Votes | ആ അഞ്ചരലക്ഷം വോട്ടിനെന്ത് പറ്റി? തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരമില്ല, ഇതെന്ത് മറിമായം!

 
5.54 lakh Votes Discarded across India?
5.54 lakh Votes Discarded across India?


അസമിലെ കാരിംഗഞ്ചില്‍ 11,36,538 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെണ്ണിയപ്പോള്‍ 3,811 എണ്ണം കുറവായിരുന്നു

ആദിത്യന്‍ ആറന്മുള 

(KVARTHA) ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജന്‍സികളെയും തങ്ങളുടെ വരുത്തിക്ക് നിര്‍ത്തുന്നതിലും അവയെ ആയുധമാക്കുന്നതിലും നരേന്ദ്രമോദിയോളം കേമനായൊരു ഭരണാധികാരി രാജ്യത്തുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. രണ്ടാമൂഴത്തിലാണ് ഇത്തരത്തിലുള്ള അട്ടിമറികള്‍ക്ക് ആക്കംകൂട്ടിയതെന്നാണ് വിമർശനം. നട്ടെല്ലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോലും രാജിവെയ്‌ക്കേണ്ടിവന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍ അംഗമായ അശോക് ലാവാസ ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികരുടെ പേരില്‍ നരേന്ദ്രമോദി വോട്ട് ചോദിച്ചെന്ന പരാതിയില്‍. ആ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴുമുണ്ട്. 

നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനർ രാജീവ് കുമാറിനേക്കാള്‍ സീനിയറായ അശോക് ലാവാസ ആ സ്ഥാനത്തേക്ക് വന്നാല്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ഭയന്ന് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ പലവിധത്തിലും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. 'വഴങ്ങാതെ വന്നപ്പോള്‍ ബന്ധുക്കളുടെ അടക്കം വീടുകളിലും സ്ഥാപനങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ കയറിയിറങ്ങി. മാനസികമായ ഈ പീഡനം സഹിക്കാതെ അദ്ദേഹം രാജിവെച്ചു', പ്രതിപക്ഷം പറയുന്നു. പിന്നീട് വിദേശത്തേക്ക് പോയിരുന്നു. ഇത്രയും പറയാന്‍ കാരണം മുമ്പെങ്ങുമില്ലാത്തവിധം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയും വിശ്വാസ്യതയും ചോദ്യം ചെയ്ത ഒരു ഇലക്ഷന്‍ കടന്ന് പോയത് കൊണ്ടാണ്. പത്രികാ സമര്‍പ്പണം മുതല്‍ കമ്മീഷനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നു. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പക്ഷാപാതപരമായാണ് പെരുമാറുന്നതെന്നും ആക്ഷേപമുണ്ടായി. 

വാരാണസിയില്‍ മോദിക്കെതിരെ പത്രിക നല്‍കാനെത്തിയ ഹാസ്യതാരം ശ്യാം രംഗീലയെ ആദ്യം ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. പിന്നീട് വിവാദങ്ങളുണ്ടായപ്പോള്‍ പത്രിക നല്‍കാന്‍ അനുവദിച്ചു. മതിയായ കാരണം വ്യക്തമാക്കാതെ ശ്യാമിന്റെ പത്രിക ജില്ലാ വരണാധികാരി തള്ളി. ഒരു സ്റ്റാന്‍ഡപ്പ് കോമഡിയനെ പോലും ബിജെപി എന്തിനാണ് ഭയന്നത്. അതും അവരുടെ താരപ്രചാരകനായ മോദിയുടെ മണ്ഡലത്തില്‍. അതിനര്‍ത്ഥം ശക്തമായ അടിയൊഴുക്കുണ്ടാകുമെന്ന് ഭരണനേതൃത്വത്തിന് കൃത്യമായ വിവരം ലഭിച്ചെന്നല്ലേ മനസ്സിലാക്കേണ്ടത്. മത്സരിക്കാതെ ബിജെപി ജയിച്ച ഇന്‍ഡോറിലെ കാര്യം നോക്കാം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി ബിജെപി അംഗമാക്കി. അവിടെ സ്വതന്ത്രനായി ധര്‍മേന്ദ്രസിംഗ് ജ്വാല  എന്ന മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ പത്രിക നല്‍കിയിരുന്നു. ഇതറിഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ രണ്ട് തവണ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. 

വഴങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. പിന്നീട് അദ്ദേഹം ഫോണ് ഓഫ് ചെയ്തിരുന്നു. പിന്നീട് തന്റെ ചിഹ്നം ഏതാണെന്ന് അറിയാനായി കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് ഓഫീസില്‍ വിളിച്ചപ്പോള്‍ പത്രിക നിങ്ങള്‍ പിന്‍വലിച്ചതാണല്ലോ എന്നറിയിച്ചു. താനറിയാതെ എങ്ങനെ ഇത് സംഭവിച്ചെന്നറിയാന്‍ കളക്ടറേറ്റിലെ ഓഫീസില്‍ ചെന്നെങ്കിലും ആദ്യം കടത്തിവിട്ടില്ല. പിന്നീട് ഉദ്യോഗസ്ഥരെ കണ്ട് സംസാരിച്ചപ്പോള്‍ പത്രിക പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത് കാണിച്ചു. അതില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പാണ് ഇട്ടിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. പത്രിക തള്ളാനുള്ള അപേക്ഷ നല്‍കിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അതും കൊടുത്തില്ല. ബിജെപി എങ്ങനെയാണ് ജനവിധി അട്ടിമറിക്കാന്‍ നോക്കിയത് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്നും അതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നുമാണ് വിമർശനം.

2019ലെ ലോക്‌സഭാ ഇലക്ഷനില്‍ പല മണ്ഡലങ്ങളിലും മൊത്തം പോള്‍ ചെയ്ത വോട്ടുകളും അവിടങ്ങളില്‍  മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഓരോ പോളിംഗ് ബൂത്തിലും രേഖപ്പെടുത്തിയ വോട്ടുകളുടെ കൃത്യമായ കണക്ക് പൊതുമണ്ഡലത്തില്‍ പ്രസിദ്ധീകരിച്ചാല്‍ ഈ ആരോപണങ്ങള്‍ ഉയരില്ലായിരുന്നു. ഇതിനെതിരെ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതി ആ ഹര്‍ജി തള്ളിക്കളഞ്ഞു.  പ്രവര്‍ത്തനങ്ങളില്‍ സംശയമുള്ളത് കൊണ്ടാണല്ലോ പ്രതിപക്ഷ പാര്‍ട്ടികള്‍ പലതവണ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസില്‍ കയറിയിറങ്ങി ആശങ്ക രേഖപ്പെടുത്തിയത്. പൗരസമൂഹവും വിരമിച്ച ചില ജഡ്ജിമാരും വോട്ടെണ്ണല്‍ അട്ടിമറിക്കാനുള്ള ആശങ്കകള്‍ പങ്കുവെച്ചിരുന്നു. 

ഫലം പുറത്തുവന്നതിന് ശേഷം പുറത്തുവന്ന ചില കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ വീണ്ടും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. 362 ലോക്സഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (ഇവിഎം) പോള്‍ ചെയ്ത 5,54,598 വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ (ഇസിഐ) നശിപ്പിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി  ദ ക്വിന്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. 176 മണ്ഡലങ്ങളില്‍ 35,093 വോട്ടുകള്‍ കൂടുതലായി കണ്ടെത്തി. ഈ മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും വോട്ടെടുപ്പ് ദിവസം എണ്ണിയ സഖ്യയും  തമ്മില്‍ വ്യത്യാസമുണ്ട്. ഈ 362 മണ്ഡലങ്ങളില്‍ 267 എണ്ണത്തില്‍ 500ലധികം വോട്ടുകളുടെ വ്യത്യാസമുണ്ട്.

തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ മണ്ഡലത്തില്‍ 14,30,738 പേര്‍ ആകെ വോട്ട് ചെയ്‌തെന്നാണ്  തെരഞ്ഞെടുപ്പ് കമ്മിഷന്‍ മേയ് 25ന് അറിയിച്ചത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ 14,13,947 വോട്ടുകള്‍ മാത്രമാണ് ഇവിഎമ്മില്‍ രേഖപ്പെടുത്തിയതായി കണ്ടത്, അതാണ്  എണ്ണിയത്. 16,791 വോട്ടുകളുടെ കുറവുണ്ടായി. അസമിലെ കാരിംഗഞ്ചില്‍ 11,36,538 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെണ്ണിയപ്പോള്‍ 3,811 എണ്ണം കുറവായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കൃപാനാഥ് മല്ലാഹ് 18,360 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ ജയിച്ചു. കണക്കുകളിലെ പൊരുത്തക്കേടു സംബന്ധിച്ച്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ല. 

കമ്മീഷന്റെ നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ചു ചില വോട്ടുകള്‍ എണ്ണിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറയുന്നു. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് ഇവിഎം കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് മോക്ക് പോള്‍ കണക്കുകള്‍ പ്രിസൈഡിങ് ഓഫിസര്‍ നീക്കം ചെയ്യാന്‍ മറക്കുകയോ, വിവിപാറ്റില്‍ നിന്ന് മോക്ക് പോള്‍ സ്ലിപ്പുകള്‍ നീക്കം ചെയ്യാതിരിക്കുകയോ ചെയ്യുക, ഇവിഎമ്മില്‍ പോള്‍ ചെയ്ത മൊത്തം വോട്ടും പ്രിസൈഡിങ് ഓഫിസര്‍ തയ്യാറാക്കിയ ഫോം 17സിയിലെ വോട്ടുകളുടെ എണ്ണം പൊരുത്തപ്പെടാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍  ഇങ്ങനെ സംഭവിക്കാമെന്നും അദ്ദേഹം പറയുന്നു.

കണക്കുകളിലെ പൊരുത്തക്കേട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം നല്‍കണമെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സഹസ്ഥാപകന്‍ ജഗ്ദീപ് ചോക്കര്‍ ആവശ്യപ്പെട്ടു. ഇവിഎമ്മില്‍ പോള്‍ചെയ്ത വോട്ടുകള്‍ എണ്ണാതിരുന്നതിനും എണ്ണിയതിനും സമൂഹമാധ്യത്തിലൂടെ പൊതുവായ വിശദീകരണം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്. വാർത്താകുറിപ്പ് ഇറക്കാന്‍ പോലും തയ്യാറായില്ല. വ്യക്തമായ വിശദീകരണം നല്‍കണമെന്നും ഫോം സി പൊതുമണ്ഡലത്തില്‍ പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആര്‍ക്കും സംശയമില്ല, എന്നാല്‍ സുതാര്യവും ശക്തവുമായ സംവിധാനം വേണം അതാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതിന് തയ്യാറാകാത്തിടത്തോളം കാലം ജനങ്ങളില്‍ സംശയവും ആശങ്കയുമുണ്ടാകും. 

ഭരണാധികാരികള്‍ മാറി മാറി വരും കമ്മീഷനിലെ ഉദ്യോഗസ്ഥരും മാറും പക്ഷെ, നടപടിക്രമങ്ങളില്‍ സുതാര്യതയും സത്യസന്ധതയും വേണം. ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജനത്തിന് വിശ്വസ്യതയില്ലാതാകും. 140 കോടി ജനങ്ങളുള്ള ഇന്ത്യാ മഹാരാജ്യത്ത് ആകെ 70 കോടിയോളം പേരാണ് ഇത്തവണ വോട്ട് ചെയ്തതെന്ന് കമ്മീഷന്‍ തന്നെ പറയുന്നു. കൂടുതല്‍ പേരെ ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളാക്കാന്‍ കമ്മീഷന് കഴിഞ്ഞില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia