CPM | സിപിഎം കേന്ദ്ര കമ്മിറ്റിയും തൊലിപ്പുറത്തുള്ള ചികിത്സയും; വീഴ്ചകൾ ജനങ്ങളിൽ നിന്നകന്നതോ?
ഇന്ത്യയിൽ കമ്യൂണിസ്റ്റ് ബ്ലോക്ക് തന്നെ വിരലിൽ എണ്ണാവുന്ന അംഗസംഖ്യയിലൊതുങ്ങിയത് സി.പി.എമ്മിനെ കുഴയ്ക്കുന്നുണ്ട്
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) പാർട്ടി നേതൃത്വം ജനങ്ങളിൽ നിന്നകന്നുവെന്നും ഇടതു ആശയങ്ങൾ ഉയർത്തി പിടിക്കുന്നതിലെ വീഴ്ചയാണ് ഇതിന് വഴിവെച്ചതെന്നുമുള്ള വിലയിരുത്തലോടെ പരാജയ കാരണങ്ങൾ വിലയിരുത്തിക്കൊണ്ടു സിപിഎം കേന്ദ്രകമ്മിറ്റി യോഗം സമാപിപ്പിച്ചപ്പോൾ ബാക്കിയാവുന്നത് നിരവധി ചോദ്യങ്ങൾ. ജനങ്ങൾ തങ്ങളെ വെറുക്കുന്നതായാണ് സി.പി.എം കേന്ദ്രകമ്മിറ്റി തന്നെ വിലയിരുത്തുന്നത്. ബംഗാൾ, ത്രിപുര, കേരളം എന്നിവടങ്ങളിൽ 2024ൽ ഏറ്റ ലോക് സഭാ തെരഞ്ഞെടുപ്പിലെ തോൽവി സമാനതയുള്ളതാണ്.
ബംഗാൾ പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ രണ്ടു ലക്ഷത്തിനടുത്ത് വോട്ടുകൾക്ക് തോറ്റു. പലയിടത്തും കെട്ടിവെച്ച കാശു പോലും ലഭിച്ചില്ല. ത്രിപുരയിലും ഇതു തന്നെയാണ് അവസ്ഥ. എന്നാൽ കേരളത്തിൽ ഒരിടത്തുംകെട്ടിവെച്ച കാശു നഷ്ടപ്പെട്ടില്ലെങ്കിലും ഉന്നത നേതാക്കൾ തോറ്റത് തിരിച്ചടിയായി. പാലക്കാട് പി.ബി അംഗം എ വിജയരാഘവനും, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എളമരം കരീം, കെ.കെ. ശൈലജ , തോമസ് ഐസക്ക് എന്നിവരും തോൽവിയുടെ രുചിയറിഞ്ഞു.
ഇന്ത്യയിൽ കമ്യൂണിസ്റ്റ് ബ്ലോക്ക് തന്നെ വിരലിൽ എണ്ണാവുന്ന അംഗസംഖ്യയിലൊതുങ്ങിയത് സി.പി.എമ്മിനെ കുഴയ്ക്കുന്നുണ്ട്. കോൺഗ്രസിൻ്റെ വൻ തിരിച്ചുവരവ് ഇടതുപാർട്ടികളുടെ സ്പേസ് കൂടി ഇല്ലാതാക്കി. തെരഞ്ഞെടുപ്പ് സഖ്യങ്ങൾ ഉണ്ടാക്കിയതിലെ വീഴ്ചകൾ അണികൾക്കുണ്ടായതല്ല, നേതൃത്വത്തിൻ്റെതാണ്. പാർട്ടി ആസ്ഥാനമായ ഡൽഹിയിൽ പോലും ആപ്പിൻ്റെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യേണ്ട അവസ്ഥ അഖിലേന്ത്യാ ജനറൽ സെക്രട്ടറിക്കുണ്ടായി.
ഈ അവസ്ഥയിൽ പാർട്ടി നേരിടുന്ന പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് മുകൾതട്ടിലാണെന്നു വ്യക്തം. ദേശീയ രാഷ്ട്രീയത്തിൽ സർവ ബഹുമാനവും നഷ്ടപ്പെട്ട അവസ്ഥയിലാണ് സി.പി.എം. ഇതു തിരിച്ചറിഞ്ഞു കൊണ്ട് പി.ബിയെയും കേന്ദ്ര കമ്മിറ്റിയെയും തിരുത്തേണ്ടതിനു പകരം കീഴ്ഘടകങ്ങളെ മാത്രം തിരുത്താനുള്ള രേഖ ഗുണം ചെയ്യുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന മുദ്രാവാക്യം ഇന്ത്യയിൽ ഇടതില്ലെന്ന ഐറണിയായി മാറിക്കൊണ്ടിരിക്കെയാണ് തൊലിപ്പുറത്തുള്ള രോഗ ചികിത്സയുമായി സി.പി.എം കേന്ദ്ര നേതൃത്വം രംഗത്തുവരുന്നത്.