Jose K Mani | കോട്ടയത്ത് തോറ്റാലും ഇന്നും കേരളാ കോൺഗ്രസിൽ വലുത് ജോസ് കെ മാണിയുടെ വിഭാഗം തന്നെ
ഡോണൽ മുവാറ്റുപുഴ
(KVARTHA) കെ എം മാണി മരിച്ചതിനു ശേഷം അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന കേരളാ കോൺഗ്രസ് എം പാർട്ടി രണ്ടായി പിളരുന്നതാണ് കേരള രാഷ്ട്രീയം കണ്ടത്. ഒന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിലും മറ്റൊന്ന് പി.ജെ ജോസഫിൻ്റെ നേതൃത്വത്തിലും. പിളരുമ്പോൾ ഈ രണ്ട് കേരളാ കോൺഗ്രസുകളും യു.ഡി.എഫിൽ ആയിരുന്നു. പിന്നീട് യു.ഡി.എഫിനോട് തെറ്റി ജോസ് കെ മാണി വിഭാഗം എൽ.ഡി.എഫിലേയ്ക്ക് ചേക്കേറുകയായിരുന്നു. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയ്ക്ക് തുടർഭരണം കിട്ടിയതിന് പിന്നിൽ ജോസ് കെ മാണി വിഭാഗത്തിൻ്റെ സ്വാധീനവും വ്യക്തമായിരുന്നു. മധ്യകേരളത്തിലെ ബഹുഭൂരിപക്ഷം സീറ്റുകളും എൽ.ഡി.എഫിന് നേടാൻ കഴിഞ്ഞത് ജോസ് കെ മാണി എൽ.ഡി.എഫിൽ എത്തിയതുകൊണ്ടെന്ന വിലയിരുത്തലുകളും ഉണ്ടായി.
എൽ.ഡി.എഫും വലിയ പരിഗണന തന്നെ ജോസ് കെ മാണിയോടും കൂട്ടരോടും കാണിച്ചു എന്നതാണ് സത്യം. ജോസ് കെ മാണി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പാലായിൽ മത്സരിച്ചു തോറ്റെങ്കിലും രാജ്യസഭയിലൂടെ എം.പിയാക്കി കടത്തി വിടാനുള്ള മര്യാദയും എൽ.ഡി.എഫ് കാണിക്കുകയുണ്ടായി. കെ.എം.മാണി കേരളാ കോൺഗ്രസിൻ്റെ അമരത്തിരുന്നപ്പോൾ ഉണ്ടായ രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് നൽകുകയും ചെയ്തതോടെ കേരളാ കോൺഗ്രസിലെ വലിയ കേരളാ കോൺഗ്രസ് എന്ന ലേബലും ജോസ് കെ മാണിയ്ക്കും കൂട്ടർക്കും ലഭിച്ചു.
ഇപ്പോൾ ജോസ് കെ മാണിയും കൂട്ടരും ഇല്ലെങ്കിൽ എൽ.ഡി.എഫിന് നിലനിൽപ്പില്ലാത്ത അവസ്ഥ. എന്നാൽ വലിയൊരു ആത്മാർത്ഥത ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജോസ് കെ മാണിയോട് കാണിച്ചോ. അങ്ങനെയെങ്കിൽ കോട്ടയം ലോക് സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് വോട്ടുകൾ മുഴുവൻ എവിടെ പോയി? ഇതാർക്കും സ്വഭാവികമായി ഉണ്ടാവുന്ന സംശയമാണ്. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ ഭാഗമായി നിന്ന കേരള കോൺഗ്രസിന് യു.ഡി.എഫിന് സമ്മാനിച്ചതാണ് കോട്ടയം ലോക് സഭാ സീറ്റ്. ഇവിടം എന്ന് പറയുന്നത് കോൺഗ്രസിൻ്റെ വലിയ ശക്തികേന്ദ്രവും ആണ്.
ഈ ലോക് സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങൾ ഒഴിച്ച് ബാക്കിയുള്ള എല്ലാ നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫുകാരാണ് എം.എൽ.എമാർ. അതുകൊണ്ട് തന്നെ അന്ന് കേരളാ കോൺഗ്രസിൻ്റെ ഭാഗമായി യു.ഡി.എഫ് സ്ഥാനാർത്ഥിയായി വന്ന തോമസ് ചാഴികാടൻ വലിയ ഭൂരിപക്ഷത്തിൽ കോട്ടയം പാർലമെൻ്റിൽ നിന്ന് വിജയിക്കുക ആയിരുന്നു. ജോസ് കെ മാണി വിഭാഗം എൽ.ഡി.എഫിൽ എത്തിയ ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും ഇത് ജോസ് കെ മാണിയുടെ പാർട്ടിക്ക് നൽകുക ആയിരുന്നു. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസ് പിളർന്നപ്പോൾ ജോസ് കെ മാണിക്ക് ഒപ്പം പോയ തോമസ് ചാഴികാടന് തന്നെ ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കോട്ടയത്ത് മത്സരിക്കേണ്ടി വന്നു. ഫലമോ വൻ പരാജയവും.
കേരളാ കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗത്തിലെ കെ ഫ്രാൻസീസ് ജോർജ് ആണ് ചാഴികാടനെ തോൽപ്പിച്ച് വലിയ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിയായത്. ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് പരാമ്പരാഗതമായ സി.പി.എം, കേരളാ കോൺഗ്രസ് വോട്ടുകൾ എവിടെ പോയെന്നാണ്? ജോസ് കെ മാണിയെ ശരിക്കും ഇടതുമുന്നണി കാലു വാരിയോ എന്നാണ് പരിശോധിക്കേണ്ടത്. അല്ലെങ്കിൽ പാർട്ടി വോട്ടുകൾ എവിടെ പോയെന്ന് പരിശോധിക്കണം. ജോസ് കെ മാണിയുടെയും ഇടതുമുന്നണിയുടെയും വോട്ടുകൾ കൃത്യമായി ഇടതു സ്ഥാനാർത്ഥിക്ക് ലഭിച്ചെങ്കിൽ ഇവിടെ ഫ്രാൻസിസ് ജോർജ് അല്ല ചാഴിക്കാടൻ ആയിരുന്നു ജയിക്കേണ്ടത്.
കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽ.ഡി.എഫിൽ എത്തുന്നതിന് മുൻപ് നടന്ന 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച ഇപ്പോഴത്തെ മന്ത്രി വി.എൻ വാസവൻ മൂന്ന് ലക്ഷത്തിന് മുകളിൽ വോട്ട് പിടിച്ചതാണ്. ഇത്തവണ കേരളാ കോൺഗ്രസും എൽ.ഡി.എഫും ചേർന്ന് മത്സരിച്ച ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കേരളാ കോൺഗ്രസിലെ തോമസ് ചാഴികാടന് മൂന്ന് ലക്ഷം കടക്കാൻ പറ്റിയില്ലെന്നതാണ് സത്യം. അങ്ങനെ നോക്കുമ്പോൾ ഇക്കുറി ചാഴിക്കാടന് ലഭിച്ചത് സി.പി.എം വോട്ടുകൾ മാത്രമോ അതോ കേരളാ കോൺഗ്രസ് വോട്ടുകൾ മാത്രമോ, ഇതാണ് തർക്കം ആവുന്നത്.
കേരളാ കോൺഗ്രസിൻ്റെ ശക്തികേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലായും കടുത്തുരുത്തിയും ഏറ്റുമാനൂരും ഒക്കെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വലിയ മാർജിനിൽ പിന്നിലായതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പാലാ എന്നത് കെ.എം മാണിയുടെയും ജോസ് കെ മാണിയുടെയും തട്ടകം കൂടിയാണ്. ഇവിടെയൊക്കെ അവരുടെ സ്ഥാനാർത്ഥി പുറകിൽ പോവുകയായിരുന്നു. ഏറ്റുമാനൂരിൽ വളരെക്കാലം ചാഴിക്കാടൻ എം.എൽ.എ ആയിട്ട് ഇരുന്നിട്ട് ഉള്ളതുമാണ്. എങ്ങനെയൊക്കെ നോക്കുമ്പോൾ ശരിക്കും ഇവിടെ എന്താണ് സംഭവിച്ചതെന്ന് സംശയിച്ചു പോകുക സ്വഭാവികം.
ഒന്നുകിൽ ഇടതുമുന്നണി കേരളാ കോൺഗ്രസിനെ കാലുവാരിയെന്ന് ചിന്തിക്കണം. അതുമല്ലെങ്കിൽ പള്ളിയും അരമനയും ഒക്കെ ജോസഫിനെ ചേർത്ത് പിടിച്ചെന്ന് കരുതണം. എന്തായാലും വലിയ കേരള കോൺഗ്രസ് ഇനി ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് എന്നതിൽ തർക്കം വേണ്ട. മറ്റേ കേരളാ കോൺഗ്രസിലൊക്കെ നേതാക്കളെ ഉള്ളു, അണികൾ ഇല്ലെന്ന് വ്യക്തം. അവർക്കൊക്കെ വിജയിക്കണമെങ്കിൽ വലിയ പാർട്ടികളുടെ കാലു കഴുകണം.