Guard Faints | ആദരാഞ്ജലി അര്‍പിക്കുന്നതിടെ എലിസബത് രാജ്ഞിയുടെ ഭൗതികശരീരത്തിന് സമീപം റോയല്‍ ഗാര്‍ഡ് കുഴഞ്ഞുവീണു, വീഡിയോ
Sep 15, 2022, 13:05 IST
ലന്‍ഡന്‍: (www.kvartha.com) എലിസബത് രാജ്ഞിയുടെ ഭൗതികശരീരത്തിന് സമീപമുണ്ടായിരുന്ന റോയല്‍ ഗാര്‍ഡ് അംഗം കുഴഞ്ഞുവീണു. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ വച്ച് രാജ്ഞിക്ക് മറ്റുള്ളവര്‍ ആദരാഞ്ജലി അര്‍പിക്കുന്നതിടെയാണ് സംഭവം. ഉടന്‍ തന്നെ മറ്റു സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തി.
റോയല്‍ ഗാര്‍ഡ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരണാനന്തര ചടങ്ങിന്റെ തത്സമയ സംപ്രേഷണം കുറച്ചുസമയത്തേക്ക് തടസപ്പെട്ടു. ഇതിന്റെ വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച സ്‌കോട്ലന്‍ഡിലെ ബാല്‍മോറല്‍ കാസിലില്‍ അന്തരിച്ച രാജ്ഞിയുടെ മൃതദേഹം ബുധനാഴ്ചയാണ് ലന്‍ഡനിലെ വെസ്റ്റ്മിന്‍സ്റ്ററിലെത്തിച്ചത്. രാജ്ഞിയുടെ മൂത്തമകന്‍ ചാള്‍സ് മൂന്നാമന്‍ രാജാവും മക്കളായ വില്യമും ഹാരിയും രാജ്ഞിയുടെ മകള്‍ ആനും വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലേക്കുള്ള 1.6 കിലോമീറ്റര്‍ദൂരം കാല്‍നടയായി മൃതദേഹത്തെ അനുഗമിച്ചു.
19നാണ് സംസ്‌കാരം. വിന്‍സര്‍ കൊട്ടാരത്തിലെ ജോര്‍ജ് ആറാമന്‍ സ്മാരകചാപ്പലില്‍ ഭര്‍ത്താവ് ഫിലിപ് രാജകുമാരനും മാതാപിതാക്കള്‍ക്കും സഹോദരി മാര്‍ഗരറ്റ് റോസിനുമടുത്താകും രാജ്ഞിയുടെ അന്ത്യവിശ്രമം. രാജ്ഞി മരിച്ചശേഷം സമീപത്തു സംസ്‌കരിക്കണമെന്ന ആഗ്രഹപ്രകാരം ഫിലിപ്പ് രാജകുമാരന്റെ മൃതദേഹം ഇവിടെ പ്രത്യേക അറയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ഫിലിപ് അന്തരിച്ചത്.
തിങ്കളാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന എലിസബത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിച്ചിട്ടുണ്ടെന്നും മൂന്നുദിവസത്തേക്ക് അവര്‍ ലന്‍ഡനിലേക്ക് പോകുമെന്നും വിദേശകാര്യമന്ത്രാലയം ബുധനാഴ്ച അറിയിച്ചു. മുര്‍മുവുള്‍പെടെ 500 ലോകനേതാക്കള്‍ക്കാണ് സംസ്‌കാരച്ചടങ്ങിലേക്ക് ക്ഷണം.
ഞായറാഴ്ച രാവിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തി മുര്‍മു മൃതദേഹത്തില്‍ അന്തിമോപചാരമര്‍പിക്കും. ഇന്‍ഡ്യാ സര്‍കാരിനുവേണ്ടിയുള്ള അനുശോചനസന്ദേശവുമറിയിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.