Historic | പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ മനു ഭാക്കര്‍ ആരാണ്? ഐതിഹാസിക ചരിത്രവുമെഴുതി! താരത്തെ അറിയാം
ദക്ഷിണ കൊറിയയിൽ നിന്നുള്ള താരങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 243.2 പോയിൻ്റുമായി ഓ യെ ജിൻ ഒന്നാം സ്ഥാനത്തും 241.3 പോയിൻ്റുമായി കിം യെജി രണ്ടാം സ്ഥാനത്തും എത്തി.
ന്യൂഡൽഹി: (KVARTHA) വെറും 24 വയസുള്ള മനു ഭാക്കർ, പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യത്തെ വെങ്കല മെഡൽ സമ്മാനിച്ചപ്പോൾ ഇന്ത്യ മുഴുവൻ ആഘോഷത്തിലായി. 10 മീറ്റർ എയർ പിസ്റ്റളിൽ അവർ കാഴ്ചവച്ച കൃത്യതയും ശാന്തതയും രാജ്യത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി. ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടമാണ് താരം സ്വന്തമാക്കിയത്. നേരത്തെ ഒളിമ്പിക്‌സിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്കായി മെഡൽ നേടിയത് പുരുഷ താരങ്ങളാണ്.
ആദ്യ രണ്ട് സ്റ്റേജുകള്‍ക്ക് ശേഷം എലിമിനേഷന്‍ സ്റ്റേജും കടന്നാണ് താരം മെഡല്‍ കരസ്ഥമാക്കിയത്. മത്സരത്തിൽ 221.7 പോയിന്റാണ് മനു നേടിയത്. ദക്ഷിണ കൊറിയയിൽ നിന്നുള്ള താരങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 243.2 പോയിൻ്റുമായി ഓ യെ ജിൻ ഒന്നാം സ്ഥാനത്തും 241.3 പോയിൻ്റുമായി കിം യെജി രണ്ടാം സ്ഥാനത്തും എത്തി.
സ്വപ്നം സഫലമായി
കഠിനാധ്വാനവും നിരന്തരമായ പരിശീലനവും കൊണ്ടാണ് മനുവിന്റെ ഈ വിജയം. ബാല്യകാലം മുതൽ തന്നെ ഷൂട്ടിംഗിൽ താൽപര്യം കാണിച്ച മനു, തന്റെ പിതാവ് രാം കിഷൻ ഭാക്കറിന്റെ പിന്തുണയോടെ ഈ മേഖലയിൽ മുന്നേറി. കായിക രംഗത്ത്, പ്രത്യേകിച്ച് ഒളിമ്പിക്സിൽ, ഹരിയാന രാജ്യത്തിന് മികച്ച ബോക്സർമാരെയും ഗുസ്തിക്കാരെയും സമ്മാനിച്ചിട്ടുണ്ട്. എന്നാൽ മനു ഭാക്കർ വ്യത്യസ്തയാണ്.
സ്കൂളിൽ ടെന്നിസ്, സ്കേറ്റിംഗ്, ബോക്സിംഗ് പോലുള്ള വിവിധ കായിക ഇനങ്ങൾ പരീക്ഷിച്ച ശേഷമാണ് ഷൂട്ടിങ്ങിനോട് താൽപ്പര്യം കാണിച്ചത്. കായിക രംഗത്തായിരുന്നു മനുവിന്റെ അഭിനിവേശം. കൂടാതെ 'താങ് ടാ' എന്ന ആയോധന കലയിലും അവർ മികവ് പുലർത്തി ദേശീയ തലത്തിൽ മെഡലുകൾ നേടിയിട്ടുണ്ട്.
ഷൂട്ടിങിലേക്കുള്ള വഴിത്തിരിവ്
2016 റിയോ ഒളിമ്പിക്സ് കഴിഞ്ഞയുടനെ, വെറും 14 വയസുപ്പോഴാണ് മനു ഭാക്കർ ഷൂട്ടിങ് പരീക്ഷിക്കാൻ തീരുമാനിച്ചത്. ഒന്നിലധികം കായിക ഇനങ്ങൾ പരീക്ഷിച്ചിട്ടുള്ള മനു ഭാക്കർ ഷൂട്ടിങ്ങിൽ ആകൃഷ്ടയായി. ദിവസങ്ങൾക്കുള്ളിൽ തന്നെ, പിസ്റ്റൾ വാങ്ങിക്കാൻ അവൾ പിതാവിനോട് ആവശ്യപ്പെട്ടു. മനുവിന്റെ സ്വപ്നങ്ങൾക്ക് എല്ലായ്പ്പോഴും പിന്തുണ നൽകിയ പിതാവ്, അധികം ചിന്തിക്കാതെ തന്നെ ഒരു തോക്ക് വാങ്ങിക്കൊടുത്തു. പിന്നീട് നടന്നത് ചരിത്രം.
കായിക മികവുകൾ
കൗമാര പ്രായം മുതൽ തന്നെ ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളിൽ മനു ത്രിവർണ പതാക ഉയർത്തിയിട്ടുണ്ട്. 2017 ലെ ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ, കായിക താരവും മുൻ ലോക ഒന്നാം നമ്പർ താരവുമായ ഹീന സിദ്ധുവിനെ തോൽപ്പിച്ചാണ് മനു ഭാക്കർ ശ്രദ്ധാകേന്ദ്രമായത്. 10 മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ 242.3 ന്റെ റെക്കോർഡ് സ്കോർ ആയിരുന്നു അവളുടെ ചരിത്രം തിരുത്തിയ നേട്ടം.
2017 ലെ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ മനു ഭാക്കർ, 2018-ൽ ഗ്വാഡലജാരയിൽ നടന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷൻ (ISSF) ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു. യോഗ്യതാ റൗണ്ടിൽ ജൂനിയർ ലോക റെക്കോർഡ് തകർത്ത് തന്റെ വരവറിയിച്ചു. വെറും 16 വയസുള്ളപ്പോൾ, ഐ.എസ്.എസ്.എഫ് ലോകകപ്പിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി മനു മാറി. 10 മീറ്റർ എയർ പിസ്റ്റളിൽ വ്യക്തിഗത, മിക്സഡ് ടീം ഇനങ്ങളിൽ തുടർച്ചയായി സ്വർണം നേടി തന്റെ കഴിവ് തെളിയിച്ചു.
2018 കോമൺവെൽത്ത് ഗെയിംസിൽ ഓസ്‌ട്രേലിയയിൽ വച്ച് മനു ഭാക്കർ ചരിത്രം സൃഷ്ടിച്ചു. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ പുതിയ ഗെയിംസ് റെക്കോർഡ് സ്ഥാപിച്ച് സ്വർണം നേടി. 2019 മ്യൂണിച്ച് ഐ.എസ്.എസ്.എഫ് ലോകകപ്പിൽ നാലാം സ്ഥാനം നേടി ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ മനു, 2021 ൽ നടന്ന ന്യൂഡൽഹി ഐ.എസ്.എസ്.എഫ് ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണവും വെള്ളിയും നേടി. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ ഉയർത്തി. എന്നാൽ യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയെങ്കിലും പിസ്റ്റൾ തകരാറായതിനാൽ മെഡൽ നേടാനായില്ല. ഈ നിരാശയ്ക്ക് ശേഷം പാരീസിൽ വിജയം വരിച്ച മനു ഭാക്കറിന്റെ കഥ ഇന്ത്യൻ കായിക ചരിത്രത്തിലെ അവിസ്മരണീയ അധ്യായം ആണ്.