മുതിര്‍ന്ന മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനും മുന്‍ കേന്ദ്ര ഫിഷറീസ് കമിഷണറുമായ എം കെ രവീന്ദ്രന്‍ നായര്‍ അന്തരിച്ചു

 


കൊച്ചി: (www.kvartha.com 28.09.2021) മുതിര്‍ന്ന മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനും ദീര്‍ഘകാലം (2000 മുതല്‍ 2010 വരെ) ഡെല്‍ഹിയില്‍ കേന്ദ്ര സര്‍കാരില്‍ ഫിഷറീസ് കമിഷണറും, ഡയറക്ടര്‍ ജനറല്‍ ഫിഷറീസ് സര്‍വേ ഓഫ് ഇന്‍ഡ്യ, ആയും പ്രവര്‍ത്തിച്ച എം കെ രവീന്ദ്രന്‍ നായര്‍ അന്തരിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇദ്ദേഹം കേന്ദ്ര ഫിഷറീസ് കമിഷണര്‍ ആയിരിക്കെയാണ് തലായി, കൊയിലാണ്ടി, നീണ്ടകര തുടങ്ങിയ ഫിഷിംഗ് ഹാര്‍ബറുകള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍കാരില്‍ സ്വാധീനം ചെലുത്തിയത്.

മുതിര്‍ന്ന മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനും മുന്‍ കേന്ദ്ര ഫിഷറീസ് കമിഷണറുമായ എം കെ രവീന്ദ്രന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട് ഉള്ളിയേരിയിലെ പരേതനായ കെ വി ഗോവിന്ദന്‍ നായരുടെയും നാരായണി അമ്മ ടീചെറുടെ യും മൂത്ത മകനായി 1949 ആഗസ്റ്റ് അഞ്ചിന് ജനിച്ച രവീന്ദ്രന്‍ നായര്‍ ഗുരുവായൂരപ്പന്‍ കോളജ്, എസ് എച് കോളജ് തേവര എന്നിവിടങ്ങളില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

തുടര്‍ന്ന് റഷ്യയിലെ യൂനിവേഴ്‌സിറ്റി ഓഫ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്, യൂനിവേഴ്‌സിറ്റി ഓഫ് അസ്ട്രാഖാന്‍, ഇന്‍ഗ്ലന്‍ഡിലെ യൂനിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ നിന്ന് വിദഗ്ധ പരിശീലനത്തില്‍ ബിരുദവും അംഗീകാരവും കരസ്ഥമാക്കി.

1992 മുതല്‍ 2000 വരെ കൊച്ചിയില്‍ കേന്ദ്ര സര്‍കാര്‍ ഫിഷറീസ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരിക്കെ 1998 ല്‍ നാലു മാസം നീണ്ടു നിന്ന സാഹസികമായ ഇന്‍ഡ്യന്‍ അന്റാര്‍ടിക് എക്‌സ്‌പെഡിഷന്‍ നയിച്ചു. കൂടാതെ രാജ്യത്തെ മത്സ്യ ബന്ധന മേഖലയിലെ നിരവധി നയപരമായ ചുവട് വെപ്പുകളില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. സംസ്‌കൃതത്തില്‍ അഗാധമായ പാണ്ഡിത്യവും ഉണ്ടായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വാസകോശ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഒരാഴ്ചയായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിക്കുകയും ചെയ്തു. സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉള്ളിയേരിയില്‍ നടന്നു.

ഭാര്യ: പരേതയായ സുമതി ആര്‍ നായര്‍.
മക്കള്‍: സൂരജ് ആര്‍ നായര്‍ ( സീനിയര്‍ സിസ്റ്റംസ് മാനേജര്‍, കിലേഹ),രാഹുല്‍ ആര്‍ നായര്‍ (ഇന്‍ഡ്യന്‍ പൊലീസ് സെര്‍വീസ്),

മരുമക്കള്‍: ഡോ. പി കെ മല്ലിക, ലക്ഷ്മി കൃഷണന്‍

സഹോദരങ്ങള്‍: സരോജിനി അമ്മ, പ്രഭാകരന്‍ നായര്‍, അരവിന്ദാക്ഷന്‍ നായര്‍.

Keywords:  MK Raveendran Nair, Senior Fisheries Scientist and Former Central Fisheries Commissioner passes away, Kochi, News, Dead, Obituary, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia