Found Dead | അറസ്റ്റിലായ കന്നട നടന്‍ ദര്‍ശന്റെ മാനേജര്‍ ഫാം ഹൗസില്‍ മരിച്ച നിലയില്‍


'ഒറ്റപ്പെടല്‍ കാരണം ജീവനൊടുക്കുന്നു' എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
'പ്രിയപ്പെട്ടവരെ ഈ കേസില്‍നിന്ന് ഒഴിവാക്കണം'.
വീഡിയോ സന്ദേശവും പൊലീസിന് ലഭിച്ചു.
ബെംഗ്‌ളൂറു: (KVARTHA) കൊലപാതക കേസില്‍ അറസ്റ്റിലായ കന്നട നടന്‍ ദര്‍ശന്‍ തൊഗുദീപയുടെ മാനേജര്‍ ശ്രീധറിനെ (39) മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗ്‌ളൂറു റൂറലിലെ ആനേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബഗ്ഗനദൊഡിയിലുള്ള നടന്റെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ സ്വയം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
'ഒറ്റപ്പെടല്‍ കാരണം താന്‍ ജീവനൊടുക്കുന്നു' എന്നെഴുതിയ കുറിപ്പ് കണ്ടെടുത്തതായി ആനേക്കല്‍ പൊലീസ് പറഞ്ഞു. തന്റെ പ്രിയപ്പെട്ടവരെ ഈ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ശ്രീധര്‍ പറയുന്ന വീഡിയോ സന്ദേശവും പൊലീസിന് ലഭിച്ചു. സംഭവത്തിന് പിന്നാലെ, ദര്‍ശന്‍ ഉള്‍പെട്ട കൊലപാതക കേസുമായി ശ്രീധറിന്റെ മരണത്തിന് ബന്ധമുണ്ടോയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സമൂഹമാധ്യമ അകൗണ്ടുകളിലൂടെ അശ്ലീല സന്ദേശമയച്ച് അപമാനിച്ച ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ദര്‍ശന്‍ അറസ്റ്റിലായത്. ബെംഗ്‌ളൂറു സുമനഹള്ളി പാലത്തിന് സമീപത്തെ മലിനജല കനാലില്‍ നിന്നാണ് രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതക കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പവിത്രയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.