Allegation | രാജാവ് നഗ്നനാണെന്ന് പറഞ്ഞ് കെ എം ഷാജി; 'കാഫിര്‍' വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നതെന്തിന്?

 
Allegation

Photo Credit: Facebook/ KM Shaji

പൊലീസ് ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന് പറയുന്നത്

സോണി കല്ലറയ്ക്കൽ

(KVARTHA) 'എട്ട് നിലയിൽ തന്നെ പാളി, അത്രയുള്ളൂ, ഇനി ഈ പണി ഇവിടെ നടത്താമെന്നും കരുതണ്ട, ഇതവസാനത്തെ ആയിരിക്കും, ഷാഫി പറമ്പിൽ ടീച്ചറെ തോൽപ്പിച്ചു വിട്ടു, സഖാക്കൾ ടീച്ചറെ നാറ്റിച്ചു വിട്ടു',  അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ട ചില ചില പ്രതികരണങ്ങളാണ് ഇത്. വിഷയം വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ട് തന്നെ. ഇതിനിടയിൽ കാഫിര്‍ സ്ക്രീൻഷോട്ട് പോസ്റ്റിന് പിന്നിൽ സിപിഎം ഗ്രൂപ്പുകളാണോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും പറയുന്നു. 

മുഖ്യമന്ത്രിടെ വാക്കുകൾ ഇങ്ങനെ: 'പോലീസ് റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടു. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ, അതുലഭിച്ചശേഷം ബാക്കി നോക്കാം'. അതേസമയം, വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, കാഫിർ പ്രചരണത്തിന് പിന്നില്‍ സി.പി.എം കോഴിക്കോട്  ജില്ലാ സെക്രട്ടറി പി. മോഹനനും കുടുംബവുമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷാജി അഭിപ്രായപ്പെട്ടു.  കേസ് സാധാരണക്കാരായ സി.പി.എം പ്രവർത്തകരുടെ തലയിൽ കെട്ടിവെയ്ക്കാണാണ് ശ്രമം. കെ.കെ.ശൈലജ അറിഞ്ഞല്ല പ്രചരണമെന്ന വാദം വിശ്വസിക്കുന്നില്ല എന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു. 

Allegation

കാഫിര്‍ സ്ക്രീൻഷോട്ട്  വിവാദത്തിൽ പോലീസ് ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന് പറയുന്നത്. പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക് പേജുകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് സ്കീന്‍ ഷോട്ട് ലഭിച്ചത്. റെഡ് ബെറ്റാലിയനെന്ന ഗ്രൂപ്പില്‍ അമല്‍ രാമചന്ദ്രന്‍ എന്ന ആളാണ് സന്ദേശമെത്തിച്ചത്. ഇയാൾക്ക് സ്ക്രീന്‍ ഷോട്ട് ലഭിച്ചത് റെഡ് എന്‍കൗണ്ടേഴ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ്. റിബീഷ് രാമകൃഷ്ണന്‍ എന്ന ആളാണ് സ്ക്രീന്‍ ഷോട്ട് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് റിബീഷ് വെളിപ്പെടുത്തിയില്ലെന്നും പൊലീസ് പറയുന്നു. 

റബീഷിന്‍റെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് വടകര എസ്എച്ച്ഒ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. 2024 ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റെഡ് എൻകൗണ്ടർ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

'ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടിയല്ല കമ്മ്യൂണിസ്റ്റുകാർ, ഇലക്ഷൻ സമയത്ത് നുണകൾ പറഞ്ഞും ജാതീയതയും വർഗീയതയും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിൽ എത്തുന്നതായിരുന്നു മെയിൻ പരിപാടി, ഇന്ന് സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് തെളിവ് സഹിതം പുറത്തുവരുന്നു, പണ്ട് കമ്പ്യൂട്ടറിനെതിരെയൊക്കെ സമരം ചെയ്തത് എന്തിനായിരുന്നു എന്ന് ഇപ്പം മനസ്സിലായില്ലേ. ഈ പണി ആണ് ഇവർ കെഎം ഷാജിക്ക് നേരെയും മുൻപ് അഴീക്കോട്  ഇറക്കിയത്. അത് വിജയിപ്പിക്കാനും അവർക്ക് പറ്റി. വടകരയിൽ ഇത്തവണ അതിനെ യുഡിഫ് പ്രവർത്തകർ പ്രതിരോധിച്ചതുകൊണ്ട് രക്ഷയായി. അതിനാൽ തന്നെ ഷാഫി പറമ്പിൽ ടീച്ചറെ തോൽപ്പിച്ചു വിട്ടു. സഖാക്കൾ ടീച്ചറെ നാറ്റിച്ചു വിട്ടു. അത്രയേയുള്ളൂ വ്യത്യാസം', സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രതികരിച്ചത് ഇങ്ങനെയാണ്.

ഒരു ഉപയോക്താവിന്റെ കമന്റും ശ്രദ്ധേയമായി. 'കേരളക്കരക്കും വടകരക്കാർക്കും പ്രത്യേകിച്ച് ആ പാട്ട് പാടിയ കുടുംബക്കാർക്കും നല്ലോണം അറിയാമായിരുന്നു സീസർ തോൽക്കുമെന്ന്. എങ്ങാനും ജയിച്ചാലോ എന്ന് കരുതി സീസർ തന്നെ ഏർപ്പാടാക്കിയ പരിപാടിയാണ് ഈ വിവാദങ്ങളൊക്കെ. സീസറമ്മയെ ഒഴിവാക്കാൻ ജയിക്കുകയല്ലാതെ വേറെ വഴി അവർക്ക് മുന്നിൽ ഇല്ലായിരുന്നു. ഇതേ കളരിയിൽ കളി പഠിച്ച ആളാണ് സീസറമ്മ, ജയിക്കാതിരിക്കാനുള്ള കളി സീസറും കളിച്ചു', ഇതായിരുന്നു ആ കമൻ്റ് . 

ടീച്ചറമ്മ കേരളത്തിൽ നിന്നാൽ ഭീഷണിയാകുമെന്ന് കരുതുന്നവരാണ് ഈ കളിക്ക് പിന്നിൽ എന്ന് ഈ കമൻ്റിൽ പറയാതെ പറയുന്നു. ടീച്ചറമ്മയ്ക്ക് ഇഷ്ടം ഇവിടെ നിന്ന് മുഖ്യമന്ത്രിയാകാനാണെന്ന് പറയുന്നവരുണ്ട്. ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചു വോട്ട് പിടിക്കാൻ ശ്രമിച്ച ആളുകൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണം. ഇത്തരം നെറികേടുകൾ ഒരു രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉണ്ടായിക്കൂടാ. 

എന്തായാലും രാജാവ് നഗ്നനാണെന്ന് പറയാൻ കെ എം ഷാജി തന്നെ വേണ്ടി വന്നു, ഈ വിഷയത്തിൽ എവിടെ കോൺഗ്രസ് എന്നു ചോദിക്കുന്നവരും കുറവല്ല. ഈ പ്രശ്നത്തെക്കുറിച്ച് കോൺഗ്രസ് എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് പ്രധാനമാണ്. കോൺഗ്രസ് ഈ വിഷയത്തിൽ മൗനം പാലിക്കുകയാണോ അതോ പ്രതികരിക്കുകയാണോ എന്നാണ് അവർ അറിയാൻ ആഗ്രഹിക്കുന്നത്. എന്തായാലും വിവാദത്തിൽ സിപിഎം പ്രതിരോധത്തിലായിട്ടുണ്ട്.

#KeralaPolitics, #IndianPolitics, #Controversy, #SocialMedia, #CPM, #MuslimLeague, #Vatakara

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia