പി ടി തോമസ് എംഎല്‍എയുടെ സംസ്‌ക്കാരം വ്യാഴാഴ്ച വൈകിട്ട് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടക്കുമെന്ന് വി ഡി സതീശന്‍

 


കൊച്ചി: (www.kvartha.com 22.12.2021) അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എംഎല്‍എയുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വെല്ലൂര്‍ സിഎംസിയില്‍ നിന്ന് ബുധനാഴ്ച വൈകിട്ട് മൃതദേഹവുമായി പുറപ്പെടുന്ന വാഹനം അര്‍ധരാത്രിയോടെ ഇടുക്കിയില്‍ എത്തിച്ചേരും. തുടര്‍ന്ന് രാവിലെ ആറു മണിക്ക് പാലാരിവട്ടത്തെ വസതിയില്‍ അടുത്ത ബന്ധുക്കള്‍ക്കും സമീപവാസികള്‍ക്കുമായി പൊതുദര്‍ശനത്തിനു വയ്ക്കും.

രാവിലെ ഏഴു മണിക്കു ശേഷം പാലരിവട്ടത്തു നിന്നു തമ്മനം വഴി ഡിസിസി ഓഫിസില്‍ എത്തിച്ച് പാര്‍ടി പ്രവര്‍ത്തര്‍ക്കും സഹ പ്രവര്‍ത്തകര്‍ക്കുമായി പൊതുദര്‍ശനത്തിനു വയ്ക്കും. എട്ടരയോടെ എറണാകുളം നോര്‍ത് ടൗണ്‍ ഹാളില്‍ എത്തിക്കുന്ന മൃതദേഹത്തില്‍ എല്ലാ പൊതു സമൂഹത്തിനും അന്തിമോപചാരം അര്‍പിക്കാം. രാഹുല്‍ ഗാന്ധി ഇവിടെ വച്ചായിരിക്കും അന്തിമോപചാരം അര്‍പിക്കുക എന്നും സതീശന്‍ പറഞ്ഞു.

തുടര്‍ന്ന് ഒന്നരയ്ക്ക് പി ടി തോമസിന്റെ നിയോജകമണ്ഡലമായ തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ എത്തിക്കും. അഞ്ചു മണിക്ക് അവിടെ നിന്ന് എടുത്ത് അഞ്ചരയോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. എംഎല്‍എയുടെ അന്ത്യാഭിലാഷം അനുസരിച്ചാണ് രവിപുരത്ത് സംസ്‌കാരം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അന്ത്യോപചാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ കഴിഞ്ഞ നവംബര്‍ 22ന് പി ടി തോമസ് ഒരു കുറിപ്പ് എഴുതിവച്ചിരുന്നു. ഇതുപ്രകാരം കൊച്ചി രവിപുരം പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. ചിതാഭസ്മത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ അമ്മയുടെ മൃതദേഹം സംസ്‌കരിച്ചിട്ടുള്ള ഉപ്പുതോടിലെ ശവക്കല്ലറയില്‍ സംസ്‌കരിക്കും.

തന്റെ മൃതദേഹത്തില്‍ റീത്തു വയ്ക്കരുത് എന്നും അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്. വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ചന്ദ്രകളഭം ചാര്‍ത്തിയ എന്ന സംഗീതം ചെറിയ ശബ്ദത്തില്‍ വച്ചു കേള്‍ക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

പി ടി തോമസ് എംഎല്‍എയുടെ സംസ്‌ക്കാരം വ്യാഴാഴ്ച വൈകിട്ട് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടക്കുമെന്ന് വി ഡി സതീശന്‍


ചിതാഭസ്മം ഉപ്പുതോടിലുള്ള അമ്മയുടെ കല്ലറയ്ക്കുള്ളില്‍ നിക്ഷേപിക്കണമെന്നും അമ്മയോടൊപ്പം ഉറങ്ങണമെന്നും ആഗ്രഹം എഴുതിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി ആലോചിച്ചാണ് അദ്ദേഹം ആഗ്രഹിച്ചതു പോലെ അന്ത്യ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Keywords:  Burial of PT Thomas MLA on Thursday evening at Kochi Ravipuram Cemetery; VD Satheesan, Kochi, News, Dead Body, Obituary, Family, Investment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia