സൗമ്യക്കുപിന്നാലെ ലിജിയും ഓര്‍മയായി

 


സൗമ്യക്കുപിന്നാലെ ലിജിയും ഓര്‍മയായി
തിരുവനന്തപുരം:  ഗോവിന്ദച്ചാമി എന്ന നരാധമന്റെ പിന്‍ഗാമികളുടെ വിളയാട്ടംകണ്ട് സംസ്‌ക്കാര കേരളം നടുങ്ങുന്നു. സൗമ്യയെ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ കടന്നുപിടിച്ച് കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തള്ളിതാഴെയിട്ട് മൃതപ്രായയായ ശരീരത്തിനുമേല്‍ തന്റെ കാമദാഹം തീര്‍ത്ത ഗോവിന്ദച്ചാമിക്ക് പിന്മുറക്കാരനായിവന്നത് തിരുവനന്തപുരത്തെ ഒരു യുവാവ്.

വര്‍ക്കലയില്‍നിന്നും ഇന്നലെ ഉച്ചയോടെ പുറത്തുവന്ന വാര്‍ത്ത മറ്റൊരു ഗോവിന്ദച്ചാമിയുടെതായിരുന്നു. ഈ നരാധമന്റെ പീഡനത്തിനിരയായത് വര്‍ക്കല മുണ്ടയില്‍ പഴവിള വീട്ടില്‍ ജയന്റെയും ലീനയുടെയും മകള്‍ ലിജിയാണ്. 19 കാരിയായ ഈ യുവതി പീഡനശ്രമം ചെറുത്തപ്പോഴാണ് കാമഭ്രാന്തന്‍ ബൈക്ക് കയറ്റി നിഷ്‌ക്കരുണം കൊന്നത്. തലക്ക് ഗുരുതരമായ അടിയേറ്റ് ലിജി ഒമ്പത് ദിവസം മരണവുമായി മല്ലടിച്ചാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞത്.

ജൂണ്‍ 15ന് വൈകിട്ട് 6.45നാണ് നിഷ്ഠൂര സംഭവം നടന്നത്. വര്‍ക്കലമൈതാനത്തെ ഫാന്‍സിക്കടയില്‍ ജീവനക്കാരിയായിരുന്നു ലിജി. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ പിന്നാലെ ബൈക്കിലെത്തിയ യുവാവ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. കുതറിമാറിയ ലിജി തൊട്ടടുത്ത വീട്ടില്‍ അഭയംതേടി. കുറച്ചുനേരം കഴിഞ്ഞ് അക്രമി പിന്മാറി എന്നുകരുതി ലിജി റോഡിലിറങ്ങി. തിടുക്കത്തില്‍ വീട്ടിലേക് മടങ്ങുമ്പോഴാണ് അതേ ആള്‍ ബൈക്കിലെത്തി ലിജിയെ ഇടിച്ചുവീഴ്ത്തി കടന്നുപിടിക്കാന്‍ ശ്രമിച്ചത്. നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടുമ്പോഴേക്കും അക്രമി സ്ഥലംവിട്ടിരുന്നു.

തലക്ക് ഗുരുതരമായി ക്ഷതമേറ്റ ലിജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് മരിച്ചത്. എന്നാല്‍ കേരളത്തെ നടുക്കിയ ഈ സംഭവത്തില്‍ ലിജിയുടെ അന്തകനായി ബൈക്കിലേറിവന്ന യുവാവിനെ കണ്ടെത്താന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഇതില്‍ പ്രതിഷേദിച്ച് നാട്ടുകാരും ബന്ധുക്കളും യുവതിയുടെ മൃതദേഹവുമെടുത്ത് വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഉപരോദിച്ചു.

അതിനിടെ ലിജിയുടെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വന്നിരുന്നു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഫോണിന്റെ അങ്ങേത്തലക്കലുള്ളയാള്‍ ലിജിയുടെ അക്കൗണ്ട് നമ്പറില്‍ പണം നിക്ഷേപിക്കാം എന്ന് വാഗ്ദാനം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഈ വിവരം പോലീസില്‍ അറിയിച്ചിട്ടും ഫലമില്ലെന്നും അവര്‍ ആരോപിച്ചു.

ലിജിയുടെ മൃതദേഹം നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

Key words:  Soumya, Liji, Train, Murder, Kerala  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia