Appeal Update | പാരീസ് ഒളിമ്പിക്സ്: വിനേഷ് ഫോഗട്ടിന്റെ അപ്പീൽ വിധി പ്രഖ്യാപനം വീണ്ടും മാറ്റി
പാരിസ്: (KVARTHA) ലോസാങ്ങിലെ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി, ഒളിമ്പിക്സ് ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീൽ വിധി പ്രഖ്യാപനം വീണ്ടും മാറ്റി.
വെള്ളി മെഡൽ പങ്കിടണമെന്നാണ് വിനേഷിന്റെ ആവശ്യം. ഓഗസ്റ്റ് 16ന് വൈകീട്ട് ആറ് മണിയിലേക്ക് വിധി മാറ്റിയത്.
ഒളിമ്പിക്സ് തീരുന്നതിന് മുൻപ് വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ വിധി പറയുമെന്ന് വെള്ളിയാഴ്ച കോടതി അറിയിച്ചിരുന്നു. രാത്രിയോടെ വിധിയുണ്ടാകുമെന്ന അറിയിപ്പും വന്നിരുന്നു. എന്നാൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന ആർബിട്രേറ്റർ അനബെൽ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
മൂന്ന് മണിക്കൂർ നീണ്ട വാദത്തിൽ വിനേഷും പങ്കെടുത്തിരുന്നു. ഒളിമ്പിക്സിൽ 50 കിലോ ഗുസ്തിയിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്.
ഫൈനലിൽ ഇടംപിടിച്ച വിനേഷ് തുടർന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് വിനേഷിനായി ഹാജരായത്.
പാരിസ് ഒളിമ്പിക്സ് 126 മെഡലുമായി അമേരിക്കയ്ക്ക് സ്വന്തമായി. ഇന്ത്യക്ക് ആകെ ആറ് മെഡലുകളാണ് നേടാനായത്.