Criticism | അഖിൽ മാരാർ ആയാലും ഇവിടുത്തെ സർക്കാർ ആയാലും ഈ അവസരത്തിൽ ഇതുപോലുള്ള പ്രവൃത്തികൾ വേണമായിരുന്നോ?
അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. പറഞ്ഞത് തെറ്റല്ല എന്ന് ചിലർ വിചാരിക്കുന്നുണ്ടാവും. അതാണ് ഇതുപോലെയുള്ള കേസുകൾ കൊണ്ട് ഉണ്ടാകുന്ന ഗുണം
സോണി കല്ലറയ്ക്കൽ
(KVARTHA) അഖിലിനെ തൂക്കി കൊല്ലുമായിരിക്കും. അതുപോലെ മാപ്പർഹിക്കാത്ത ക്രൂരകൃത്യം അല്ലേ അയാൾ ചെയ്തത്. വീട് നഷ്ടപ്പെട്ടവരിൽ മൂന്നു പേർക്ക് വീടു വച്ചു കൊടുക്കും എന്ന മഹാപാപമാണ് അയാൾ ചെയ്തത് . ഇങ്ങനെയാണ് ഇവിടുത്തെ ചിലർ ഇപ്പോൾ സർക്കാരിനെ നോക്കി പരിഹസിക്കുന്നത്. പറയാനുള്ള സ്വാതന്ത്ര്യം ഭരണഘടനയിൽ ഉറപ്പ് നൽകുന്ന കാര്യമാണ്. അതിന് എന്തിനാണ് ഇങ്ങനെയൊരു കേസ്. ഇത് സർക്കാരിന് ഗുണത്തേക്കാൾ ഏറെ ദേഷം ചെയ്യും. ഇങ്ങനെ കേസെടുക്കുന്നത് ജനങ്ങൾ കൂടുതൽ ചർച്ച ചെയ്യുമെന്നും ഉറപ്പാണ്.
ഇപ്പോൾ കേൾക്കുന്ന വാർത്തയെന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർക്കെതിരെ കേസെടുത്തു എന്നാണ്. വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നും പകരം താൻ വീടുകൾ വച്ചു നൽകുമെന്നുമായിരുന്നു അഖിലിന്‍റെ പോസ്റ്റ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം മുഖ്യമന്ത്രിയ്ക്കാണെന്ന് അഖിൽ ആരോപിച്ചിരുന്നു. തന്‍റെ പാർട്ടിക്കാരെ മാത്രമാണ് മുഖ്യമന്ത്രി മനുഷ്യരായി കാണുന്നതെന്നും അവർക്ക് മാത്രം അദ്ദേഹം ദൈവമാണെന്നും അഖിൽ പ്രതികരിച്ചിരുന്നു. അഖിൽ സ്വന്തമായി വീട് വെച്ച് കൊടുത്തോളാം എന്നു പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കുന്നതിനോട് താല്പര്യം ഇല്ല എന്നും പറയുന്നു. അതിൽ എവിടെയാണ് തെറ്റ്?
കഴിഞ്ഞ 2018ലെ പ്രളയ ഫണ്ട് എങ്ങനെയാണ് ചിലവഴിച്ചത് എന്ന് അറിയാൻ ജനങ്ങൾക്ക് താല്പര്യം ഇല്ലേ. ഇത് ഉത്തരകൊറിയ ഒന്നുമല്ല. ഇവിടെ പറയുന്നതുപോലെ മാത്രം പ്രവർത്തിക്കാൻ. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. അവിടെയുള്ള ഒരു സ്റ്റേറ്റ് മാത്രമാണ് കേരളം എന്ന് സർക്കാർ മനസ്സിലാക്കുക. പൊതുജനങ്ങളുടെ ഇടയിൽ സർക്കാരിനെ മോശമായി പൊതുജനങ്ങൾ തന്നെ വിലയിരുത്തും. ഒരാൾ വിമർശിച്ചാൽ ആ വിമർശനം കൊണ്ട് തകരുന്നതാണോ കേരളത്തിലെ ഈ മന്ത്രിസഭ. അതാണ് നമ്മൾ ഓർക്കേണ്ടത്.
അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. പറഞ്ഞത് തെറ്റല്ല എന്ന് ചിലർ വിചാരിക്കുന്നുണ്ടാവും. അതാണ് ഇതുപോലെയുള്ള കേസുകൾ കൊണ്ട് ഉണ്ടാകുന്ന ഗുണം. ഏത് കോടതിയിൽ പോയാലും കേസ് തള്ളി പോകും എന്നും ഏറെക്കുറെ ഉറപ്പായ കാര്യമാണ്. മുൻപ് ഇതുപോലുള്ള പല കാര്യങ്ങളിലും നാം കണ്ടിട്ടുള്ളതുമാണ്. പിന്നെ വെറുതെ ഒരു ചർച്ചയ്ക്ക് വഴിവെയ്ക്കാമെന്ന് മാത്രം. പക്ഷേ, കൂടുതൽ
മോശമാകുക കേരള സർക്കാർ തന്നെയാവും എന്ന് മനസ്സിലാക്കുക. ഇതിനെ വെറുതെ ഊതിപ്പെരുപ്പിച്ച് വലുതാക്കണമായിരുന്നോ എന്ന് സർക്കാർ തന്നെ ആലോചിക്കേണ്ട കാര്യമാണ്.
പിണറായി സർക്കാർ എത്രനാൾ ഇങ്ങനെ ഇതുപോലുള്ള കേസുമായി മുന്നോട്ട് പോകും.സ്വന്തംനിലക്ക് വീട് നിർമിച്ചു നൽകും എന്ന് പറഞ്ഞിതിനാണോ ഇയാൾക്ക് എതിരെ കേസെടുക്കുന്നത്. വൈറ്റ് ഗാർഡ് ഭക്ഷണം ദുരന്തമുഖത്ത് എത്തിച്ചു കൊടുത്തപ്പോൾ അവരോടും സർക്കാർ ചെയ്തത് ഇതുതന്നെ. ചെയ്യുന്നവരെ കൊണ്ട് ചെയ്യിക്കുകയുമില്ല, സ്വന്തം നിലക്ക് സർക്കാർ ഒന്നും ചെയ്യുകയും ഇല്ലെന്നാണ് ആക്ഷേപം. സർക്കാർ സംവിധാനത്തിൽ ഒരാൾക്ക് വിശ്വാസം ഇല്ല, അതുകൊണ്ട് മൂന്ന് വീട് വെച്ചുകൊടുക്കാം എന്ന് പറഞ്ഞു. ഇതിന്റെ പേരിലാണോ കേസ് അഖിൽ മാരാർക്ക് എതിരെ കേസ് എടുക്കുന്നത്. ശരിക്കും ഇത് പ്രഹസനം തന്നെ.
അഖിൽ മാരാർ ആരോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന കൊടുക്കരുതെന്ന് ആഹ്വാനം ചെയ്തിട്ടില്ല. അഥവാ ഇയാൾ അങ്ങനെ പോസ്റ്റിട്ടു എന്ന് തന്നെ കരുതിക്കോ. ചില ആൾക്കാരുടെ പോസ്റ്റിൽ തകരുന്നതാണോ ജനങ്ങളിൽ സർക്കാരിലുള്ള വിശ്വാസം എന്ന് ഇവിടുത്തെ ഭരണാധികാരികളാണ് വിലയിരുത്തേണ്ടത്. നല്ലത് ചെയ്താൽ എന്നും ഇവിടുത്തെ ജനം സർക്കാരിനൊപ്പം നിൽക്കും. അല്ലെങ്കിൽ തൂത്തെറിയും എന്നതിൽ സംശയം വേണ്ട. ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നവരുടെ നിലപാടുകൊണ്ട് തന്നെ അടുത്തതവണ സർക്കാരിൻ്റെ പാർട്ടിക്ക് വോട്ട് കുറയും അത്ര തന്നെ .
പിന്നെ പൊതുവായി ഒരു കാര്യംകൂടി ഓർമ്മപ്പെടുത്തുകയാണ്. ഈ അവസരത്തിൽ എല്ലാവരും ഒന്നിച്ച് കൈകോർക്കേണ്ട സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെപ്പറ്റിയൊക്കെ സോഷ്യൽ മീഡിയയിൽ വന്ന് അധിക്ഷേപിച്ച് കയ്യടി നേടാൻ ശ്രമിക്കുന്നത് വേണോയെന്ന് അഖിൽ മാരാരെപ്പോലുള്ള സെലിബ്രിറ്റികളും ഒന്ന് ചിന്തിക്കേണ്ടതാണ്. ഒരു വലിയ ദുരന്തമാണ് നമ്മുടെ കൺമുന്നിലൂടെ കടന്നുപോയത്. നിരവധി ആളുകളാണ് ആ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. മരിച്ചയാളുകളുടെ വേദന ഇതുവരെ വിട്ടുമാറിയിട്ടില്ല.
ഈ അവസരത്തിൽ ഇങ്ങനെ ഒരു പോസ്റ്റ് അനാവശ്യമല്ലേയെന്ന് അഖിലിനെപ്പോലുള്ളവർ വിലയിരുത്തേണ്ടതാണ്. നിങ്ങളുടെ പോസ്റ്റിനെതിരെ പൊതുസമൂഹത്തിൽ ഒരാൾ ഇട്ട പോസ്റ്റും
ശ്രദ്ധയിൽപ്പെടുത്തുന്നു. അത് ഇങ്ങനെയാണ്: 'സഹായം ചെയ്യാൻ താല്പര്യം ഉള്ളവർ അത് ചെയ്തോട്ടെ. യാതൊരു പ്രശ്നവുമില്ല.. അവർക്ക് വീട് വെച്ച് നൽകാം, വസ്ത്രങ്ങൾ നൽകാം, ഭക്ഷണം നൽകാം, പക്ഷേ ഇതൊന്നും അധികം നാൾ കാണില്ല. അവിടെ തകർന്നു പോയ റോഡുകൾ, പാലങ്ങൾ,സ്കൂളുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, തൊഴിലിടങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ ഇതെല്ലാം പുനർനിർമിക്കേണ്ടേ. ഇതൊക്കെ വേറെ ആരെങ്കിലും ചെയ്യോ.
ഈ ഒച്ചയും ബഹളവും തീരുമ്പോൾ ഇപ്പോഴത്തെ നന്മ മരങ്ങൾ എല്ലാം അവരുടെ പാട്ടിന് പോകും. അന്നേരം ഇക്കാര്യങ്ങൾ എല്ലാം ചെയ്യാൻ സർക്കാർ മാത്രമേ കാണൂ. അത് കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നമുക്ക് കഴിയാവുന്ന തരത്തിലുള്ള സംഭാവനകൾ നൽകാം. ഇത് ദുരന്തത്തിൽ പാടേ തകർന്നു പോയ നമ്മുടെ വയനാടിനെ പുനർ നിർമിക്കാൻ വേണ്ടിയാണ്. ദുരന്തമുഖത്ത് മറ്റൊരു ദുരന്തമായി മാറാതെ നമ്മളാൽ കഴിയുന്നത് അത് എത്ര ചെറുത് ആയാലും നമ്മുടെ നാടിനെ വീണ്ടെടുക്കാൻ വേണ്ടി അത് നമുക്ക് ചെയ്യാം'. ഇതാണ് ആ കമൻ്റ്. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് കേരള സർക്കാരിനോട് എതിർപ്പുള്ള ഒരുപക്ഷം ഇവിടെയുണ്ടെന്ന പോലെ അഖിൽ മാരാരുടെ പ്രവർത്തിയും ഇഷ്ടപ്പെടാത്ത ഒരു ജനത പൊതുസമൂഹത്തിൽ ഉണ്ടെന്നുള്ളതാണ്.