Political Shift | കേരള കോൺഗ്രസ് ബ്രി) യിൽ നിന്നും കൂട്ടരാജി; സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരിയുടെ നേതൃത്വത്തിലുള്ള വിഭാഗം മാണി ഗ്രൂപ്പിൽ ചേർന്നു
കേരള കോൺഗ്രസ് (ബി) യിലെ പ്രമുഖ നേതാക്കൾ ജോസ് ചെമ്പേരിയുടെ നേതൃത്വത്തിൽ മാണി ഗ്രൂപ്പിലേക്ക് ചേർന്നു.
കണ്ണൂർ:(KVARTHA) കേരളാ കോൺഗ്രസ് (ബി) യിൽ നിന്നും കൂട്ടരാജി. മന്ത്രി കെ.ബി ഗണേഷ് കുമാർ നേതൃത്വം നൽകുന്ന ബാലകൃഷ്ണൻ പിള്ള വിഭാഗത്തിൽ നിന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി ഉൾപ്പെടെയുള്ള നേതാക്കൾ രാജി വെച്ചത്. തങ്ങൾ കേരളാ കോൺഗ്രസ് (എം)ൽ (മാണി വിഭാഗം) ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജോസ് ചെമ്പേരി കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ ഭാരവാഹികളായ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻറ് പി.എസ്. ജോസഫ്, വൈസ് പ്രസിഡൻറ് കെ.കെ. രമേശൻ, ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് കോക്കാട്ട്, ജനറൽ സെക്രട്ടറി ഷോൺ അറക്കൽ, ജോയിച്ചൻ വേലിക്കകത്ത്, നിയോജമണ്ഡലം പ്രസിഡൻറുമാരായ അഡ്വ. ബിനോയ് തോമസ്, വി. ശശിധരൻ, പി.വി. തോമസ്, ജോയിച്ചൻ മണിമല, കർഷക യൂനിയൻ ജില്ലാ പ്രസിഡൻറ് പി.വി. ജോർജ്, യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി സായൂജ് പാട്ടത്തിൽ എന്നിവരാണ് ജോസ് ചെമ്പേരിയോടൊപ്പം പാർട്ടി വിട്ടതെന്ന് ജോസ് ചെമ്പേരി അറിയിച്ചു.
നിലവിൽ കേരളാ കോൺഗ്രസിലെ വലിയ വിഭാഗവും എൽ.ഡി.എഫിലെ മൂന്നാം കക്ഷിയുമായ കേരളാ കോൺഗ്രസ് (എം) (മാണി വിഭാഗം) സഹകരിച്ചു പ്രവർത്തിക്കാനാണ് തീരുമാനം. കർഷകരുടെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്നതിനായി കേരളാ കോൺഗ്രസിലെ നാലു പാർട്ടികളും ലയിക്കണമെന്ന് ജോസ് ചെമ്പേരി ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പ്രാദേശിക പാർട്ടി അണ്ണാദുരൈ രൂപീകരിച്ചതിനു ശേഷം സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായ ഡി.എം.കെ ആയി അത് മാറി. ഇതിനു സമാനമായി കേരളത്തിലും വളരാൻ സാധ്യതയുള്ള പാർട്ടിയായിരുന്നു കേരളാ കോൺഗ്രസ്.
ക്രൈസ്തവ, നായർ സമുദായങ്ങളുടെ പിൻതുണയുള്ള പാർട്ടി കേരളത്തിൽ ആറായി പിളർന്ന് ഇരു മുന്നണികളിൽ പ്രവർത്തിക്കുകയാണ്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട ഏറ്റവും വലിയ മാറ്റം പ്രാദേശിക കക്ഷികളുടെ തിരിച്ചുവരവാണ്. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കാനും താഴെയിറക്കാനും പ്രാദേശിക കക്ഷികൾക്ക് ഇന്ന് കഴിയും.
1964-ൽ രൂപം കൊണ്ട കേരളാ കോൺഗ്രസിന് സമാനമായാണ് ഉത്തരേന്ത്യയിൽ പല പ്രാദേശിക കക്ഷികളും രൂപം കൊണ്ടത്.
എന്നാൽ, ഉഗ്രപ്രതാപിയായ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന് മുൻപിൽ അത്തരം പാർട്ടികൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
കേരളാ കോൺഗ്രസ് നിലനിന്നത് അന്ന് പാർട്ടി ഉയർത്തിയ മുദ്രാവാക്യങ്ങളും ആശയങ്ങളും കാരണമാണെന്നും ജോസ് ചെമ്പേരി പറഞ്ഞു.