ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ യുവജനത അതുകൊണ്ട് തൃപ്തരല്ല.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia