കണ്ണൂരില്‍ നിര്‍മാണത്തിനിടെ വീടിന്റെ ബീം തകര്‍ന്ന് വീണ് 2 തൊഴിലാളികള്‍ മരിച്ചു
Apr 5, 2022, 16:53 IST
കണ്ണൂര്‍ (ചക്കരക്കല്‍): (www.kvartha.com 05.04.2022) ചക്കരക്കല്ലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് ബീം തകര്‍ന്നുവീണ് നിര്‍മാണ തൊഴിലാളികളായ രണ്ടുപേര്‍ മരിച്ചു. ആറ്റടപ്പ സ്വദേശി കൃഷ്ണന്, പുല്ലൂപ്പിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്.
ചക്കരക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ആറ്റടപ്പയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഒന്നാം നിലയിലെ ബീം തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ അതിനടിയില്‍പ്പെടുകയായിരുന്നു.
തകര്‍ന്നുവീണ ബീമിനടിയില്‍ കുടുങ്ങിയ തൊഴിലാളികളെ വിവരമറിഞ്ഞെത്തിയ ചക്കരക്കല്‍ പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് യന്ത്രസഹായത്തില് പുറത്തെടുത്തു. ഉടന്‍തന്നെ രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരന്‍ ഉള്‍പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും മറ്റുനിരവധി പേര് സ്ഥലത്തെത്തി.
കോണ്‍ക്രീറ്റ് ചെയ്ത ബീമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ ചക്കരക്കല്‍ സി ഐ സത്യനാഥന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ജില്ലയില്‍ കാട്ടാമ്പള്ളിയില്‍ ബീം തകര്‍ന്നുവീണെങ്കിലും തലനാരിഴയ്ക്ക് അപകടമൊഴിവായിരുന്നു. വീടിന്റെ മുന്‍വശത്തെ ബീമാണ് തകര്‍ന്ന് വീണത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.