മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് യൂറോളജി സെന്റര്‍ ഉടമയും ഐഎംഎ വനിതാവിഭാഗം സ്ഥാപക ചെയര്‍പേഴ്‌സണുമായ ഡോ. പി എ ലളിത അന്തരിച്ചു

 


കോഴിക്കോട്: (www.kvartha.com 12.04.2020) മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് യൂറോളജി സെന്റര്‍ ഉടമയും ഐഎംഎ വനിതാവിഭാഗം സ്ഥാപക ചെയര്‍പേഴ്‌സണുമായ പ്രമുഖ ഡോക്ടര്‍ ഡോ. പി എ ലളിത (69) അന്തരിച്ചു. ക്യാന്‍സറിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ സാമൂഹ്യപ്രവര്‍ത്തകയാണ്. ആലപ്പുഴ ചേര്‍ത്തലയില്‍ ടെലഫോണ്‍ ഇന്‍സ്‌പെക്ടറായിരുന്ന അയ്യാവു ആചാരിയുടെയും രാജമ്മയുടെയും മകളായി 1951ല്‍ ജനനം. യൂറോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് വിദഗ്ധനുമായ ഡോ. വി എന്‍ മണിയുടെ ഭാര്യയാണ്.

ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ്. നടക്കാവ് ക്രോസ് റോഡിലെ അമ്പിളി എന്ന വീട്ടിലായിരുന്നു താമസം. ഡോക്ടര്‍ എന്നതിന് ഉപരി സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്നു പി എ ലളിത. അസുഖബാധിതയായിരുന്നപ്പോഴും സാമൂഹികപ്രവര്‍ത്തനരംഗത്ത് അവര്‍ സജീവമായിരുന്നു.

മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് യൂറോളജി സെന്റര്‍ ഉടമയും ഐഎംഎ വനിതാവിഭാഗം സ്ഥാപക ചെയര്‍പേഴ്‌സണുമായ ഡോ. പി എ ലളിത അന്തരിച്ചു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വനിത വിഭാഗത്തിന്റെ സ്ഥാപക ചെയര്‍പേഴ്‌സനാണ്. ഐ എം എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ്, സെക്രട്ടറി, ഐ എം എ ദേശീയ വനിത വിഭാഗത്തിന്റെ സ്ഥിരം സമിതി അംഗം, അബലാമന്ദിരത്തിന്റെ ഉപദേശക സമിതി ചെയര്‍പേഴ്‌സണ്‍, ജുവനൈല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം, മെര്‍ക്കൈന്റല്‍ ബാങ്ക് ഡയറക്ടര്‍, കുട്ടികളുടെ ക്യാന്‍സര്‍ ചികിത്സ സഹായസംഘടനയായ സ്‌കാര്‍പിന്റെ പ്രസിഡന്റ്, നമ്മുടെ ആരോഗ്യം മാസികയുടെ ഉപദേശക സമിതി അംഗം, ഇന്ത്യാവിഷന്‍ ചാനല്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പറേഷന്റെ ജാഗ്രതാ സമിതി അംഗമാണ്. ചിത്രാഞ്ജലി ആര്‍ട്‌സ് ആന്‍ഡ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്റെ ചെയര്‍പഴ്‌സണുമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം അവാര്‍ഡ്, 2006ല്‍ ഐഎംഎയുടെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം, ഐഎംഎ വനിതാവിഭാഗം 2014 ലെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ അവാര്‍ഡ്, ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് ഫൗണ്ടേഷന്റെ പ്രസാദ് ഭൂഷണ്‍ അവാര്‍ഡ്, 2012 ലെ മികച്ച ഡോക്ടര്‍ക്കുള്ള കാലിക്കറ്റ് ലയണ്‍സ് ക്ലബ് അവാര്‍ഡ്, മാനവ സംസ്‌കൃതി കേന്ദ്ര അവാര്‍ഡ്, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, 2015 ല്‍ ഡോ.പല്‍പ്പു സ്മാരക പുരസ്‌കാരം തുടങ്ങിയ അനേകം പുരസ്‌കാരങ്ങള്‍ ഡോ.ലളിതയെ തേടിയെത്തി.

മനസിലെ കൈയ്യൊപ്പ്, മരുന്നുകള്‍ക്കപ്പുറം, പറയാനുണ്ടേറെ, മുഖങ്ങള്‍ അഭിമുഖങ്ങള്‍, കൗമാരം അറിയേണ്ടതെല്ലാം തുടങ്ങിവയാണ് ഡോ.ലളിത രചിച്ച പ്രധാന പുസ്തകങ്ങള്‍. ഏക മകള്‍ ഡോ. മിലി മണി (മലബാര്‍ ആശുപത്രി എംഡി), മരുമകന്‍ ഡോ. കോളിന്‍ ജോസഫ്. മലബാര്‍ ആശുപത്രിയിലുള്ള മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നടക്കാവിലെ വീട്ടിലേക്ക് കൊണ്ടുപോവും. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ പൊതുദര്‍ശനം ഉണ്ടായിരിക്കില്ല. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും.

Keywords:  Dr P A Lalitha passes away, Kozhikode, News, Health & Fitness, Health, Obituary, Dead, Hospital, Treatment, Cancer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia